20111031

ടി. എം. ജേക്കബ് പ്രഗത്ഭനായ പാര്‍ലമെന്റേറിയന്‍-പരിശുദ്ധ ബാവാ

പാമ്പാക്കുട, ഒക്ടോ. 31: സമര്‍ത്ഥനായ സംഘാടകനും വസ്തുതകള്‍ കാര്യക്ഷമതയോടെ വിശകലനം ചെയ്ത് അവതരിപ്പിക്കുന്നതില്‍ പ്രഗത്ഭനുമായിരുന്നു അന്തരിച്ച പൊതുവിതരണ വകുപ്പ് മന്ത്രി ടി. എം. ജേക്കബ് എന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭാ പരമാദ്ധ്യക്ഷന്‍ പൗരസ്ത്യ കാതോലിക്കാ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവാ അനുസ്മരിച്ചു.

ഓര്‍ത്തഡോക്സ് സഭയ്ക്കുവേണ്ടി കണ്ടനാട് വെസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്താ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് പുഷ്പചക്രം സമര്‍പ്പിച്ചു. വൈദിക ട്രസ്റ്റി ഡോ. ജോണ്‍സ് അബ്രഹാം കോനാട്ടും ഒപ്പമുണ്ടായിരുന്നു.

കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിന്റെ ഡോ. തോമസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തയും വാളിയപ്പാടത്തെ വീട്ടിലെത്തി ധൂപപ്രാര്‍ത്ഥന നടത്തി.

ഒക്ടോ. 30 ഞായറാഴ്ച രാത്രി പത്തരക്ക് കൊച്ചിയിലെ ലേക്ഷോര്‍ ആശുപത്രിയിലായിരുന്നു സംസ്ഥാന ഭക്ഷ്യ -സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ടി.എം ജേക്കബിന്റെ അന്ത്യം. 61 വയസായിരുന്നു. രക്തത്തില്‍ സോഡിയത്തിന്റെ അംശം കുറഞ്ഞതിനെത്തുടര്‍ന്ന് ഒക്ടോ. 10 മുതല്‍ ലേക്ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

1950 സെപ്തംബര്‍ 16ന് ടി.എസ് മാത്യുവിന്റെയും അന്നമ്മ മാത്യുവിന്റെയും മകനായി ജനിച്ച ജേക്കബ് സംസ്ഥാന നിയമസഭയില്‍ പിറവം മണ്ഡലത്തെയാണ് പ്രതിനിധീകരിച്ചത്.

കേരള കോണ്‍ഗ്രസ് വിദ്യാര്‍ഥി വിഭാഗമായ കെ.എസ്.സിയിലൂടെയാണ് ടി.എം ജേക്കബ് പൊതുരംഗത്ത് എത്തുന്നത്. കെ.എസ്.സി സംസ്ഥാന പ്രസിഡന്റ്, യുവജന വിഭാഗമായ കെ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ്, കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എന്നീ നിലകളിലൂടെ വളരുകയും പിന്നീട് കേരള കോണ്‍ഗ്രസില്‍ സ്വന്തം വിഭാഗത്തിന്റെ തലവനാവുകയും ചെയ്ത ടി.എം ജേക്കബ് ഇടക്കാലത്ത് കെ. കരുണാകരന്‍ രൂപവത്കരിച്ച ഡി.ഐ.സിയിലുമെത്തി. ഡി.ഐ.സിയുടെ ഭാഗമായിരിക്കെയാണ് 2006ല്‍ യു.ഡി.എഫ് പിന്തുണയോടെ ജനവിധി തേടിയത്. ഈ കളംമാറ്റം വോട്ടര്മാര്‍ അംഗീകരിച്ചില്ല. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ആദ്യമായി പരാജയത്തിന്റെ കയ്പറിഞ്ഞത് അന്നാണ്.
1977 പിറവത്തുനിന്ന് കന്നി വിജയം നേടിയ ജേക്കബ് 2006വരെ തുടര്‍ച്ചയായി നിയമസഭാംഗമായിരുന്നു. 1982 മുതല്‍ 87വരെ കരുണാകര മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയും '91 മുതല്‍ 95വരെ കരുണാകര മന്ത്രിസഭയില്‍ ജലസേചന-സാംസ്കാരിക മന്ത്രിയും '95-96 കാലത്ത് എ.കെ ആന്റണി മന്ത്രിസഭയില്‍ ജലസേചന മന്ത്രിയും 2001മുതല്‍ 2004വരെ എ.കെ ആന്റണി മന്ത്രിസഭയില്‍ ജലവിഭവ മന്ത്രിയുമായി. ഡി.ഐ.സിയുടെ ഭാഗമായിരിക്കെ 2006-ല്‍ പിറവത്തുനിന്ന് പരാജയപ്പെട്ട ടി.എം ജേക്കബ് 2011ല്‍ പിറവത്തുനിന്ന് വിജയിക്കുകയും ചെയ്തു. 'എന്റെ ചൈനാ പര്യടനം' എന്ന കൃതിയും രചിച്ചിട്ടുണ്ട്.

കടുത്ത പാത്രിയര്‍ക്കീസ് കക്ഷിക്കാരനായിരുന്ന ജേക്കബ് അവസാനകാലത്തു് അവരുമായി അത്ര അടുപ്പത്തിലായിരുന്നില്ല. 2006-ലും 2011-ലും മല്‍സരിച്ചപ്പോള്‍ പാത്രിയര്‍ക്കീസ് കക്ഷിയുടെ പിന്തുണയുണ്ടായില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.