20100629

ഐ സി പത്രോസ് റമ്പാന്‍ കൂറുമാറി

പുത്തന്‍ കുരിശ്,ജൂണ്‍ 26 : മലങ്കരസഭയിലെ ഒരു കശീശയായ ഐ സി പത്രോസ് റമ്പാന്‍ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയിലേക്കു് കൂറുമാറി. മെത്രാന്‍ സ്ഥാനമോഹമാണിതിനുപിന്നിലെന്ന് കരുതപ്പെടുന്നു. മലങ്കരസഭയില്‍ മെത്രാന്‍ സ്ഥാനം കിട്ടണമെങ്കില്‍ മലങ്കര ഓര്‍‍ത്തഡോക്സ് സഭാ ഭരണഘടനപ്രകാരം സുറിയാനി ക്രിസ്ത്യന്‍ അസോസിയേഷന്‍ തിരഞ്ഞെടുക്കേണ്ടതും എപ്പിസ്കോപ്പല്‍ സുന്നഹദോസ് അംഗീകരിക്കേണ്ടതുമാണു്.

പിറവം വലിയപള്ളി ഇടവക പ്രാര്‍‍ത്ഥനായോഗ വാര്‍ഷികം


പിറവം, ജൂണ്‍ 20 : പിറവം വലിയപള്ളി ഇടവക പ്രാര്‍‍ത്ഥനായോഗത്തിന്റെ വാര്‍ഷികം മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍ ഡോ.തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. വികാരി വന്ദ്യ സൈമണ്‍ വറുഗീസ് കശീശ അദ്ധ്യക്ഷം വഹിച്ചു. ഫാ. ഗീവറുഗീസ് കൊച്ചുപറമ്പില്‍ റമ്പാന്‍, ഫാ. ബിനോയ് പട്ടകുന്നേല്‍, ഫാ. വി എ മാത്യൂസ്, ഫാ. ജോസഫ് മങ്കിടിയില്‍ വിപി വറുഗീസ് കെ പി ജോണി തുടങ്ങിയവര്‍ സംസാരിച്ചു.

20100625

വിഘടിത അന്ത്യോക്യന്‍‍ സഭക്കെതിരെ പ. ബാവ കൈക്കൊണ്ട എല്ലാ തീരുമാനങ്ങളും എപ്പിസ്കോപ്പല്‍ സുന്നഹദോസ് അംഗീകരിച്ചു

ദേവലോകം, ജൂണ്‍ 25 : അന്ത്യോക്യന്‍ സുറിയാനി ഓര്‍‍ത്തഡോക്സ് സഭാദ്ധ്യക്ഷന്‍‍ മാര്‍ സേവേറിയോസ് മോശ ഗോര്‍‍ഗുന്‍ മെത്രാപ്പോലീത്തയുമായി ബന്ധപ്പെട്ടു് പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസ്സേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ ബാവ കൈക്കൊണ്ട എല്ലാ തീരുമാനങ്ങളും ഇന്നു് കൂടിയ പൗരസ്ത്യ എപ്പിസ്കോപ്പല്‍ സുന്നഹദോസ് അംഗീകരിച്ചു.


യൂറോപ്യന്‍‍ സുറിയാനി ഓര്‍‍ത്തഡോക്സ് സഭയ്ക്കും അതിന്റെ തലവനായി മാര്‍ സേവേറിയോസ് മോശ ഗോര്‍‍ഗുന്‍ മെത്രാപ്പോലീത്തയ്ക്കും മലങ്കര ഓര്‍‍ത്തഡോക്സ് സുറിയാനി സഭ നല്കിയിരുന്ന അംഗീകാരം 2010 മാര്‍‍ച്ചില്‍ പരിശുദ്ധ ബസ്സേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ ബാവ പിന്‍‍വലിച്ചിരുന്നു. തുടര്‍‍ന്നാണു് യൂറോപ്യന്‍‍ സുറിയാനി ഓര്‍‍ത്തഡോക്സ് സഭയുടെ എപ്പിസ്കോപ്പല്‍‍ സുന്നഹദോസ് അവരുടെ സഭയുടെ പേരു് അന്ത്യോക്യന്‍ സുറിയാനി ഓര്‍‍ത്തഡോക്സ് സഭയെന്നാക്കിയതു്.


