20100113

തൃക്കുന്നത്ത് സെമിനാരി: കഴിഞ്ഞ വര്‍ഷത്തെ സ്ഥിതി തുടരാന്‍ കളക്ടറുടെ നിര്‍ദ്ദേശം

ആലുവ, ജനുവരി 10: തൃക്കുന്നത്ത് സെമിനാരിയില്‍ ജനുവരി 23-24ഓര്‍മ്മപ്പെരുന്നാള്‍ ദിനത്തില്‍ കഴിഞ്ഞ വര്‍ഷത്തേതു പോലുള്ള ചടങ്ങുകള്‍ മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെയും അന്ത്യോക്യന്‍ സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയുടെ അതിരൂപതയായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെയും പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് കളക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ വിഭാഗത്തിന് ഉച്ചയ്ക്ക് ഒരു മണിമുതല്‍ അഞ്ചുമണി വരെ തൃക്കുന്നത്ത് പള്ളിക്കു സമീപമുള്ള വിശുദ്ധരുടെ കബറുകള്‍ തുറന്നു കൊടുക്കും. കൂട്ടമായെത്താതെ അഞ്ചോ, പത്തോ പേരടങ്ങുന്ന സംഘമായെത്തി വേണം പ്രാര്‍ത്ഥന നടത്താന്‍. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ വൈദീകന്മാര്‍ക്കും കബറില്‍ എത്തി ധൂപപ്രാര്‍ത്ഥന നടത്താം. ഇതു കോടതി ഉത്തരവുകള്‍ക്കു വിരുദ്ധമാണെങ്കിലും സംഘര്‍ഷാവസ്ഥ ഒഴിവാക്കാനും സമാധാന അന്തരീക്ഷം നിലനിറുത്താനും വേണ്ടിയാണു് അനുമതി നല്കുന്നതെന്നും യോഗത്തിലെ കളക്ടറുടെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചുകൊണ്ടു് മലങ്കര ഓര്‍ത്തഡോക്‌സ്‌ പക്ഷം അറിയിക്കുകയായിരുന്നു. അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്ത യുഹാനോന്‍‍ മാര്‍‍ പോളികോര്‍പ്പസും ഫാ.മത്തായി ഇടയനാലും ഫാ. യുഹാനോന്‍ തോമസും മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയെ പ്രതിനിധാനം ചെയ്ത് യോഗത്തില്‍ പങ്കെടുത്തു.


ധൂപപ്രാര്‍ത്ഥന നടത്താന്‍ പുരോഹിതന്മാര്‍ക്ക് അനുവാദം നല്‍കുന്നതുമായി ബന്ധപ്പെട്ടും തൃക്കുന്നത്ത് പള്ളി തുറന്നു കൊടുക്കുന്നതുമായി ബന്ധപ്പെട്ടും ഓര്‍മ്മപ്പെരുന്നാള്‍ ദിനങ്ങള്‍ അടുക്കുമ്പോഴേക്കും ഇരുവിഭാഗങ്ങളും തമ്മില്‍ പ്രസ്താവനാ യുദ്ധം നടത്തുന്നതും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്നതും വര്‍ഷങ്ങളായി തുടരുന്ന രീതിയായിരുന്നു. ഇതു മുന്നില്‍ കണ്ടാണ് കളക്ടര്‍ മുന്‍കൂട്ടി യോഗം വിളിച്ചത്. റൂറല്‍ എസ്​പി, എ എസ്​പി, ഡി വൈ എസ് പിഎന്നിവരും ഇരുവിഭാഗത്തിന്റെയും പ്രാതിനിധികളും യോഗത്തില്‍ പങ്കെടുത്തിരുന്നു.

കഴിഞ്ഞ വര്‍ഷം തൃക്കുന്നത്ത് സെമിനാരി തര്‍ക്കത്തെ തുടര്‍ന്ന് 20 ലക്ഷത്തോളം രൂപയാണ് സംഘര്‍ഷമൊഴിവാക്കാനുള്ള സംവിധാനങ്ങളൊരുക്കാന്‍ സര്‍ക്കാരിന് ചെലവായത്.
.

