20111004

കോലഞ്ചേരി പള്ളിത്തര്‍ക്കം: ഒക്ടോ.6നും 11 നും വീണ്ടും ചര്‍ച്ച





തിരുവനന്തപുരം: കോലഞ്ചേരി പള്ളിത്തര്‍ക്കം പരിഹരിക്കുന്നതിനു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെയും മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെയും പ്രതിനിധികളുമായി മന്ത്രിസഭാ ഉപസമിതി ഒക്ടോ.3നു് വൈകിട്ടു് പ്രാഥമിക ചര്‍ച്ച നടത്തി. ഒക്ടോ.6നു് കോട്ടയത്തും 11നു് തിരുവനന്തപുരത്തും വീണ്ടും ചര്‍ച്ച നടത്താമെന്ന ധാരണയിലാണു് പിരിഞ്ഞത്‌. ആദ്യം ഇരു കൂട്ടരുമായും ഒന്നിച്ചും പിന്നീടു് പ്രത്യേകമായും മന്ത്രിസഭാ ഉപസമിതി ചര്‍ച്ച നടത്തി.

മന്ത്രിമാരായ കെ.എം. മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, എം.കെ. മുനീര്‍ എന്നിവരടങ്ങുന്ന മന്ത്രിസഭാ ഉപസമിതിണു് ചര്‍ച്ചയ്‌ക്കു നേതൃത്വം നല്‍കിയത്‌. ഇരു കൂട്ടരും സ്വന്തം നിലപാട്‌ മന്ത്രിസഭാ ഉപസമിതി മുന്‍പാകെ വിശദീകരിച്ചു. എന്നാല്‍ നിയമം വ്യാഖ്യാനിച്ചു വാദിക്കുന്നതിനു് പകരം ഇരുകൂട്ടര്‍ക്കും യോജിക്കാവുന്ന മേലകള്‍ കണ്ടെത്താനാണു് തങ്ങള്‍ ശ്രമിക്കുന്നതെന്നു് മന്ത്രിമാര്‍ അറിയിച്ചു. ഇത്തരമൊരു ചര്‍ച്ച തന്നെ സൗഹാര്‍ദത്തിന്റെ സൂചനയാണെന്നും അവര്‍ പറഞ്ഞു.

തുടര്‍ന്നു് മണിക്കൂറോളം നീണ്ട ചര്‍ച്ച സൗഹാര്‍ദപരമായിരുന്നു. ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയ്ക്കു് വേണ്ടി ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌, ഫാ. ജോണ്‍സ്‌ ഏബ്രഹാം കോനാട്ട്‌, ഫാ. ജോര്‍ജ്‌ ജോസഫ്‌, ഫാ. ജേക്കബ്‌ കുര്യന്‍, ഫാ. സി.എം. കുര്യാക്കോസ്‌, ഫാ. റോബിന്‍ മര്‍ക്കോസ്‌ തുടങ്ങിയവരും യാക്കോബായ സുറിയാനി ക്രിസ്ത്യാനി വിഭാഗത്തിനുവേണ്ടി ജോസഫ്‌ മാര്‍ ഗ്രിഗോറിയോസ്‌, മാത്യൂസ്‌ മാര്‍ ഇവാനിയോസ്‌, തമ്പു ജോര്‍ജ്‌, ജീമോന്‍ തെക്കേത്തലയ്‌ക്കല്‍, കെ.ജെ. വര്‍ക്കി, സ്ലീബാ ഐക്കരക്കുന്നത്ത്‌ തുടങ്ങിയവരുമാണു് ചര്‍ച്ചയില്‍ പങ്കെടുത്തത്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.