മലങ്കര സഭയുടെ ഭരണഘടനയ്‌ക്ക്‌ വിരുദ്ധമായും, മലങ്കര സുറിയാനി ക്രിസ്‌ത്യാനി അസ്സോസിയേഷന്‍ തെരെഞ്ഞെടുക്കുകയോ, പ. എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ അംഗീകരിക്കുകയോ ചെയ്യാതെ, മലങ്കര സഭയുടെ അംഗീകാരമില്ലാത്ത മാര്‍‍ സേവേറിയോസ്‌ മൂസാ ഗുര്‍ഗാനാല്‍‍ അനധികൃതമായി മേല്‍പട്ടക്കാരായി മലങ്കരയിലേയ്ക്കു് വരുന്ന ആരേയും മലങ്കര സഭയുടെ ദേവാലയങ്ങളില്‍ പ്രവേശിപ്പിക്കുകയോ, എപ്പിസ്‌കോപ്പായ്‌ക്കടുത്ത ബഹുമാനാദരവുകള്‍ നല്‍കി സ്വീകരിക്കുകയോ, അവര്‍ നേതൃത്വം നല്‍കുന്ന പ്രാര്‍ത്ഥനകളിലോ, മറ്റ്‌ ചടങ്ങുകള്‍ക്കോ സംബന്ധിക്കുകയോ ചെയ്യുവാന്‍ പാടുള്ളതല്ലെന്ന് പരിശുദ്ധ ബസ്സേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ ബാവ കര്‍ശനമായി ജൂണ്‍ 19 നു് കല്‍പിച്ചിട്ടുണ്ടു് . ഇതിനു വിരുദ്ധമായി ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ ആയത്‌ പ. സഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍ എന്ന നിലയില്‍ പൗരസ്ത്യ കാതോലിക്കോസിന്റെ ആത്മീകാധികാരത്തിനെതിരായുള്ള വെല്ലുവിളിയായും, അച്ചടക്ക ലംഘനമായി കണക്കാക്കുന്നതും മേല്‍ നടപടികള്‍ സ്വീകരിക്കുന്നതുമായിരിക്കും. മലങ്കര സഭാംഗങ്ങളായ ആരെയെങ്കിലും, ഏതെങ്കിലും വൈദികസ്ഥാനികളായി, സേവേറിയോസ്‌ മൂസാ ഗുര്‍ഗാനോ അദ്ദേഹത്താല്‍ അവരോധിക്കപ്പെടുന്ന ആരെങ്കിലുമോ പട്ടം കൊടുത്താല്‍ അവര്‍‍ക്കും ഇതു് ബാധകമായിരിക്കും എന്നും ആണു് കല്‍പന.


മലങ്കര സഭയുടെ സഹോദരീ സഭ എന്ന അംഗീകാരമില്ലാതായ അന്ത്യോക്യന്‍ സുറിയാനി ഓര്‍‍ത്തഡോക്സ് സഭയ്ക്കു് അഞ്ചു മെത്രാന്‍‍മാരുണ്ടു്.

20100622

മലങ്കര വര്‍ഗീസ്‌ വധം: തല്‍പരകക്ഷികളുടെ ഇഷ്‌ടത്തിനല്ല അന്വേഷണം

കൊച്ചി, ജൂണ്‍ 21: മലങ്കര വര്‍ഗീസ്‌ വധക്കേസില്‍ തല്‍പര കക്ഷികളുടെ ഇഷ്‌ടത്തിനൊത്ത്‌ അന്വേഷണം നടത്തി മതവികാരത്തിന്റെ ചുഴലിക്കാറ്റില്‍ അന്വേഷണ ഏജന്‍സിയെ അകപ്പെടുത്താന്‍ ഉദ്ദേശ്യമില്ലെന്നു് സിബിഐ എറണാകുളം ചീഫ്‌ ജുഡിഷ്യല്‍ മജിസ്‌ട്രേട്ട്‌ കോടതിയെ അറിയിച്ചു. മലങ്കര വര്‍ഗീസ്‌ വധക്കേസില്‍ സിബിഐ അന്വേഷണവും കുറ്റപത്രവും പരിപൂര്‍ണമല്ലെന്നു കാണിച്ചു കൊല്ലപ്പെട്ട വര്‍ഗീസിന്റെ ഭാര്യ സാറാമ്മ സിജെഎം: എന്‍. ലീലാമണി മുന്‍പാകെ നല്‍കിയ ഹര്‍ജിയിലാണു സിബിഐ എതിര്‍വാദം സമര്‍പ്പിച്ചത്‌.

