20101211

ക്രിസ്തുമസ് വെളിച്ചത്തിന്റെ ഉത്സവം : പരിശുദ്ധ ബാവ

.
ക്രിസ്തുമസ് സന്ദേശം

ദേവലോകം, ഡിസം 11: ലോകത്തിനു മുഴുവന്‍ വെളിച്ചം പകരുവാനാണ് ക്രിസ്തു ലോകത്തിലേക്ക് വന്നത്. ആ നിലയ്ക്ക് ക്രിസ്തുമസ് വെളിച്ചത്തിന്റെ ഉത്സവമാണെന്ന് പൗരസ്ത്യ കാതോലിക്കോസ്-പാത്രിയര്‍‍ക്കീസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവാ തന്റെ ക്രിസ്തുമസ് സന്ദേശത്തിലൂടെ ഉദ്ബോധിപ്പിച്ചു.

ബി.സി. എട്ടാം നൂറ്റാണ്ടില്‍ യെശയ്യാ പ്രവാചകന്റെ വചനങ്ങള്‍ പ്രകാരം മനുഷ്യന്റെ ഹൃദയത്തിലും മനുഷ്യന്റെ മനസ്സിലും ക്രിസ്തുവാകുന്ന പ്രകാശം ഉദിക്കേണ്ടതുണ്ട്. നമ്മുടെ ഹൃദയത്തിലും ഒരു ക്രിസ്തു ജനിക്കണമെന്നും പരിശുദ്ധ ബാവാ പറഞ്ഞു.

20101210

പള്ളിയും സെമിത്തേരിയും പങ്കിടാന്‍ ഓര്‍ത്തഡോക്‌സ്‌- കത്തോലിക്കാ ധാരണ

കടപ്പാടു് മലയാള മനോരമ 2010 ഡിസംബര്‍ 10

കോട്ടയം: അത്യാവശ്യ സാഹചര്യങ്ങളില്‍ പള്ളിയും സെമിത്തേരിയും പങ്കുവച്ച്‌ ഉപയോഗിക്കാനും മൃതസംസ്‌കാര ശുശ്രൂഷാ കര്‍മത്തിന്‌ വൈദികരെ പങ്കുവയ്‌ക്കാനും റോമന്‍ കത്തോലിക്കാ സഭയും മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയും തമ്മിലുള്ള സഭൈക്യത്തിനായുള്ള രാജ്യാന്തര സമിതിയുടെ സമ്മേളനം തീരുമാനിച്ചു. നിബന്ധനകള്‍ക്കു വിധേയമായാണിത്‌.ഇരുസഭകളിലുംപെട്ടവര്‍ തമ്മിലുള്ള വിവാഹം സംബന്ധിച്ച്‌ സമാഹരിച്ച പൊതുധാരണകള്‍ കത്തോലിക്കാ സഭയുടെ മെത്രാന്‍ സംഘത്തിനും മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ സുന്നഹദോസിനും സമര്‍പ്പിക്കും. കൂടുതല്‍ പഠനത്തിനു ശേഷം പൊതു അംഗീകാരത്തിനു നല്‍കാനും സമിതി തീരുമാനിച്ചു.

രോഗികളുടെ തൈലാഭിഷേക കൂദാശ, രോഗീലേപനം എന്നിവ പ്രത്യേക സാഹചര്യങ്ങളിലും ആശുപത്രിയിലെ സാഹചര്യങ്ങളിലും ഇതരസഭയിലെ വൈദികരില്‍ നിന്നു സ്വീകരിക്കുന്നതു സംബന്ധിച്ചും ധാരണയായി. ഇരുസഭകളുടെയും പ്രധാന സമിതികള്‍ ചര്‍ച്ച ചെയ്‌ത്‌ അവസാന തീരുമാനത്തിലെത്തും.സഭൈക്യത്തിനുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ ആര്‍ച്ച്‌ ബിഷപ്‌ ബ്രിയാന്‍ ഫാറല്ലും ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസും സഹ അധ്യക്ഷരായിരുന്നു.

കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ച്‌ മാര്‍ ജോസഫ്‌ പൗവത്തില്‍, തോമസ്‌ മാര്‍ കൂറിലോസ്‌, ബിഷപ്‌ സില്‍വസ്‌റ്റര്‍ പൊന്നുമുത്തന്‍, റവ. ഡോ. മാത്യു വെള്ളാനിക്കല്‍, റവ. ഡോ. സേവ്യര്‍ കൂടപ്പുഴ, റവ. ഡോ. ജേക്കബ്‌ തെക്കേപ്പറമ്പില്‍, റവ. ഡോ. ഫിലിപ്പ്‌ നെല്‍പുരയില്‍ എന്നിവരും മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയെ പ്രതിനിധീകരിച്ച്‌ റവ. ഡോ. ജോണ്‍സ്‌ ഏബ്രഹാം കോനാട്ട്‌, റവ. ഡോ. ബേബി വര്‍ഗീസ്‌, റവ. ഡോ. ഒ. തോമസ്‌, റവ. ഡോ. റെജി മാത്യു, റവ. ഡോ. ജോസ്‌ ജോണ്‍, റവ. ഡോ. ടി.ഐ. വര്‍ഗീസ്‌, റവ. ഫാ. ഏബ്രഹാം തോമസ്‌ എന്നിവരും പങ്കെടുത്തു.

രാജ്യാന്തര സമിതി അംഗങ്ങള്‍ക്കു് ദേവലോകം അരമനയില്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാബാവായും ചങ്ങനാശേരി അതിരൂപതയില്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടവും സ്വീകരണം നല്‍കി.

കുറിഞ്ഞി പള്ളിയില്‍ ഓര്‍ത്തഡോക്‌സ് മെത്രാപ്പോലീത്തയെ തടയാന്‍ വിമത ശ്രമം;നേരീയ സംഘര്‍ഷം


കോലഞ്ചേരി: കുറിഞ്ഞി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ച് ഓര്‍ത്തഡോക്‌സ് സഭയുടെ മെത്രാപ്പോലീത്ത പള്ളിയില്‍ എഴുന്നള്ളി വിശുദ്ധ കര്‍‍ബാനയ്ക്ക് നേതൃത്വം നല്‍കിയതിനെച്ചൊല്ലി വിമത അന്ത്യോക്യാ പാത്രിയര്‍‍ക്കീസ് പക്ഷവും ഔദ്യോഗിക മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭാപക്ഷവും തമ്മിലുണ്ടായ തര്‍‍ക്കം നേരീയ സംഘര്‍ഷത്തിനിടയാക്കി.

പള്ളിയിലെ പെരുന്നാളിനു് തുടക്കം കുറിച്ചുകൊണ്ടു് നവം 8ബുധനാഴ്ച രാവിലെ 7 മണിക്കുള്ള കുര്‍ബാന അര്‍പ്പിക്കുവാന്‍ എത്തിയ മലങ്കര ഓര്‍ത്തഡോക്‌സ് (യാക്കോബായ)സുറിയാനി സഭയുടെ അങ്കമാലി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ് മെത്രാപ്പോലീത്തയെ തടയാന്‍ പള്ളിയിലുണ്ടായിരുന്ന അന്ത്യോക്യാ പാത്രിയര്‍‍ക്കീസ് പക്ഷക്കാര്‍ ശ്രമിച്ചെങ്കിലും അദ്ദേഹം പള്ളിയില്‍ പ്രവേശിച്ചു് കുര്‍‍ബാനയര്‍‍പ്പിച്ചു. കുര്‍‍ബാനയ്ക്കു് ശേഷം മെത്രാപ്പോലീത്ത പള്ളിയകത്തും അന്ത്യോക്യാ പാത്രിയര്‍‍ക്കീസ് പക്ഷക്കാര്‍ പള്ളിയുടെ കവാടത്തിലും നിലകൊണ്ടു.

