20101109

ഓര്‍ത്തഡോക്‌സ് സഭയ്ക്കു് ഔദ്യോഗിക രാഷ്ട്രീയകാഴ്ചപ്പാട് രൂപപ്പെടുത്തുന്ന ശൈലിയില്ല: പൗരസ്ത്യ ബാവ

കോട്ടയം, 2010 നവം 9: ഓര്‍ത്തഡോക്‌സ് പൗരസ്ത്യ സഭയ്ക്ക് ഔദ്യോഗിക രാഷ്ട്രീയ കാഴ്ചപ്പാട് പ്രഖ്യാപിയ്ക്കുന്ന ശൈലിയില്ലെന്ന് പരമാധ്യക്ഷന്‍ പൗരസ്ത്യ കാതോലിക്കോസ് ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവാ വ്യക്തമാക്കി. സഭയ്ക്ക് ഹിതകരമായ നിലയില്‍ ജനപ്രതിനിധികളെ തെരഞ്ഞെടുക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഔദ്യോഗികമായ രാഷ്ട്രീയകാഴ്ചപ്പാട് രൂപപ്പെടുത്താറില്ല.

സമൂഹത്തിന് നന്മചെയ്യുന്ന ഏത് രാഷ്ട്രീയതീരുമാനത്തെയും സ്വാഗതം ചെയ്യും. സഭയ്ക്ക് ദോഷകരമാകുന്ന വിധത്തില്‍ പരസ്യമായ രാഷ്ട്രീയ നീക്കങ്ങള്‍ ഉണ്ടായാല്‍ സഭാ വിശ്വാസികള്‍ സ്വയം തിരിച്ചറിയുമെന്ന് അദ്ദേഹം പറഞ്ഞു. ദേവലോകം അരമനയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഭയിലെ ഒരു ഇടവകയുടെ മേലും സഭാതീരുമാനങ്ങള്‍ അടിച്ചേല്‍പിക്കാന്‍ നേതൃത്വത്തിന് അധികാരമില്ല. മറിച്ച് ഇടവകയ്ക്കുമില്ല. അര്‍ദ്ധ ജനാധിപത്യ പ്രക്രിയയാണുള്ളത്. സഭയുടെ ഭരണ നിര്‍വ്വഹണ സമിതികളില്‍ വനിതാ പങ്കാളിത്തം വരുത്തുന്നതിന്റെ ഭാഗമായി സഭയുടെ ഭരണഘടനയില്‍ ഭേദഗതികള്‍ വരുത്തുന്നതിനെക്കുറിച്ച് പഠിക്കാന്‍ കമ്മീഷനെ നിയോഗിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നിലവില്‍ പള്ളി പൊതുയോഗങ്ങളില്‍ വനിതകള്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ക്ക് വോട്ടവകാശമോ മാനേജിംഗ് കമ്മറ്റിയിലേക്ക് മത്സരിക്കുവാനോ അനുവാദമില്ല. മാറിമാറിവരുന്ന സാഹചര്യങ്ങളെക്കൂടി കണക്കിലെടുത്ത് സഭാനടപടികളില്‍ വനിതകളുടെ സാന്നിധ്യവും കൂടി ആവശ്യമാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് വോട്ടവകാശം നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വനിതാ പങ്കാളിത്തത്തെക്കുറിച്ചുള്ള ബാവയുടെ തീരുമാനം നടപ്പാക്കപ്പെട്ടാല്‍ ഇടവകകളിലെ മാനേജിംഗ് കമ്മറ്റികളില്‍ തുടങ്ങി മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധികാര സമിതിയായ മലങ്കര അസോസിയേഷനില്‍ വരെ വനിതാ പ്രാതിനിധ്യം കൈവരും.

കുടുംബബന്ധങ്ങള്‍ തകരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച ബാവ സഭയിലെ യുവതലമുറയെ ആദ്ധ്യാത്മിക ചൈതന്യത്തോട് ചേര്‍ത്ത് നിര്‍ത്തുവാന്‍ പരിശ്രമിക്കുമെന്നും പറഞ്ഞു.

സഭകള്‍ തമ്മില്‍ സമാധാനം ഉണ്ടായി കാണണമെന്ന് ആഗ്രഹമുണ്ട്. എന്നാല്‍ ഇതുവരെയുള്ള കാര്യങ്ങള്‍ നോക്കുമ്പോള്‍ ചര്‍ച്ചകളും, മധ്യസ്ഥതകളും വിജയപ്രദമാവുന്നത് സംശയകരമാണ്. മധ്യസ്ഥത വന്നാല്‍ ഇരു വിഭാഗങ്ങളും പാലിക്കാന്‍ തയ്യാറാകണം. തീവ്രമായി ചിന്തിക്കുന്നവരില്‍ ഈ പക്ഷത്തുമുണ്ട്. അതുകൊണ്ടു തന്നെ തീരുമാനങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുവാന്‍ പലപ്പോഴും കഴിയുന്നില്ല. അതുകൊണ്ടുതന്നെ ഇത്തരം നടപടികളുമായി മുന്നോട്ടുപോകുന്നതിന് ധൈര്യക്കുറവുണ്ടെന്നും കാതോലിക്കാബാവ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.