അന്വേഷണം സമഗ്രമല്ല, കേസിലെ ഒന്നാം പ്രതി ഫാ. വര്‍ഗീസ്‌ തെക്കേക്കരയെ കസ്‌റ്റഡിയില്‍ ചോദ്യം ചെയ്‌തില്ല, കൊലപാതകത്തില്‍ പങ്കുള്ള ഉന്നതരെ അന്വേഷണത്തില്‍ നിന്ന്‌ ഒഴിവാക്കി തുടങ്ങിയ പരാതിക്കാരിയുടെ ആരോപണങ്ങള്‍ അടിസ്‌ഥാന രഹിതമാണെന്നും സിബിഐ കോടതിയെ ബോധിപ്പിച്ചു.
നിഷ്‌പക്ഷവും നീതിയുക്തവുമായ അന്വേഷണമാണ്‌ നടന്നതെന്ന്‌ സി.ബി.ഐ വ്യക്തമാക്കി. ഗൂഢാലോചനയും കൊലയാളികള്‍ക്ക്‌ സാമ്പത്തിക സഹായം നല്‍കിയതും തെളിയിക്കപ്പെട്ടിട്ടുണ്ട്‌. മുഖ്യപ്രതി ഫാ. വര്‍ഗീസ്‌ തെക്കേക്കരയെ കസ്‌റ്റഡിയില്‍ ചോദ്യം ചെയ്യാത്തത്‌ അന്വേഷണത്തെ ബാധിച്ചെന്ന ഹര്‍ജിക്കാരിയുടെ ആരോപണം തെറ്റാണ്‌. യാക്കോബായ സഭയിലെ ഉന്നതര്‍ അറിയാതെ ഗൂഢാലോചന നടക്കില്ലെന്നാണ്‌ മറ്റൊരു ആരോപണം. ഹര്‍ജിക്കാരിയുടെ താത്‌പര്യങ്ങള്‍ക്ക്‌ അനുസൃതമായി കേസ്‌ അന്വേഷിക്കാനാവില്ല. ക്രിമിനല്‍ നിയമത്തെ ആധാരമാക്കിയാണ്‌ അന്വേഷണം നടക്കുന്നത്‌. മതവികാരത്തിലേക്ക്‌ സി.ബി.ഐയെ വലിച്ചിഴയ്‌ക്കേണ്ടതില്ല. ഹര്‍ജിക്കാരിയുടെ സംശയങ്ങളും മറ്റും നിയമപ്രകാരം തെളിവായെടുക്കാനാവില്ലെന്നും സി.ബി.ഐ ബോധിപ്പിച്ചു. കേസ്‌ ജൂലായ്‌ അഞ്ചിന്‌ പരിഗണിക്കാന്‍ മാറ്റി.

പ. ബാവയുടെ കല്പന

നമ്മുടെ എല്ലാ പള്ളികളിലേയും വികാരിമാരും, ദേശത്തുപട്ടക്കാരും, പള്ളികൈക്കാരന്മാരും, ശേഷം ജനങ്ങളും കൂടി കണ്ടെന്നാല്‍ നിങ്ങള്‍ക്ക്‌ വാഴ്‌വ്‌!
പ്രിയരേ,

