20100610

മലങ്കര വര്‍ഗീസ്‌ വധം: പരാതികള്‍ സി.ജെ.എം കോടതിയില്‍ ഉന്നയിക്കാം

കൊച്ചി, ജൂണ്‍ 9: മലങ്കര വര്‍ഗീസ്‌ വധക്കേസില്‍ സി.ബി.ഐ നടത്തിയ അന്വേഷണത്തെക്കുറിച്ചുളള പരാതികള്‍ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ കോടതിയില്‍ ഉന്നയിക്കാവുന്നതാണെന്ന്‌ ഹൈക്കോടതി വ്യക്തമാക്കി.
കേസന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തണമെന്നാവശ്യപ്പെട്ട്‌ വര്‍ഗീസിന്റെ ഭാര്യ സാറാമ്മ സമര്‍പ്പിച്ച ഹരജി തീര്‍പ്പാക്കിയാണ്‌ ജസ്റ്റീസ്‌ വി രാംകുമാറിന്റെ ഉത്തരവ്‌. അന്വേഷണം പൂര്‍ത്തിയാക്കി സി. ബി. ഐ എറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ (സി.ജെ.എം) കോടതിയില്‍ അന്തിമ റിപോര്‍ട്ട്‌ സമര്‍പ്പിച്ച സാഹചര്യത്തില്‍ കുറ്റപത്രം സംബന്ധിച്ച പരാതികള്‍ സി.ജെ.എം കോടതിയിലാണ്‌ ഉന്നയിക്കേണ്‌ടതെന്ന്‌ കോടതി വ്യക്തമാക്കി.

20100609

റോമന്‍ കത്തോലിക്കാ – അസ്സീറിയന്‍‍ മെത്രാന്മാര്‍ക്ക് ഓര്‍ത്തഡോക്സ് സഭയുടെ സ്വീകരണം



കൊരട്ടി, ജൂണ്‍ 1: സീറോ മലബാര്‍‍ റോമന്‍ കത്തോലിക്കാ – അസ്സീറിയന്‍‍ കല്‍ദായ സുറിയാനി സഭകളിലെ അഭിനവ മെത്രാന്മാര്‍ക്ക് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കൊച്ചി ഭദ്രാസന ആസ്ഥാനമായ കൊരട്ടി സീയോന്‍ സെമിനാരിയില്‍ സ്വീകരണം നല്‍കി.

കത്തോലിക്കാ സഭയിലെ തൃശൂര്‍ ജില്ലയില്‍പെട്ട അഭിനവ ബിഷപ്പുമാരായ മാര്‍ റാഫേല്‍ തട്ടില്‍ (തൃശൂര്‍ രൂപത), മാര്‍ പോളി കണ്ണൂര്‍ക്കാടന്‍ (ഇരിങ്ങാലക്കുട രൂപത); കല്‍ദായ സഭയിലെ അഭിനവ ബിഷപ്പുമാരായ മാര്‍ യോഹന്നാന്‍ യോസഫ്,മാര്‍ ഔഗേന്‍ കുറിയാക്കോസ് എന്നിവര്‍ക്ക് കൊച്ചി ഭദ്രാസന ആസ്ഥാനമായ കൊരട്ടി സീയോന്‍ സെമിനാരിയില്‍ 2010 ജൂണ്‍ ഒന്നാം തീയതി വൈകുന്നേരം സ്വീകരണവും അത്താഴവിരുന്നും നല്‍കി.
അസ്സീറിയന്‍‍ കല്‍ദായ സുറിയാനി സഭയിലെ ആര്‍ച്ച് ബിഷപ്പ് ഡോ. മാര്‍ അപ്രേമും സംബന്ധിച്ചിരുന്നു.

ഇപ്രകാരമുള്ള എപ്പിസ്കോപ്പല്‍ സംഗമം തുടര്‍ന്നും നടത്തുവാന്‍ തീരുമാനമായി.

Reception of Catholic and Kaldaya Church Bishops at Koratti Seeyon Aramana on 1st June 2010
.

20100607

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരിസ്ഥിതി കമ്മീഷന്‍ പ. ബാവാ ഉദ്ഘാടനം ചെയ്തു


കോട്ടയം: ലോക പരിസ്ഥിതി ദിനത്തില്‍ പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന സന്ദേശവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരിസ്ഥിതി കമ്മീഷന്റെ ഉദ്ഘാടനം ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് രാവിലെ 10-ന് കോട്ടയം ബസേലിയോസ് കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ ബാവാ നിര്‍വഹിച്ചു.