ഇതിനിടെ അന്ത്യോക്യാ പാത്രിയര്‍‍ക്കീസ് പക്ഷമെത്രാന്‍മാരായ മാത്യൂസ് മാര്‍ ഈവാനിയോസ്, ഏലിയാസ് മാര്‍ അത്തനാസിയോസ്, സെക്രട്ടറി തമ്പുജോര്‍ജ് തുകലന്‍ എന്നിവര്‍‍ പള്ളിമുറിയിലെത്തി. ഈ ആഴ്ച ഓര്‍ത്തഡോക്‌സ് സഭയുടെ തവണയാണെന്നും ആ സമയത്ത് അന്ത്യോക്യാ പാത്രിയര്‍‍ക്കീസ് പക്ഷത്തെ മെത്രാന്‍മാര്‍‍ വന്നതു് ശരിയല്ലെന്നും മാത്യൂസ് മാര്‍ ഈവാനിയോസ് പോകാതെ പള്ളിയില്‍‍ നിന്നു് പോകില്ലെന്നും യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ് മെത്രാപ്പോലീത്ത വ്യക്തമാക്കി. തുടര്‍‍ന്നു് അന്ത്യോക്യാ പാത്രിയര്‍‍ക്കീസ് പക്ഷമെത്രാന്‍മാരെയും യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ് മെത്രാപ്പോലീത്തയെയും പുത്തന്‍കുരിശ്, മൂവാറ്റുപുഴ സിഐമാര്‍ അനുനയിപ്പിച്ചു് മടക്കിയയച്ചു.

അന്ത്യോക്യാ പക്ഷം അവരുടെ പെരുന്നാള്‍ തവണകളില്‍ മെത്രാപ്പോലീത്തമാരെ പള്ളിയില്‍ പ്രവേശിപ്പിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഓര്‍ത്തഡോക്‌സ് സഭയുടെ തവണയിലുള്ള സമയത്ത് പെരുന്നാള്‍ വന്നപ്പോള്‍ ഓര്‍ത്തഡോക്‌സ് സഭ മെത്രാപ്പോലീത്തയെ പ്രവേശിപ്പിച്ചത്. നിലവില്‍ അനുവദിക്കപ്പെട്ടിട്ടുള്ള ആരാധനാക്രമങ്ങള്‍ ആകാമെന്നും അതിന് പുത്തന്‍കുരിശ് പോലീസ്‌സംരക്ഷണം നല്‍കണമെന്നും നവംബര്‍‍ ആറിനുകോടതി ഉത്തരവായിരുന്നു.

ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ തവണയിലുള്ള സമയത്ത് പെരുന്നാള്‍ വന്നതോടെ പള്ളിയില്‍ കോടതി നിയോഗിക്കപ്പെട്ട വൈദികര്‍ക്കുമാത്രമേ ആരാധന അര്‍പ്പിക്കുവാന്‍ അവകാശമുള്ളു എന്ന് പറഞ്ഞാണ് അന്ത്യോക്യാ പക്ഷം ഓര്‍ത്തഡോക്‌സ് മെത്രാപ്പോലീത്തയെ തടയാന്‍ ശ്രമിച്ചത്. എന്നാല്‍ യാക്കോബായ പക്ഷം അവരുടെ പെരുന്നാള്‍ തവണകളില്‍ മെത്രാപ്പോലീത്തമാരെ പള്ളിയില്‍ പ്രവേശിപ്പിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഓര്‍ത്തഡോക്‌സ് വിഭാഗം മെത്രാപ്പോലീത്തയെ പ്രവേശിപ്പിച്ചത്. കുറിഞ്ഞി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളി കണ്ടനാട് കിഴക്കു് ഭദ്രാസനത്തിന്റെ കീഴിലുള്ള ഇടവകയാണു്. ഭദ്രാസനാധിപന്‍ ഡോ തോമസ് മാര്‍‍ അത്താനാസിയോസ് നാട്ടിലില്ലാത്തതുകൊണ്ടാണു് അങ്കമാലി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ് മെത്രാപ്പോലീത്ത ചുമതലയേല്‍ക്കേണ്ടിവന്നതു്.

ആലുവ അഡ്മിനിസ്‌ട്രേറ്റീവ് ഡിവൈഎസ്പി കെ.ബി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ പുത്തന്‍കുരിശ്, പിറവം, മൂവാറ്റുപുഴ സിഐമാരും വന്‍ പോലീസ്‌ സംഘവും സംഭവസ്ഥലത്തെത്തിയിരുന്നു. വന്‍ പോലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു.
ഓര്‍ത്തഡോക്‌സ് വിഭാഗം വി. അഞ്ചിന്‍മേല്‍ കുര്‍ബാന നടത്തുന്നതുസംബന്ധിച്ച് ഇരുവിഭാഗവും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതിനാല്‍ ബുധനാഴ്ച പോലീസ് ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നതിനിടയിലാണ് ഓര്‍ത്തഡോക്‌സ് വിഭാഗം മെത്രാപ്പോലീത്ത പള്ളിയിലെത്തിയതെന്ന് പോലീസ് പറഞ്ഞു.