പ. സഭയുടെ ഭരണഘടനയ്‌ക്ക്‌ വിരുദ്ധമായും, മലങ്കര സുറിയാനി ക്രിസ്‌ത്യാനി അസ്സോസിയേഷന്‍ തെരെഞ്ഞെടുക്കുകയോ, പ. എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ അംഗീകരിക്കുകയോ ചെയ്യാതെ, ഒരു വൈദികനെ, മലങ്കര സഭയുടെ അംഗീകാരമില്ലാത്ത സേവേറിയോസ്‌ മൂസാ ഗുര്‍ഗാന്‍ എന്നയാള്‍ മേല്‍പട്ടക്കരാനായി വാഴിച്ച വിവരം പത്രമാധ്യമങ്ങ ളിലൂടെ നമ്മുടെ ശ്രദ്ധയില്‍പ്പെടുകയുണ്ടായി. ഈ വിധം അനധികൃതമായി മേല്‍പട്ടക്കാരായി വരുന്ന ആരേയും നമ്മുടെ പ. സഭയുടെ ദേവാലയങ്ങളില്‍ പ്രവേശിപ്പിക്കുകയോ, എപ്പിസ്‌കോപ്പായ്‌ക്കടുത്ത ബഹുമാനാദരവുകള്‍ നല്‍കി സ്വീകരിക്കുകയോ, അവര്‍ നേതൃത്വം നല്‍കുന്ന പ്രാര്‍ത്ഥനകളിലോ, മറ്റ്‌ ചടങ്ങുകള്‍ക്കോ സംബന്ധിക്കുകയോ ചെയ്യുവാന്‍ പാടുള്ളതല്ല എന്ന്‌ നാം കര്‍ശനമായി കല്‍പിക്കുന്നു. ഇതിനു വിരുദ്ധമായി ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ ആയത്‌ പ. സഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍ എന്ന നിലയില്‍ പ. പിതാക്കന്മാര്‍ ദൈവീകമായി നമ്മെ ഭരമേല്‍പിച്ച ആത്മീകാധികാരത്തിനെതിരായുള്ള വെല്ലുവിളിയായും, അച്ചടക്ക ലംഘനമായി നാം കണക്കാക്കുന്നതും മേല്‍ നടപടികള്‍ സ്വീകരിക്കുന്നതുമായിരിക്കും. മലങ്കര സഭാംഗങ്ങളായ ആരെയെങ്കിലും, ഏതെങ്കിലും വൈദികസ്ഥാനികളായി, സേവേറിയോസ്‌ മൂസാ ഗുര്‍ഗാനോ, അയാളാല്‍ അവരോധിക്കപ്പെടുന്ന ആരെങ്കിലുമോ പട്ടം കൊടുത്താല്‍ അവരെ സംബന്ധിച്ചും ഈ കല്‌പന ബാധകമായിരിക്കും. പ. സഭയുടെ ആത്മീയവും ഭൗതികവുമായ അച്ചടക്കം വിലയേറിയതായി നാം കരുതുന്നതിനാല്‍ നമ്മുടെ വാല്‍സല്യനിധികളായ സഭാമക്കള്‍ ആരും ഇത്തരത്തില്‍ പ്രവര്‍ത്തിക്കരുതെന്നും പ. സഭയില്‍ ഭിന്നത സൃഷ്‌ടിക്കുന്ന ആരുമായും യാതൊരു സംസര്‍ഗ്ഗവും പാടില്ലെന്നും നാം സ്‌നേഹപൂര്‍വ്വം ആവശ്യപ്പെടുന്നു.

ശേഷം പിന്നാലെ,

സര്‍വ്വശക്തനായ ദൈവത്തിന്റെ കൃപയും അനുഗ്രഹങ്ങളും, നിങ്ങ ളേവരോടും കൂടെ സദാ വര്‍ദ്ധിച്ചിരി
ക്കുമാറാകട്ടെ. ആയത്‌ ദൈവമാതാവായ പരിശുദ്ധ കന്യക മറിയാം അമ്മയുടേയും ഇന്ത്യയുടെ കാവല്‍പിതാവായ മാര്‍ത്തോമ്മാ ശ്ലീഹായുടേയും നമ്മുടെ പരിശുദ്ധ പിതാക്കന്‍മാരായ മാര്‍ ഗ്രീഗോറിയോസിന്റയും മാര്‍ ദീവന്നാസിയോസിന്റെയും ശേഷം സകല ശുദ്ധിമാന്മാരുടേയും ശുദ്ധിമതികളുടേയും പ്രാര്‍ത്ഥനകളാല്‍ തന്നെ. ആമ്മീന്‍.

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ...........................

ബസ്സേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍

2010 ജൂണ്‍ മാസം 19 -ാം തീയതി
കോട്ടയം കാതോലിക്കേറ്റ്‌
അരമനയില്‍നിന്നും.

