20111031

മാമ്മലശ്ശേരി പള്ളിയില്‍ സംഘര്‍ഷം; കുര്‍ബാന മുടങ്ങി


പിറവം: വീതംവേണമെന്നാവശ്യപെട്ടു് വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗം അഴിച്ചുവിട്ട സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് കണ്ടനാടു് ഈസ്റ്റ് ഭദ്രാസനത്തിലെ മാമലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയില്‍ ഒക്ടോ 30 ഞായറാഴ്ച കുര്‍ബാന മുടങ്ങി.

സഭാവഴക്കിനെത്തുടര്‍ന്ന് കോടതി നിയമിച്ച റിസീവറാണ് 1974 മുതല്‍ പിറവം മാമലശേരി മാര്‍ മിഖായേല്‍ പള്ളി ഭരിക്കുന്നത്. ഓര്‍ത്തഡോക്സ് സഭയുടെ വൈദീകര്‍ ആത്മീയഭരണവും നടത്തുന്നു. വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗത്തിനു് വീതമൊന്നുമില്ല. ഒന്നരവര്‍‍ഷമായി വികാരിയുടെ സഹായിയായി കര്‍‍മങ്ങളില്‍ പങ്കെടുത്തുവരുന്ന ഫാ. പോള്‍ മത്തായിയെ സഹവൈദീകനായി നിയമിച്ചുകൊണ്ടുള്ള കല്പന ഒക്ടോ 23 ഞായറാഴ്ച കുര്‍ബാന മദ്ധ്യേ പതിവുപോലെ വായിച്ചതാണു് പ്രകോപനകാരണം. വികാരി ചിറക്കുടക്കുന്നേല്‍ ജോണ്‍ കോര്‍ എപ്പിസ്കോപ്പ, സഹവൈദീകന്‍ ഫാ. ജോര്‍ജ് വെമ്പനാട്ട് എന്നിവര്‍ക്കു് പുറമെയാണു് ഫാ. പോള്‍ മത്തായിയുടെ നിയമനം.

നിലവിലുള്ള വൈദീകരായ ചിറക്കടക്കുന്നേല്‍ ജോണ്‍ കോറെപ്പിസ്‌കോപ്പ, ഫാ. ജോര്‍ജ് വെമ്പനാട്ട് എന്നിവര്‍ക്കു് പുറമേ മൂന്നാമതൊരു വൈദികനെക്കൂടി നിയമിക്കാന്‍ ഓര്‍ത്തഡോക്‌സ്‌ സഭ ശ്രമിക്കുകയാണെന്നാണ് വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാപക്ഷത്തിന്റെ ആരോപണം. ഞായറാഴ്ച രാവിലെ മദ്ബഹയില്‍ ഫാ. പോള്‍ മത്തായിയുടെ കാര്‍മികത്വത്തില്‍ കു‍ര്‍ബാനയ്ക്ക് ഒരുക്കം തുടങ്ങിയതോടെ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗത്തിന്റെ കുരിശുപള്ളി വികാരി ഫാ. വര്‍ഗീസ് പുല്യട്ടെല്‍ പള്ളിയകത്ത് കടന്ന് ഫാ. പോള്‍ മത്തായിയെ തടയാന്‍ ശ്രമിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായതിനെ തുടര്‍ന്ന് സിഐയുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗത്തെ പുറത്താക്കി. വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗം ചെറുത്തുനില്ക്കു‌കയും മറുപക്ഷം തടയാനൊരുങ്ങുകയും ചെയ്തതോടെ പോലീസ് ബലംപ്രയോഗിച്ച് അവരെ പുറത്താക്കുകയായിരുന്നു. വിമത യാക്കോബായ പക്ഷത്തെ ഒട്ടേറെപ്പേര്‍ക്ക് അടിയേറ്റതായി പറയുന്നുണ്ടെങ്കിലും ആരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ല.

പള്ളിക്കകത്തു്നിന്നും പുറത്താക്കിയതിനെത്തുടര്‍ന്ന് യാക്കോബായവിഭാഗം പള്ളിയുടെ താഴെയുള്ള കുരിശിന്‍ തൊട്ടിയില്‍ കുരിശടിയില്‍ ഒത്തുകൂടി വീതം ലഭിക്കണമെന്നാവശ്യപെട്ടു് പ്രാര്‍ഥനായജ്ഞം നടത്തി. വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗത്തിന്റെ മാത്യൂസ്‌ മാര്‍ ഈവാനിയോസ് മെത്രാന്‍ പ്രാര്‍ഥനാ യജ്ഞം നടന്ന കുരിശു പള്ളിയില്‍ എത്തി. പള്ളിയില്‍ ആരാധന നടത്തുവാന്‍ അവസരം ലഭിച്ചില്ലങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോവുമെന്ന് അദ്ദേഹം പറഞ്ഞു

വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗത്തെ അനുനയിപ്പിയ്ക്കാനായി കുര്‍ബാന തുടങ്ങുന്നതുവരെ കാത്തുനില്ക്കാതെ ഓര്‍ത്തഡോക്‌സ് പക്ഷത്തേയും പള്ളിയില്‍നിന്നും പുറത്താക്കി പോലീസ് പൂമുഖത്തും പരിസരങ്ങളിലുമായി നിലയുറപ്പിച്ചു. പുത്തന്‍കുരിശ് സി ഐ ബിജു കെ. സ്റ്റീഫന്റെ നേതൃത്വത്തില്‍ വന്‍ പോലീസ്‌സംഘം രാവിലെ തന്നെ പള്ളിയിലെത്തിയിരുന്നു.


ഒക്ടോ. 31-നു് മുവാറ്റുപുഴ ആര്‍ ഡി ഓ യുടെ മുന്‍പാകെ ഇരുക്കൂട്ടരെയും ചര്‍ച്ചയ്ക്കു് വിളിച്ചുവെങ്കിലും വിമത യാക്കോബായ വിഭാഗം ചെന്നില്ല. നവം. 1, 2-ലെ പരുമലത്തിരുമേനിയുടെ പെരുന്നാള്‍ ചിറക്കടക്കുന്നേല്‍ ജോണ്‍ കോറെപ്പിസ്‌കോപ്പയും ഫാ. ജോര്‍ജ് വെമ്പനാട്ടും നയിയ്ക്കണമെന്നാണു് ആര്‍ ഡി ഓ ചര്‍ച്ചയുടെ തീരുമാനം.


‘സംഘര്‍ഷം വ്യാപിപ്പിക്കാനുള്ള ശ്രമം തടയണം’

കോട്ടയം: കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലെ മാമലശേരി മാര്‍ മിഖായേല്‍ പള്ളിയില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിയ്ക്കാന്‍ തുടങ്ങിയ ഫാ. പോള്‍ മത്തായിയെയും ശുശ്രൂഷകരെയും കൈയേറ്റം ചെയ്തതിലും കുര്‍ബ്ബാന മുടക്കിച്ചതിലും കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. തോമസ് മാര്‍ അത്താനാസിയോസും സഭാ വൈദിക ട്രസ്റ്റി ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ടും പ്രതിഷേധിച്ചു.

വിമത യാക്കോബായ വിഭാഗത്തിലെ ചിലരുടെ ഈ നടപടി അംഗീകരിക്കാനാവില്ല. സംഘര്‍ഷം വ്യാപിപ്പിച്ച് അനധികൃതമായി പള്ളികളില്‍ അധികാരം സ്ഥാപിക്കാനുള്ള നീക്കം തടയാനും നീതിനടപ്പാക്കുന്നതിനും കേരള സര്‍ക്കാര്‍ തയ്യാറാകണം--അവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.