10 മണിയോടെ മൂവാറ്റുപുഴ ആര്‍ഡിഒ മുഹമ്മദ് ബഷീര്‍ എത്തി ഇരുവിഭാഗത്തെയും വിളിച്ചുചേര്‍ത്ത് ചര്‍ച്ച നടത്തി.കോടതി തല്‍സ്ഥിതി തുടരാന്‍ മാത്രം പറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ കോടതി വിധിയനുസരിച്ച് മുന്നോട്ടുപോകുവാന്‍ ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഇരുവിഭാഗവും തീരുമാനിച്ച് 11.30 ഓടെ പിരിഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളിലുമായി നാലുപേര്‍ ആശുപത്രിയില്‍ ചികിത്സതേടി. ഓര്‍ത്തഡോക്‌സ് പക്ഷത്തെ പരിയാരം പൊട്ടക്കല്‍ പി.എ. റെജി (38), തിരുവാണിയൂര്‍ കാരിവേലില്‍ കെ.പി. യോഹന്നാന്‍ (55) കോലഞ്ചേരി മെഡിക്കല്‍ കോളേജിലും അന്ത്യോക്യാ പക്ഷത്തെ തേനുംകുറ്റിയില്‍ ടി.കെ. ബിജു (35), ഇടപ്പുംപുറത്ത് ജോഷി ജോസഫ് (39) എന്നിവര്‍ വടവുകോട് ഗവ.ആശുപത്രിയിലുമാണ് ചികിത്സ തേടിയത്.

എം റ്റി വി ചിത്രങ്ങള്‍ ഇവിടെ

ഇവിടെയും

അന്ത്യോക്യാ പക്ഷ ചിത്രങ്ങള്‍‍

എതിര്‍‍ വാര്‍‍ത്ത

20101206

അക്രമത്തിനും ക്വട്ടേഷന്‍ സംഘ പ്രവര്‍ത്തനങ്ങള്‍ക്കും എതിരെ സമൂഹ മനസാക്ഷി ഉണരണം- പരിശുദ്ധ ബാവാ

പെരുമ്പാവൂര്‍, 2010 ഡിസംബര്‍‍ 5: അക്രമത്തിനും ക്വട്ടേഷന്‍ സംഘ പ്രവര്‍ത്തനങ്ങള്‍ക്കും എതിരെ സമൂഹ മനസാക്ഷി ഉണര്‍ത്താന്‍ യുവാക്കള്‍ രംഗത്തിറങ്ങണമെന്നു് പൗരസ്ത്യ കാതോലിക്കോസ് പാത്രിയര്‍‍ക്കീസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവാ പറഞ്ഞു. അങ്കമാലി ഭദ്രാസനത്തിലെ പെരുമ്പാവൂര്‍ മാര്‍ സുലോക്കോ പള്ളിയില്‍ ടി. എം. വര്‍ഗീസ് അനുസ്മരണവും ലഹരി വിരുദ്ധ സമ്മേളനവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ഓര്‍ത്തഡോക്സ് സഭാ അദ്ധ്യക്ഷന്‍. ടി. എം. വര്‍ഗ്ഗീസ് വധത്തിനു പിന്നില്‍ പ്രവര്‍ത്തച്ചവരെ മാതൃകാപരമായി ശിക്ഷിക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്നും ബാവാ പറഞ്ഞു.

മദ്യവിരുദ്ധ യജ്ഞം - യുവജന സംഘടനകളുടെ നീക്കം അഭിനന്ദനീയം


ഓര്‍ത്തഡോക്സ് സഭ ‘യു-ടേണ്‍’ എന്ന പേരില്‍ ആരംഭിച്ചിരിക്കുന്ന മദ്യവിരുദ്ധ യജ്ഞം സമൂഹത്തില്‍ നല്ല പ്രതികരണം സൃഷ്ടിച്ചിരിക്കുകയാണു്. രാഷ്ട്രീയ കക്ഷികളുടെ യുവജന-വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും ഈ തരം സാമൂഹ്യ വിപത്തുകള്‍ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത് അഭിനന്ദനാര്‍ഹവും അനുകരണീയവുമാണെന്നും ബാവാ പറഞ്ഞു. അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്താ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസിന്റെ അദ്ധ്യക്ഷതയില്‍ ഫാ. ചെനയപ്പള്ളി ഐസക്ക് കോറെപ്പിസ്ക്കോപ്പാ, മുന്‍ സഭാ സെക്രട്ടറി എം. റ്റി. പോള്‍, സിസ്റര്‍ ഡീന, വികാരി ഫാ. ഫിലന്‍ പി. മാത്യു എന്നിവര്‍ പ്രസംഗിച്ചു.