പരിശുദ്ധ കാതോലിക്കാ ബാവയുടെ പ്രസംഗത്തില്‍ നിന്ന് :- "ഭൂമിയുടെ സംരക്ഷകനാകേണ്ട മനുഷ്യന്‍ അതിന്റെ അന്തകനായി മാറിക്കൊണ്ട് ഭൂമിക്കു ചരമഗീതം രചിച്ചു കൊണ്ടിരിക്കുന്ന ഭയാനകമായ വര്‍ത്തമാനകാല യാഥാര്‍ത്യത്തിനാണ് നാം ഇന്ന് സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. ലോക സമൂഹം ഇന്ന് അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കും മറ്റു അനേക പ്രകൃതി ദുരന്തങ്ങള്‍ക്കുമുള്ള പ്രധാന കാരണം മനുഷ്യന്റെ അത്യാര്‍ത്തി പൂണ്ട പ്രകൃതി ചൂഷണം തന്നെയാണെന്ന് ആധുനിക ശാസ്ത്ര പഠനങ്ങള്‍ സംശയ ലേശമെന്യേ തെളിയിച്ചു കഴിഞ്ഞു. അതുകൊണ്ട് ഭൂമിയെ ചൂഷണം ചെയ്യുവാന്‍ വേണ്ടിയല്ല മറിച്ച് തോട്ടം കാപ്പാനും വേല ചെയ്യുവാനുമായിട്ടാണ് ദൈവം നമ്മെ ഭൂമിയില്‍ ആക്കിയിരിക്കുന്നത്‌ എന്ന ഉത്തമമായ ചിന്ത നമ്മെ ഭരിക്കണം. പ്രകൃതി കേന്ദ്രീകൃതമായ ജീവിത ശൈലിയുടേയും ആത്മീയ ജീവിതത്തിന്റെയും വക്താക്കളായി മാറുവാന്‍ നമുക്ക് ആത്മാര്‍ഥമായി പരിശ്രമിക്കാം.

മലങ്കര ഓര്‍ത്തഡോക്സ് സഭ പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത മനസ്സിലാക്കികൊണ്ട് പരിസ്ഥിതി പരിപാലനം ഒരു സുപ്രധാന ദൌത്യങ്ങളിലൊന്നായി ഏറ്റെടുത്തിരിക്കുകയാണ്. സാധാരണക്കാരായ സഭാമക്കള്‍ക്ക് പരിസ്ഥിതിയെപ്പറ്റി കൂടുതല്‍ അവബോധം നല്‍കി പ്രകൃതിയെ കൂടുതല്‍ സ്നേഹിക്കുന്ന ഒരു തലമുറയെ വളര്‍ത്തിക്കൊണ്ടുവരുവാന്‍ തക്കവണ്ണം ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ടിരിക്കുന്ന സഭയുടെ പരിസ്ഥിതി കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിക്കട്ടെ എന്ന് നാം പ്രത്യാശിക്കുന്നു. മഹത്തായ ഒരു സാമൂഹിക ഉത്തരവാദിത്വമാണ് നാം ഇതിലൂടെ നിര്‍വഹിക്കുന്നത് എന്ന ബോധ്യം നമുക്കുണ്ടാകണം. സമൃദ്ധിയായ ജീവന്റെ ബഹിര്‍സ്ഫുരണമായ ഒരു ഹരിത സഭയും സമൂഹവും യാഥാര്‍ത്ഥ്യമാക്കുക എന്ന സ്വപ്നം സാക്ഷാത്കരിക്കുവാന്‍ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ മുഖാന്തിരമാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. ആധുനികതയുടെ കൃത്രിമത്വത്തില്‍ നിന്നു പ്രകൃതിയുടെ സ്വച്ചതയിലേക്ക് സമൂഹത്തെ നയിക്കുവാനും, കൃഷി കേന്ദ്രീകൃതമായ ഒരു ആവാസ വ്യവസ്ഥക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് നമ്മുടെ പുത്തന്‍ തലമുറയെ ഭൂമിയെ സംരക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരു തലമുറയായി വളര്‍ത്തിക്കൊണ്ടുവരുവാനും ഈ പ്രവര്‍ത്തനങ്ങളില്‍കൂടി ദൈവരാജ്യത്തിന്റെ പതിപ്പായ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിച്ചെടുക്കുവാനുമുള്ള ധന്യമായ ഈ ദൌത്യത്തില്‍ പങ്കുകാരാകുവാനും സഭയായും സമൂഹമായും ഇടവകയായും ഭവനങ്ങളായും വ്യക്തികളായും നമുക്ക് ഒത്തൊരുമിച്ചു ചേര്‍ന്ന് പ്രവര്‍ത്തിക്കാം. ഈ സ്വപ്നം യാഥാര്‍ത്ഥ്യമാകുവാന്‍ തക്കവണ്ണം ഇന്ന് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്ന സഭയുടെ പരിസ്ഥിതി കമ്മീഷനു സാധിക്കട്ടെ എന്നു പ്രാര്‍ഥിച്ചു കൊണ്ടും എല്ലാ നന്മകളും ആശംസകളും കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേര്‍ന്നുകൊണ്ടും മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരിസ്ഥിതി കമ്മീഷന്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതായി നാം പ്രഖ്യാപിക്കുന്നു. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ."