ഉടമസ്‌ഥാവകാശ രേഖകള്‍ സര്‍ക്കാരിനെ കാണിച്ചുവെന്ന് അന്ത്യോക്യന്‍ യാക്കോബായ പക്ഷം:വ്യാജരേഖകള്‍ കാട്ടി ഭീഷണി വേണ്ടെന്നു് മലങ്കര ഓര്‍ത്തഡോക്‌സ്‌ പക്ഷം

കൊച്ചി, ജനുവരി 10: ആലുവ തൃക്കുന്നത്ത്‌ സെമിനാരിയും സെന്റ്‌ മേരീസ്‌ പളളിയും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടേതാണെന്ന്‌ വ്യക്‌തമാക്കുന്ന രേഖകള്‍ സര്‍ക്കാര്‍ അധികാരികള്‍ മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ടെന്ന്‌ അന്ത്യോക്യന്‍ സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയുടെ അതിരൂപതയായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ മേലദ്ധ്യക്ഷനായ പ്രാദേശിക കാതോലിക്ക ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ വീണ്ടും അവകാശപ്പെട്ടു.

കാതോലിക്കാ വിഭാഗം (മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭ) അനധികൃതമായി സെമിനാരിയില്‍ താമസിക്കുന്നത്‌ അവസാനിപ്പിക്കണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. കാതോലിക്കാ വിഭാഗത്തിന്റെ കൈവശം സെമിനാരിയുടേയും സെന്റ്‌ മേരീസ്‌ പളളിയുടേയും അവകാശം തെളിയിക്കുന്നതായ രേഖകളുണ്ടെങ്കില്‍ സര്‍ക്കാരിന്റെ മുമ്പാകെ സമര്‍പ്പിക്കാന്‍ അവര്‍ തയാറാവണം.

സഭയുടെ മൂന്നു പിതാക്കന്മാര്‍ കബറടങ്ങിയിട്ടുളള തൃക്കുന്നത്ത്‌ സെന്റ്‌ മേരീസ്‌ പളളിയെ നാശോന്മുഖമായ അവസ്‌ഥയില്‍ നിന്നും സംരക്ഷിക്കേണ്ടത്‌ വിശ്വാസികളുടെ അവകാശമാണ്‌. ഇനിയും ഈ അവസ്‌ഥ തുടരുവാന്‍ ഇടയാകാതെ അവകാശികളായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയ്‌ക്ക് തൃക്കുന്നത്ത്‌ സെമിനാരിയും പളളിയും വിട്ടു കിട്ടാന്‍ ആവശ്യമായ നടപടി കൈക്കൊളളണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു.

._. XXXXXXX XXXXXXX ._

വ്യാജരേഖകള്‍ കാട്ടി ഭീഷണി വേണ്ട: ശ്രേഷ്‌ഠ നിയുക്‌ത കാതോലിക്ക

കോട്ടയം, ജനുവരി 11: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ഭരണത്തിലും നിയന്ത്രണത്തിലുമുള്ള ആലുവ തൃക്കുന്നത്ത്‌ സെമിനാരിയുടെ ഉടമസ്‌ഥാവകാശം സംബന്ധിച്ച്‌ രേഖകള്‍ തങ്ങളുടെ പക്കല്‍ ഉണ്ടെന്ന്‌ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാപക്ഷം വ്യാജ പ്രചാരണം നടത്തി ഭീഷണി മുഴക്കുന്നത്‌ നീതിന്യായവ്യവസ്‌ഥയോടുള്ള വെല്ലുവിളിയാണെന്ന്‌ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ മേലദ്ധ്യക്ഷന്‍മാരില്‍ രണ്ടാമനായ ശ്രേഷ്‌ഠ നിയുക്‌ത കാതോലിക്കാ പൗലോസ്‌ മാര്‍ മിലിത്തിയോസ്‌ വ്യക്തമാക്കി.

സെമിനാരി സംബന്ധിച്ച്‌ വ്യവഹാരം നടക്കുമ്പോള്‍ ഇരുവിഭാഗത്തിനും ബോധിപ്പിക്കാനുള്ളവയും ഹാജരാക്കാനുള്ള രേഖകളും കോടതിയില്‍ സമര്‍പ്പിച്ചതാണ്‌ ശ്രേഷ്‌ഠ ബാവ ചൂണ്ടിക്കാട്ടി.

20100109

തൃക്കുന്നത്ത് സെമിനാരി കയ്യേറ്റശ്രമം ചെറുക്കും -ഓര്‍ത്തഡോക്‌സ് സഭ

ആലുവ, 2010 ജനുവരി 08: തൃക്കുന്നത്ത് സെമിനാരിയില്‍ അതിക്രമിച്ച് കടക്കാനും ക്രമസമാധാനനില തകരാറിലാക്കാനുമുള്ള ശ്രമം ചെറുക്കാന്‍ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ അങ്കമാലി ഭദ്രാസന പള്ളി പ്രതി പുരുഷയോഗം തീരുമാനിച്ചു.