ഔഗേന്‍ ബാവാ സ്മാരക പ്രഭാഷണം

ദേവലോകം : പരിശുദ്ധ ബസേലിയോസ് ഔഗേന്‍ കാതോലിക്കാ ബാവായുടെ 35-ാമത് ഓര്‍മ്മ പെരുന്നാളിനോടനുബന്ധിച്ച് ഡിസംബര്‍ 7 ചൊവ്വ വൈകിട്ട് 6 മണിക്ക് സന്ധ്യാനമസ്കാരത്തെത്തുടര്‍ന്ന് ദേവലോകം അരമന ചാപ്പലില്‍ ഫാ. മത്തായി ഇടയനാല്‍ കോറെപ്പിസ്ക്കോപ്പാ ഔഗേന്‍ സ്മാരക പ്രഭാഷണം നടത്തും.

തുടര്‍ന്ന് റാസയും ആശീര്‍വാദവും നടക്കും. 8 ബുധന്‍ രാവിലെ 6.15 ന് പ്രഭാത നമസ്ക്കാരം 7 മണിക്ക് പൗരസ്ത്യ കാതോലിക്കോസ് പാത്രിയര്‍‍ക്കീസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന നടക്കും. തുടര്‍ന്ന് റാസ, ആശീര്‍വാദം, നേര്‍ച്ച വിളമ്പ് എന്നിവ ഉണ്ടായിരിക്കുമെന്ന് ദേവലോകം അരമന മാനേജര്‍ ഫാ. എം. കെ. കുര്യന്‍ അറിയിച്ചു.

20101204

കോലഞ്ചേരി പള്ളി തുറന്നു

തര്‍ക്കത്തെത്തുടര്‍ന്ന് പൂട്ടിക്കിടന്ന കണ്ടനാടു് (പടിഞ്ഞാറു്) മെത്രാപ്പാലിത്തന്‍ ഭദ്രാസനത്തിലെ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളി 2010 ഡിസംബര്‍‍ 3 വെള്ളിയാഴ്ച തുറന്ന് വിശ്വാസികള്‍ ആരാധന നടത്തി. പള്ളി തുറന്ന് ആരാധന നടത്തുന്നതിനായി മലങ്കര ഓര്‍ത്തഡോക്‌സ് (യാക്കോബായ) സുറിയാനി സഭയുടെ വികാരി ഫാ. ജേക്കബ് കുര്യന് ജില്ലാക്കോടതി താക്കോല്‍ കൈമാറിയതോടെയാണ് ഉച്ചയ്ക്ക് രണ്ടുമണിയോടെ നൂറുകണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തില്‍ പള്ളി തുറന്നത്.

ആദ്യ ആരാധനയ്ക്കുശേഷം മണിക്കൂറുകള്‍ നീണ്ട ശുചീകരണം വിശ്വാസികള്‍ക്ക് ആവേശമായി. 1934ലെ സഭാ ഭരണഘടന പള്ളിയില്‍ പ്രാബല്യത്തിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി റിസീവര്‍ ഭരണം ഏര്‍പ്പെടുത്തണമെന്ന വിഘടിത യാക്കോബായ സുറിയാനി ക്രിസ്ത്യാനി വിഭാഗത്തിന്റെ ആവശ്യം തള്ളി.