Click here to read the Kalpana

http://www.orthodoxchurch.in/images/pdf/22-06-2010/kalpanatoallparish.pdf

20100617

മലങ്കര വര്‍ഗീസ്‌ വധക്കേസ്‌ പ്രതി ഫാ. തെക്കേക്കര കീഴടങ്ങി

.
പ്രതിയെ കസ്‌റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ സിബിഐ ആവശ്യപ്പെടാത്തതുകൊണ്ടു് ജാമ്യം കൊടുത്തു

കൊച്ചി, ജൂണ്‍ 16: ഓര്‍ത്തഡോക്‌സ്‌ സഭ മാനേജിങ്‌ കമ്മിറ്റി അംഗം മലങ്കര വര്‍ഗീസിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ഫാ. വര്‍ഗീസ്‌ തെക്കേക്കര (50) എറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ കോടതിയില്‍ കീഴടങ്ങി. പ്രതിയെ കസ്‌റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ സിബിഐ ആവശ്യപ്പെടാതിരുന്ന സാഹചര്യത്തില്‍ എറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ എന്‍. ലീലാമണി ജാമ്യം അനുവദിച്ചു.

ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ മുന്‍പാകെ ഏഴു ദിവസത്തിനകം കീഴടങ്ങണമെന്ന ഉപാധിയോടെ ജൂണ്‍ 11 നു ഫാ. വര്‍ഗീസ്‌ തെക്കേക്കരയ്‌ക്കു ഹൈക്കോടതി ജസ്റ്റിസ്‌ കെ ഹേമ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ യാക്കോബായ കത്തീഡ്രല്‍ വികാരിയായിരുന്ന ഫാ. വര്‍ഗീസ്‌ തെക്കേക്കരയെ ഒന്നാം പ്രതിയാക്കി സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കൊലക്കുറ്റം, ഗൂഢാലോചന, ആയുധനിരോധന നിയമം തുടങ്ങിയ ഒന്‍പതു വകുപ്പുകളാണ്‌ അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുള്ളത്‌.

20100615

കോതമംഗലം മാര്‍ത്തോമ്മാ ചെറിയ പള്ളി: മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭ നല്കിയ വിധി നടത്തിപ്പു ഹര്‍ജി നിലനില്‍ക്കും

കൊച്ചി, ജൂണ്‍ 15: കോതമംഗലം മാര്‍ത്തോമ്മാ ചെറിയ പള്ളി സംബന്ധിച്ച്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ വിധി നടത്തിപ്പു ഹര്‍ജി നിലനില്‍ക്കുന്നതാണെന്നു ഹൈക്കോടതി വ്യക്‌തമാക്കി. വിധി നടത്തിപ്പു ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരായിമാറിയ പള്ളിക്കമ്മറ്റിയുടെ പ്രാരംഭ തടസ്സ വാദം നിരസിച്ചുകൊണ്ടാണ്‌ ജസ്‌റ്റിസ്‌ പി. ഭവദാസന്റെ ഉത്തരവ്‌.

കോതമംഗലം മാര്‍ത്തോമ്മാ ചെറിയ പള്ളിയുടെ ഭരണം സംബന്ധിച്ച്‌ 1974 മുതല്‍ നടന്നു വരുന്ന കേസില്‍ മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയ്ക്കു് അനുകൂലമായി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ വിധി പ്രസ്താവിച്ചിരുന്നു. ഇതിനെതിരെ എതിര്‍വിഭാഗം നല്‍കിയ അപ്പീല്‍ പരിഗണിച്ച സുപ്രീം കോടതി, ഭേദഗതിയോടെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ വിധി അംഗീകരിച്ചു.

വിധി നടപ്പാക്കിക്കിട്ടാന്‍ മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയ്‌ക്കു വേണ്ടി വികാരി മാറാച്ചേരില്‍ തോമസ്‌ റമ്പാന്‍, കോതമംഗലം കുത്തുകുഴി സ്വദേശി ബാബു പോള്‍, തങ്കളം സ്വദേശി കെ.വി. ജയിംസ്‌ എന്നിവര്‍ സമര്‍പ്പിച്ച വിധി നടത്തിപ്പു ഹര്‍ജിയാണു കോടതി പരിഗണിച്ചത്‌. മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ പൗരസ്ത്യ കാതോലിക്കോസിനും ഭദ്രാസന മെത്രാപ്പൊലീത്തയ്‌ക്കും പള്ളിയുടെ മേലുള്ള അവകാശങ്ങള്‍, വികാരിയെ നിയമിക്കാനുള്ള അധികാരം, ആരാധന-ഭരണ കാര്യങ്ങളിലുള്ള നിയന്ത്രണം എന്നിവയെ ദോഷകരമായി ബാധിക്കുന്ന തരത്തില്‍ 1974ലെ മൂന്ന്‌ ഇടവക യോഗത്തിലും രണ്ടു കമ്മിറ്റി യോഗത്തിലും എടുത്ത തീരുമാനം നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്ന സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാണു ഹര്‍ജി. ഇവരുടെ അധികാരം മറികടന്നുള്ള നടപടികളും വൈദികരെ നീക്കുന്നതും അവര്‍ക്കു ശമ്പളമോ പെന്‍ഷനോ നിഷേധിക്കുന്നതും ഫണ്ട്‌ ചെലവിടുന്നതും സുപ്രീംകോടതി വിലക്കിയതു നടപ്പാക്കിക്കിട്ടണമെന്നും ആണു് ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നതു്.