സര്‍ക്കാര്‍ പ്രതിനിധികളുടെ മാദ്ധ്യസ്ഥതയില്‍ എടുത്ത തീരുമാനങ്ങള്‍ ഒരുവിഭാഗം നിരന്തരമായി ലംഘിക്കുകയാണെന്നും ഇത് സമാധാനാന്തരീക്ഷം തകര്‍ക്കുമെന്നും ഇടവക മെത്രാപ്പോലീത്ത യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് പറഞ്ഞു.

ആലുവ തൃക്കുന്നത്ത് സെമിനാരിയില്‍ നടന്ന യോഗത്തില്‍ ഭദ്രാസന സെക്രട്ടറി ഫാ. മത്തായി ഇടയനാല്‍ കോര്‍ എപ്പിസ്കോപ്പ, സി.കെ. ഐസക് കോര്‍ എപ്പിസ്കോപ്പ, തോമസ് വര്‍ഗീസ്, ഏലിയാസ് കണ്ടനാടന്‍ എന്നിവര്‍ സംസാരിച്ചു.

20100104

മത്തായി ഇടയനാല്‍‍കോര്‍ എപ്പിസസ്കോപ്പ, സ്ഥാനാരോഹണവും അനുമോദന സമ്മേളനവും നടത്തി

കോലഞ്ചേരി, 2010 ജനുവരി 4: മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ സീനിയര്‍ വൈദികനും അങ്കമാലി ഭദ്രാസന സെക്രട്ടറിയും ആലുവ തൃക്കുന്നത്ത് സെമിനാരി മാനേജരുമായ ഫാ. മത്തായി ഇടയനാലിന്റെ സപ്തതിയാഘോഷവും കോര്‍ എപ്പിസ്കോപ്പാ സ്ഥാനാരോഹണവും നടത്തി. പഴന്തോട്ടം സെന്റ് മേരീസ് പള്ളിയില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് നിയുക്ത കാതോലിക്ക പൗലോസ് മാര്‍ മിലിത്തിയോസ് മുഖ്യകാര്‍മികനായി.

തുടര്‍ന്ന് നടന്ന അനുമോദന സമ്മേളനത്തില്‍ മെത്രാപ്പോലീത്തമാരായ യൂഹാനോന് മാര് പോളിക്കാര്‍പ്പസ്, ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, ഫാ. ഡോ. ജോണ്‍ എബ്രഹാം കോനാട്ട്, സിസ്റ്റര്‍ ദീന, ഫാ. ഒ.വി.ഏലിയാസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. മനോജ്, ജില്ലാ പഞ്ചായത്ത് അംഗം സി.പി. ജോയി എന്നിവര്‍ പ്രസംഗിച്ചു.

20091204

നെച്ചൂര്‍ പള്ളി: നിലവിലുള്ള ആരാധനാസമയക്രമങ്ങള്‍ തുടരാന്‍ ആര്‍‍‍ ഡി ഒയുടെതീരുമാനം



പിറവം, ഡിസം 3:
സഭാ തര്‍ക്കം നിലനില്‍ക്കുന്ന നെച്ചൂര്‍ സെന്റ് തോമസ് പള്ളിയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി തുടരുന്ന ആരാധനാസമയക്രമങ്ങള്‍ തുടരാന്‍ ആര്‍.ഡി.ഒ. ആയ പി.കെ. നളന്‍ ഉത്തരവായി. ഞായറാഴ്ചകളില്‍ കുര്‍ബാനയ്ക്ക് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയ്ക്കും അന്ത്യോക്യന്‍ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ അതിരൂപതയായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയ്ക്കും വെവ്വേറെ സമയക്രമം അനുവദിച്ചു നല്‍കിയിട്ടുണ്ട്.