സഭാ തര്‍ക്കത്തെ തുടര്‍ന്ന് 1998 ഏപ്രില്‍ 18-നാണ് കോലഞ്ചേരി പള്ളി ആദ്യം അടച്ചുപൂട്ടിയത്. വര്‍ഷങ്ങളോളം അടഞ്ഞുകിടന്ന പള്ളിക്കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചു തുടങ്ങിയിരുന്നു. ഇതോടെ വിശ്വാസികളുടെ ശക്തമായ ആവശ്യത്തെത്തുടര്‍ന്ന് 2005ല്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയ്‌ക്കൊടുവില്‍ പള്ളി തുറന്നെങ്കിലും അധികംവൈകാതെ അടച്ചു. ഒരുവര്‍ഷത്തിനുശേഷം ഇരുവിഭാഗത്തിലെയും വിശ്വാസികള്‍ സംയുക്തമായി നടത്തിയ നീക്കങ്ങളുടെ അടിസ്ഥാനത്തില്‍ 2006ല്‍ പ്രധാന പെരുന്നാളിനോടനുബന്ധിച്ച് വീണ്ടും പള്ളി തുറന്നു. പിന്നീട് പള്ളിയുടെ താക്കോല്‍ അന്നത്തെ വികാരി ഫാ. എബ്രഹാം പൂവത്തുംവീട്ടില്‍ മൂവാറ്റുപുഴ ആര്‍.ഡി.ഒ.യ്ക്ക് കൈമാറിയതോടെ പള്ളിയുടെ നിയന്ത്രണം സര്‍ക്കാരിനായി. ഇതിനെതിരെ മലങ്കര ഓര്‍ത്തഡോക്‌സ് (യാക്കോബായ) സുറിയാനി സഭ ഹൈക്കോടതിയെ സമീപിച്ചതിനാല്‍ 2007 ആഗസ്തില്‍ വീണ്ടും പള്ളി പൂട്ടി താക്കോല്‍ ഹൈക്കോടതി ജില്ലാക്കോടതിക്ക് കൈമാറി.

മൂന്നുവര്‍ഷം നീണ്ട വാദങ്ങള്‍ക്കൊടുവിലാണ് പള്ളി വിശ്വാസികള്‍ക്ക് ആരാധനയ്ക്ക് തുറന്നുനല്‍കാന്‍ ഉത്തരവായത്. മൂവാറ്റുപുഴ ഡിവൈഎസ്പി കെ.എം.സാബു മാത്യു, സി.ഐ.മാരായ പി.പി.ഷംസ്, കെ.ബിജുമോന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തുണ്ട്.

20101203

സഭാ തര്‍ക്ക പരിഹാരം: പ്രത്യേക ബോര്‍ഡിനുള്ള സാധ്യത തേടി

കൊച്ചി: സഭാ തര്‍ക്കം പരിഹരിക്കാന്‍ ദേവസ്വം ബോര്‍ഡ്‌ മാതൃകയില്‍ പ്രത്യേക ബോര്‍ഡ്‌ രൂപീകരിക്കുന്നതിനുള്ള സാധ്യത ഹൈക്കോടതി ആരാഞ്ഞു. ദേവസ്വം ബോര്‍ഡിനും വഖഫ്‌ ബോര്‍ഡിനും സമാനമായി ബോര്‍ഡ്‌ രൂപീകരിച്ചാല്‍ ഫണ്ടുകള്‍ ബോര്‍ഡിന്റെ നിയന്ത്രണത്തിലാവുമെന്നും തര്‍ക്കങ്ങള്‍ ഒഴിവാക്കാനാവുമെന്നും ജസ്‌റ്റിസുമാരായ തോട്ടത്തില്‍ രാധാകൃഷ്‌ണന്‍, പി. ഭവദാസന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച്‌ അഭിപ്രായപ്പെട്ടു.

നിസാരമായ തര്‍ക്കങ്ങളാണ്‌ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്നും അതിനാല്‍ ബന്ധപ്പെട്ട കക്ഷികള്‍ തയാറായാല്‍ മധ്യസ്‌ഥതയിലൂടെ പ്രശ്‌നം പരിഹരിക്കാമെന്നും ഇതിനായി മധ്യസ്‌ഥ സ്‌ഥാപനങ്ങളെ നിയോഗിക്കാനാവുമെന്നും കോടതി പറഞ്ഞു. മധ്യസ്‌ഥതയിലൂടെ പ്രശ്‌നം പരിഹരിക്കാനാവുമെന്നു കോടതി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. കുറിഞ്ഞി പള്ളിക്കേസാണ്‌ ഡിവിഷന്‍ ബെഞ്ച്‌ ഇന്നലെ പരിഗണിച്ചത്‌.
2010 ഡിസംബര്‍‍ 3 മംഗളം
.