ടങ്ങില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരിസ്ഥിതി കമ്മീഷന്‍ പ്രസിഡണ്ട്‌ അഭി. കുര്യാക്കോസ് മാര്‍ ക്ലീമീസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട്‌ അഭി. ഡോ ജോസഫ്‌ മാര്‍ ദീവന്നാസിയോസ് മെത്രാപ്പോലീത്താ, മാവേലിക്കര ബിഷപ്‌ മൂര്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. മാത്യു കോശി പുന്നക്കാട് , അസോസിയേഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ്ജ് ജോസഫ്‌, വൈദിക സെമിനാരി പ്രിന്‍സിപ്പല്‍ ഫാ. ഡോ. കെ.എം. ജോര്‍ജ്ജ്. പരിസ്ഥിതി കമ്മീഷന്‍ സെക്രട്ടറി ഫാ. ബിജു മാത്യൂസ്‌, പ്രൊഫ. ജേക്കബ് കുര്യന്‍ ഓണാട്ട് , പ്രൊഫ. പി.സി. ഏലിയാസ് എന്നിവര്‍പ്രസംഗിച്ചു.

അനുബന്ധ വാര്‍‍ത്ത

ഓര്‍ത്തഡോക്‌സ് സഭ പരിസ്ഥിതി കമ്മീഷന്‍ രൂപവത്കരിച്ചു

20100605

മലങ്കര വര്‍ഗീസ്‌ വധം: കുറ്റപത്രം സമ്പൂര്‍ണമല്ലെന്നു് ഹര്‍ജി

കൂടുതല്‍ അന്വേഷണം വേണമെന്നു് ആവശ്യപ്പെട്ട്‌ ഭാര്യ കോടതിയില്‍

കൊച്ചി, ജൂണ്‍ 3: മലങ്കര വര്‍ഗീസ്‌ വധക്കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രം സമ്പൂര്‍ണമല്ലെന്നു ചൂണ്ടിക്കാട്ടി കൊല്ലപ്പെട്ട വര്‍ഗീസിന്റെ ഭാര്യ സാറാമ്മ എറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ കോടതിയില്‍ ഹര്‍ജി നല്‍കി. കേസില്‍ സിബിഐ കൂടുതല്‍ അന്വേഷണം നടത്തണമെന്നാണ്‌ അഡ്വ.സി.പി. ഉദയഭാനു മുഖേന നല്‍കിയ ഹര്‍ജിയിലെ മുഖ്യ ആവശ്യം.
കേസില്‍ വിശദമായ അന്വേഷണം നടത്താതെയാണു സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ചതെന്നും കൊലപാതകം ആസൂത്രണം ചെയ്‌തവരെക്കുറിച്ചും ഗൂഢാലോചന നടത്തിയവരെക്കുറിച്ചും സി.ബി.ഐ. അന്വേഷണം നടത്തിയിട്ടില്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്‌. സി.ബി.ഐയുടെ അന്തിമറിപ്പോര്‍ട്ട്‌ തള്ളി കൂടുതല്‍ അന്വേഷണത്തിനു നിര്‍ദേശിക്കണമെന്നാണ്‌ ആവശ്യം.