മാര്‍തോമ ചെറിയ പള്ളി പള്ളിയുടെ ഭരണം നടത്തേണ്‌ടത്‌ 1934 ലെ ഓര്‍ത്തഡോക്സ്‌ സഭാ ഭരണഘടനയനുസരിച്ചാണെന്നും അതനുസരിച്ചുള്ള കാതോലിക്കയോ മെത്രാപ്പോലീത്തയോ നിയമിക്കുന്ന വൈദികര്‍ക്കു മാത്രമേ പള്ളിയില്‍ പ്രവേശനമുള്ളൂ എന്നും സുപ്രീം കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. തോമസ്‌ മാര്‍ ദീവന്നാസിയോസോ മറ്റാരെങ്കിലുമോ നിയമിക്കുന്ന വൈദികര്‍ക്കും സഭാസ്ഥാനികള്‍ക്കും പള്ളിയില്‍ പ്രവേശിക്കുന്നതിനും വിലക്കുണ്ട്‌.

വൈദികരെ നിയമിക്കുവാനോ നീക്കം ചെയ്യുവാനോ പള്ളി മുതലുകള്‍ ചെലവിടുന്നതിനോ നിലവിലുള്ള കമ്മറ്റിക്ക്‌ അധികാരമില്ലെന്നും സുപ്രീംകോടതി വിധിയില്‍ പറയുന്നു. പള്ളി പൊതുയോഗം വിളിച്ചുകൂട്ടുകയോ എന്തെങ്കിലും തീരുമാനം എടുക്കുന്നതിനും മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയ്ക്ക് മാത്രമാണ്‌ അധികാരമുള്ളൂ.

പരിശുദ്ധ ബസേലിയോസ് മാര്‍‍ത്തോമ്മാ മാത്യൂസ്‌ ദ്വിതീയന്‍ ബാവായുടെ മലങ്കര മെത്രാപ്പോലീത്താസ്ഥാനം ശരിവച്ച 2002-ലെ മലങ്കര അസോസിയേഷന്റെയും ഭരണസമിതിയുടെയും തിരഞ്ഞെടുപ്പോടെ വിധി നടത്തിപ്പു കഴിഞ്ഞുവെന്നും വിധി ലഭിച്ചവരല്ല വിധി നടത്തിപ്പു ഹര്‍ജി നല്‍കിയതെന്നും അതിനാല്‍ വിധി നടത്തിപ്പു സാധ്യമല്ലെന്നുമുള്ള എതിര്‍വാദം കോടതി അംഗീകരിച്ചില്ല. വിധി നടത്തിപ്പ്‌ ഹര്‍ജി സംബന്ധിച്ചുള്ള ഹര്‍ജി ഏത്‌ ഫോറത്തില്‍ പറയണമെന്നല്ലാതെ സിവില്‍ നിയമത്തില്‍ നടപടിക്രമങ്ങള്‍ വ്യക്തമാക്കുന്നില്ലെന്ന്‌ ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ സിവില്‍ നടപടി ക്രമത്തിലെ 21-ആം വകുപ്പു പ്രകാരമുള്ള വ്യവസ്ഥകള്‍ പരിഗണിക്കേണ്ടതുണ്ടെന്നും ഇക്കാരണം കൊണ്ട്‌ തന്നെ വിധി നടത്തിപ്പ്‌ ഹര്‍ജി നിലനില്‍ക്കുന്നതാണെന്നും ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു.

കോടതി വിധി : 1 2 3 4 5 6 7 8 9 10 11 12 13 14 15 16