ഇതിനു പുറമെ ഇടദിവസങ്ങളിലും ആരാധനയ്ക്ക് പള്ളി തുറന്നുകൊടുക്കണമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ ആവശ്യപ്പെട്ടതാണ് പുതിയ സംഭവവികാസങ്ങള്‍ക്ക് തുടക്കമിട്ടത്. ഈ ആവശ്യമുന്നയിച്ച് ഓര്‍ത്തഡോക്‌സ് സഭയുടെ വികാരി ഫാ. ജോസഫ് മങ്കിടിയുടെ നേതൃത്വത്തില്‍ നവം 27 വെള്ളിയാഴ്ച വൈകുന്നേരം പള്ളിയില്‍ ആരംഭിച്ച ഉപവാസം പിറ്റേന്നു് അവസാനിപ്പിച്ചതു് ഡി മൂന്നാം തീയതി ആര്‍.ഡി.ഒയുടെ അദ്ധ്യക്ഷതയില്‍ വിശദമായ ചര്‍ച്ച നടത്തി തീരുമാനിയ്ക്കാമെന്ന ധാരണയിലായിരുന്നു.

ഞായറാഴ്ചയിലെ കുര്‍ബാനയ്ക്കല്ലാതെ മറ്റ് ദിവസങ്ങളില്‍ കുര്‍ബാനയ്ക്കു് പള്ളി തുറന്നുകൊടുക്കാന്‍ പള്ളിയുടെ താക്കോല്‍ നിയന്ത്രണത്തിലാക്കിയിരിയ്ക്കുന്ന യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ തയ്യാറായില്ല. അതുകൊണ്ടു് രേഖകള്‍ പരിശോധിച്ച് നടപടിയെടുക്കാമെന്ന് ആര്‍.ഡി.ഒ. നിര്‍ദ്ദേശിച്ചു. ആര്‍ ഡി ഒ ഏകപക്ഷീയമായിനീങ്ങുന്നുവെന്നു് പറഞ്ഞ് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭക്കാര്‍ തുടര്‍ന്നു് ചര്‍ച്ച ബഹിഷ്‌കരിച്ചതുകൊണ്ടു് ചര്‍ച്ച വിജയിച്ചില്ല.

ഞായറാഴ്ചകള്‍ക്ക് പുറമെ വിവാഹം, മാമോദീസ, മരണം, പെരുന്നാള്‍, നാല്പതാം ചരമദിനാചരണം തുടങ്ങിയവയ്ക്ക് മാത്രം പള്ളി തുറന്നുകൊടുക്കുന്ന രീതി മേലില്‍ തുടരാന്‍ നിര്‍ദ്ദേശിച്ച് ആര്‍.ഡി.ഒ. പിന്നീടു് ഉത്തരവിറക്കുകയാണുണ്ടായത്. ഞായറാഴ്ചകളില്‍ കുര്‍ബാനയ്ക്ക് ഇരുസഭകള്‍ക്കും വെവ്വേറെ സമയക്രമം അനുവദിച്ചു നല്‍കി. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ ആര്‍.ഡി.ഒ.യുടെ തീരുമാനത്തെ അംഗീകരിച്ചിട്ടുണ്ടു്.

യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരെ പ്രതിനിധീകരിച്ച് അവരുടെ വികാരി മൂലാമറ്റത്തില്‍ കുര്യാക്കോസ് കോര്‍ എപ്പിസ്‍‍കോപ്പ, സോജന്‍ പി. എബ്രഹാം, രാജു ജോണ്‍, എല്‍ദോ പീറ്റര്‍, ഐസക് തറയില്‍ എന്നിവരും മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയെ പ്രതിനിധീകരിച്ച് അവരുടെ വികാരി ഫാ. ജോസഫ് മങ്കിടി, പോള്‍ കോഴിക്കോട്ടുതറ, ബാബു ഐക്കനംപുറത്ത്, യോഹന്നാന്‍ കയ്യാലപ്പറമ്പില്‍ എന്നിവരുമാണു് ആര്‍.ഡി.ഒ. വിളിച്ചുകൂട്ടിയ അനുരഞ്ജനചര്‍ച്ചയില്‍ പങ്കെടുത്തതു്.

*

20091019

പിറവം വലിയപള്ളിയില്‍ ഓര്‍ത്തഡോക്‌സ്‌ വിശ്വാസികളെ അന്ത്യോക്യന്‍‍ യാക്കോബാക്കാര്‍ ആക്രമിച്ചു; മൂന്നു് വിശ്വാസികള്‍‍ക്കു് പരിക്ക്‌

