20111213

തൈലാഭിഷേകം: കത്തോലിക്കാ-ഓര്‍ത്തഡോക്സ് സഭകള്‍ തമ്മില്‍ ധാരണ



കോട്ടയം, ഡിസം.12: രോഗികളുടെ തൈലാഭിഷേകം സഭകളിലെ അംഗങ്ങള്‍ക്ക് നല്കാന്‍ കത്തോലിക്കാ സഭയും മലങ്കര ഓര്‍ത്തഡോക്സ് സഭയും തമ്മില്‍ ധാരണയായി. കത്തോലിക്കാ മെത്രാന്‍ സമിതിയും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സുനഹദോസും അംഗീകരിച്ച നിബന്ധനകള്‍ പ്രകാരം ആയിരിക്കും ഇതു നടപ്പിലാക്കുക. ഇരുസഭകളുടെയും എക്യുമെനിക്കല്‍ ഡയലോഗിനുള്ള അന്തര്‍ദേശീയ ദൈവശാസ്ത്ര സമിതിയിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അത്യാവശ്യ സാഹചര്യങ്ങളില്‍ പ്രത്യേകിച്ച് കേരളത്തിനു പുറത്ത് നിബന്ധനകള്‍ക്ക് വിധേയമായി പള്ളികളും സെമിത്തേരികളും പങ്കുവയ്ക്കുന്നതിനും സ്വന്തം സഭയിലെ വൈദികന്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ശവസംസ്കാരശുശ്രൂഷ നടത്തുന്നതിനും ഉള്ള ധാരണകളും സമിതി പ്രഖ്യാപിച്ചു. സഭാന്തരവിവാഹത്തിലെ മാര്‍ഗനിര്‍ദേശങ്ങള്‍ കൂദാശകളിലുള്ള പരസ്പരപങ്കാളിത്തം, സെക്ടുകളും സെക്കുലറിസവും ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് പൊതുധാരണകള്‍ക്കു രൂപം നല്കുന്നതിന് ഉപസമിതികള്‍ക്ക് രൂപം നല്കി.

കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ച് ആര്‍ച്ച് ബിഷപ്പ് ബ്രിയന്‍ ഫാരല്‍, ആര്‍ച്ച് ബിഷപ്പ് ജോസഫ് പവ്വത്തില്‍, ആര്‍ച്ച് ബിഷപ്പ് മാത്യു മൂലക്കാട്ട്, തോമസ് മാര്‍ കുറിലാസ്, മാര്‍ സെല്‍വസ്റര്‍ പൊന്നുമുത്തന്‍, റവ. ഡോ. ഗബ്രിയേല്‍, റവ. ഡോ. സേവ്യര്‍ കൂടപ്പുഴ, റവ. ഡോ. മാത്യു വെള്ളാനിക്കല്‍, റവ. ഫാ. ജേക്കബ് തെക്കേപറമ്പില്‍, റവ. ഡോ. ഫിലിപ്പ് നെല്‍പ്പുരപറമ്പില്‍, മലങ്കര ഓര്‍ത്തഡോക്സ് സഭയെ പ്രതിനിധാനം ചെയ്ത് മെത്രാപ്പോലീത്തമാരായ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, ഡോ. യാക്കോബ് മാര്‍ ഐറേനിയോസ്, ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ്, ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, റവ. ഡോ. കെ.എം. ജോര്‍ജ്. റവ. ഡോ. ഒ. തോമസ്, റവ. ജേക്കബ് കുര്യന്‍. റവ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്, റവ. ഡോ. ടി.ഐ. വര്‍ഗീസ്, റവ. ഡോ. ബേബി വര്‍ഗീസ്, റവ. ഡോ. റജി മാത്യു, റവ. ഡോ. ജോസ് ജോണ്‍, റവ. ഫാ. എബ്രഹാം തോമസ് എന്നിവര്‍ പങ്കെടുത്തു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.