20100301

ചെങ്ങന്നൂര്‍ ഭദ്രാസന ജൂബിലിക്ക്‌ വര്‍ണാഭമായ സമാപനം

ചെങ്ങന്നൂര്‍: ഓര്‍ത്തഡോക്‌സ് സഭ ചെങ്ങന്നൂര്‍ ഭദ്രാസന ജൂബിലിക്ക്‌ വര്‍ണാഭമായ സമാപനം. കഴിഞ്ഞ മേയ്‌ 30-ന്‌ ഉദ്‌ഘാടനം ചെയ്‌ത ജൂബിലി ആഘോഷപരിപാടികളുടെ സമാപനം ഫെ 28നു് ബഥേല്‍ അരമന അങ്കണത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ അര്‍മേനിയന്‍ കാതോലിക്ക ആരാം പ്രഥമന്‍ ബാവയാണു് ഉദ്‌ഘാടനം ചെയ്‌തതു്.

ഫെ 28നു് രാവിലെ ബഥേല്‍ മാര്‍ ഗ്രിഗോറിയോസ്‌ അരമനപ്പള്ളിയില്‍ വി. കുര്‍ബാന നടന്നു. ഉച്ചയ്‌ക്കുശേഷം ക്രിസ്‌ത്യന്‍ കോളജ്‌ ജംഗ്‌ഷനില്‍നിന്ന്‌ ജൂബിലി ഘോഷയാത്ര ആരംഭിച്ചു. ഭദ്രാസനത്തിലെ 51 ദേവാലയങ്ങളില്‍നിന്നായി ആയിരക്കണക്കിനു വിശ്വാസികള്‍ ഘോഷയാത്രയില്‍ പങ്കെടുത്തു. വാദ്യമേളങ്ങള്‍, നിശ്‌ചലദൃശ്യങ്ങള്‍ തുടങ്ങിയവ ഘോഷയാത്രയ്‌ക്കു മിഴിവേകി.

ഘോഷയാത്ര അരമനയങ്കണത്തില്‍ എത്തിയശേഷം നിയുക്‌ത കാതോലിക്കയോടും മറ്റ്‌ മെത്രാപ്പോലീത്താമാരോടും ഒപ്പം അരമന പള്ളിയിലെത്തിയ ആരാം പ്രഥമന്‍ ബാവ ലുത്തിനിയ ചൊല്ലി. ധൂപ പ്രാര്‍ത്ഥന നടത്തി. തുടര്‍ന്ന്‌, ബാന്റുമേളത്തിന്റെ അകമ്പടിയോടെ ബാവയെയും മെത്രാപ്പോലീത്താമാരെയും വേദിയിലേക്ക്‌ ആനയിച്ചു. ആയിരക്കണക്കിന്‌ ആളുകള്‍ സമാപനസമ്മേളനത്തിനും സാക്ഷിയായി. ജൂബിലി സമാപനത്തോടനുബന്ധിച്ച്‌ മാര്‍‍ച്ച് 1നു് വൈകിട്ട്‌ 6.30-ന്‌ ശ്രുതി സ്‌കൂള്‍ ഓഫ്‌ ലിറ്റര്‍ജിക്കല്‍ മ്യൂസിക്കിന്റെ നേതൃത്വത്തില്‍ ക്രിസ്‌തീയ സംഗീതകച്ചേരി നടന്നു. ഫാ. എം.പി. ജോര്‍ജ്‌ കച്ചേരിക്കു നേതൃത്വം നല്‍കി.

ജൂബിലി ആഘോഷപരിപാടികള്‍ക്കു തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്ത, ഫാ. മാത്യു വര്‍ഗീസ്‌ പുളിമൂട്ടില്‍ , ഫാ. തോമസ്‌ വര്‍ഗീസ്‌ അമയില്‍, തോമസ്‌ കുതിരവട്ടം, ഫാ. ഏബ്രഹാം കോശി, സി.സി. ചെറിയാന്‍, ഫാ. ജോണ്‍ പി. ഉമ്മന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.