പിറവം: സഭാതര്‍ക്കം പറഞ്ഞു് പിറവം വലിയപള്ളിയില്‍ ഓര്‍ത്തഡോക്‌സ്‌ വിശ്വാസികളെ അന്ത്യോക്യന്‍‍ യാക്കോബാക്കാര്‍ ആക്രമിച്ചു. ആക്രമണത്തില്‍ മൂന്നു് വിശ്വാസികള്‍‍ക്കു് പരിക്കേറ്റു. ഒക്ടോബര്‍ 18 ഞായറാഴ്‌ച സന്ധ്യയോടെയാണ്‌ സംഭവം. വിവരമറിഞ്ഞ്‌ പള്ളിയിലെത്തിയ പോലീസാണ്‌ പരിക്കേറ്റവരെ ആശുപത്രിയിലാക്കിയത്‌. വലിയപള്ളി സെമിത്തേരിയില്‍ തിരി കത്തിച്ച്‌ പ്രാര്‍ത്ഥിച്ച്‌ മടങ്ങുകയായിരുന്ന ഓര്‍ത്തഡോക്‌സ്‌ സഭക്കാരെ അന്ത്യോക്യന്‍‍ യാക്കോബായ തീവ്രവാദികള്‍ ആക്രമിക്കുകയായിരുന്നുവെന്ന്‌ ഓര്‍ത്തഡോക്‌സ്‌ വിശ്വാസികള്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19ന്‌ ഓര്‍ത്തഡോക്‌സ്‌ സഭയുടെ കുടുംബസംഗമത്തോടനുബന്ധിച്ച്‌ പരിശുദ്ധ പൗരസ്ത്യ കാതോലിക്കോസ് ബസേലിയോസ്‌ മാര്‍ത്തോമ ദിദിമോസ്‌ പ്രഥമന്‍ ബാവ വലിയപള്ളിയുടെ കുരിശുപള്ളിയില്‍ പ്രവേശിച്ച്‌ ആരാധന നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട്‌ ഓര്‍ത്തഡോക്‌സ്‌ സഭക്കാര്‍ ഒക്ടോബര്‍ 18 ഞായറാഴ്‌ച രാവിലെ പള്ളി പരിസരത്ത്‌ നോട്ടീസ്‌ വിതരണം ചെയ്‌തതിനെച്ചൊല്ലി രാവിലെ തന്നെ തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ്‌ വൈകീട്ട്‌ സംഘട്ടനമുണ്ടായതെന്ന്‌ പിറവം സിഐ കെ.ബിജുമോന്‍ പറഞ്ഞു. എസ്‌ഐ ശിവകുമാറിന്റെ നേതൃത്വത്തിലെത്തിയ പോലീസ്‌, പരിക്കേറ്റവരെ പിറവം ഗവ. ആശുപത്രിയിലെത്തിച്ചു. തലയ്‌ക്ക്‌ പരിക്കേറ്റ ഓര്‍ത്തഡോക്‌സ്‌ സഭക്കാരായ ബാബു ചാവടിയില്‍, പിറവം, ബാബു തോമസ്‌, തേക്കുംമൂട്ടില്‍, പിറവം, സണ്ണി തേക്കുംമൂട്ടില്‍ എന്നിവരെ പിന്നീട്‌ കോലഞ്ചേരി മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലാക്കിയിട്ടുണ്ടു്.

20090808

വിധി നടത്തിപ്പു് ഹര്‍ജിയില്‍ തുടര്‍വാദം ഈ മാസം

കൊച്ചി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പള്ളികളും സ്വത്തുക്കളും 1934-ലെ സഭാ ഭരണഘടനപ്രകാരം ഭരിയ്ക്കപ്പെടേണ്ടതാണെന്ന സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ഹര്‍ജിയില്‍ ഹൈക്കോടതി മുന്‍പാകെ തുടര്‍വാദം ഈ (ഓഗസ്റ്റ്) മാസം നടക്കും.

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയ്ക്കു് വേണ്ടി പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ പാത്രിയര്‍‍‍ക്കീസ് ബാവാ, ശ്രേഷ്ഠ നിയുക്ത ബാവാ പൌലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത, കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത, വൈദിക ട്രസ്റ്റി ഫാ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, സഭാസെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ് എന്നിവര്‍ സമര്‍പ്പിച്ച വിധി നടത്തിപ്പു് ഹര്‍‍ജി ജസ്റ്റിസ് വി. രാംകുമാര്‍ ജൂലൈ അവസാനവാരമാണു് പരിഗണിച്ചതു്. എതിര്‍കക്ഷികള്‍ക്കു് സത്യവാങ്മൂലം സമര്‍പ്പിക്കാവുന്നതാണെന്നു് കോടതി വ്യക്തമാക്കി.