കേസിലെ മുഖ്യപ്രതികളായ ഫാ. വര്‍ഗീസ്‌ തെക്കേക്കര, ജോയ്‌ വര്‍ഗീസ്‌ എന്നിവരുടെ ഉന്നതബന്ധങ്ങള്‍ അന്വേഷിക്കണം. 1993 മുതല്‍ മലങ്കര വര്‍ഗീസ്‌ വധഭീഷണിയിലാണ്‌. ഒന്നിലേറെ തവണ ആക്രമണമുണ്ടായിട്ടുണ്ടെങ്കിലും ഇത്തരം വിശദാംശങ്ങളിലേക്കു സിബിഐ അന്വേഷണം നടന്നിട്ടില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ പള്ളിയിലെ ശിലാസ്‌ഥാപന വാര്‍ഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട്‌ 2002 ഒക്‌ടോബര്‍ രണ്ടിനു സംഘര്‍ഷമുണ്ടായ കാരോത്തുപടി ജംക്‌ഷനില്‍നിന്നു് മലങ്കര വര്‍ഗീസും മറ്റു നാലുപേരും സഞ്ചരിച്ച കാര്‍ വേഗത്തില്‍ കുതിച്ചുപായുന്നതിനിടയിലുണ്ടായ അപകടത്തില്‍ പരുക്കേറ്റ യാക്കോബായ യൂത്ത്‌ അസോസിയേഷന്‍ പ്രവര്‍ത്തകന്‍ ബിനുവിന്റെ മരണത്തോടെയാണ്‌ മലങ്കര വര്‍ഗീസിനെ കൊലപ്പെടുത്താന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയതെന്ന സിബിഐയുടെ കണ്ടെത്തല്‍ സാറാമ്മ വര്‍ഗീസ്‌ പൂര്‍ണമായി അംഗീകരിക്കുന്നില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായ കുര്യാക്കോസ്‌ വധക്കേസുമായി ബന്ധപ്പെട്ടാണു മലങ്കര വര്‍ഗീസ്‌ കൊല്ലപ്പെട്ടതെന്ന സംശയവും സാറാമ്മ ഉന്നയിക്കുന്നുണ്ട്‌.

ഹര്‍ജി വാദത്തിനായി മജിസ്‌ട്രേറ്റ്‌ എന്‍. ലീലാമണി ജൂണ്‍7 തിങ്കളാഴ്‌ചത്തേക്കു മാറ്റി.

20100604

ഓര്‍ത്തഡോക്‌സ് സഭ പരിസ്ഥിതി കമ്മീഷന്‍ രൂപവത്കരിച്ചു

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരിസ്ഥിതി കമ്മീഷന്റെ ഔപചാരിക ഉദ്ഘാടനം ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് രാവിലെ 10-ന് കോട്ടയം ബസേലിയോസ് കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ ബാവാ നിര്‍വഹിക്കും.

കല്‍ക്കട്ടാ ഭദ്രാസനാധിപന്‍ ഡോ. ജോസഫ് മാര്‍ ദിവന്ന്യാസിയോസ് അനുഗ്രഹ പ്രഭാഷണവും ഫാ. ഡോ. കെ. എം. ജോര്‍ജ്ജ് മുഖ്യപ്രഭാഷണവും മാവേലിക്കര ബിഷപ്പ് മൂര്‍ കോളജ് പ്രന്‍സിപ്പല്‍ വിഷയാവതരണവും നടത്തും. ഡോ. ജോര്‍ജ്ജ് ജോസഫ്, പ്രൊഫ. ജേക്കബ് കുര്യന്‍ ഓണാട്ട് എന്നിവര്‍ ചര്‍ച്ച നയിക്കും. വൃക്ഷ തൈകള്‍ വിതരണവും നടക്കും. ഓര്‍ത്തഡോക്സ് സഭാ പരിസ്ഥിതി കമ്മീഷന്റെ ആഭിമുഖ്യത്തിലും സഭാ പ്രസ്ഥാനങ്ങളുടെയും ഇടവകകളുടെയും സഹകരണത്തിലും ഒരു ലക്ഷം വൃക്ഷ തൈകള്‍ നടുന്നതാണ്.


മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ വിവിധ തലങ്ങളില്‍ നടന്നുവന്ന പരിസ്ഥിതിപ്രവര്‍ത്തനം 'ഹരിതസഭ' എന്ന പേരില്‍ ഏകോപിപ്പിക്കുന്നതിനായി കുര്യാക്കോസ് മാര്‍ ക്ലീമിസ് മെത്രാപ്പോലീത്ത (പ്രസി.) ഡോ.ജോസഫ് മാര്‍ ദിവാന്നാസ്യോസ് മെത്രാപ്പോലീത്ത(വൈസ് പ്രസി.) ഫാ.ബിജു മാത്യു (ജന. സെക്ര) എന്നിവര്‍ ഉള്‍പ്പെടുന്ന ഒമ്പതംഗ ഉപദേശകസമിതിയും 17 അംഗ കേന്ദ്രക്കമ്മറ്റിയും ഉള്ള പരിസ്ഥിതി കമ്മീഷന്‍ ഫെബ്രുവരിയില്‍‍ പ. സുന്നഹദോസാണു് രൂപവത്കരിച്ചതു്. പ്രഥമയോഗം മെയ് 23 ഞായറാഴ്ച 5ന് പത്തനംതിട്ട ബേസില്‍ അരമനയില്‍ ചേര്‍‍ന്നു.


Read H.G. Kuriakose Mar Clemis Metropolitan's Kalpana. മലങ്കര ഓര്‍ത്തഡോക്സ് സഭ പരിസ്ഥിതി കമ്മീഷന്‍ പ്രസിഡണ്ട്‌ അഭി. കുറിയാക്കോസ് മാര്‍ ക്ലീമീസ് മെത്രാപ്പോലീത്തായുടെ കല്പന ഇവിടെ ചേര്‍ത്തിരിക്കുന്നു.

20100603

മലങ്കര വര്‍ഗീസ് വധം: ജാമ്യമില്ലാ വാറണ്ടിലെ നടപടികള്‍ക്ക് സ്റ്റേ


കൊച്ചി:
മലങ്കര വര്‍ഗീസ് വധക്കേസിലെ ഒന്നാം പ്രതി ഫാ.വര്‍ഗീസ് തെക്കേക്കരക്കെതിരെ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പുറപ്പെടുവിച്ച ജാമ്യമില്ലാ വാറണ്ടിലെ നടപടികള്‍ ഹൈ കോടതി താല്‍‍ക്കാലികമായി തടഞ്ഞു. ഫാ.വര്‍ഗീസ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയും വരെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (സി ജെ എം) ഉത്തരവു് നടപ്പാക്കുന്നതാണ് ഹൈ കോടതിയിലെ ജസ്റ്റിസ് കെ.ഹേമ ജൂണ്‍ ‍2-നു് സ്റ്റേ ചെയ്തതു്.

വര്‍ഗീസിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തുകയും വാടക ഗുണ്ടകള്‍ക്ക് ഫണ്ട്കൈമാറുകയും ചെയ്തുവെന്നാണ് ഫാ.വര്‍ഗീസിനെതിരായ ആരോപണം. 55,000 രൂപ കേസിലെ രണ്ട് പ്രതികള്‍ മുഖേന കൊലപാതകം നടത്തിയ ക്വട്ടേഷന്‍ സംഘത്തിന്റെ തലവന് ഇദ്ദേഹം നല്‍കിയെന്ന് സി.ബി.ഐ കുറ്റപത്രത്തില്‍ പറഞ്ഞിട്ടുണ്ട്. ബിനു കുടുംബ സഹായ നിധിക്കായി പിരിച്ച പണത്തില്‍നിന്ന് തുക വകമാറ്റി നല്‍കുകയായിരുന്നു. ഇത്തരത്തില്‍ തുക കൈമാറിയിട്ടുണ്ടെങ്കില്‍ മതിയായ തെളിവുകള്‍ ഉണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ സി.ബി.ഐ അഭിഭാഷകന് കഴിഞ്ഞില്ല.

ഫാ. തെക്കേക്കരക്കെതിരെ കൂട്ടുപ്രതികളുടേതല്ലാതെ മറ്റു സാക്ഷി മൊഴികളില്ലെന്നും സി.ബി.ഐ അഭിഭാഷകന്‍ വ്യക്തമാക്കി. എന്നാല്‍, ഏഴാം പ്രതിയുടെ കുറ്റസമ്മത മൊഴിയില്‍ പങ്കാളിത്തത്തെക്കുറിച്ച് പറയുന്നുണ്ട്. ഫാ.വര്‍ഗീസ് തെക്കേക്കരയെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കിയപ്പോള്‍ ഇതുസംബന്ധിച്ച സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും സി.ബി.ഐ അഭിഭാഷകന്‍ എം വി എസ് നമ്പൂതിരി ബോധിപ്പിച്ചു.

അഭിഭാഷകന്‍ സി പി ഉദയഭാനുവിന്റെ വാദം

ഒന്നാം പ്രതിയെക്കുറിച്ച് കുറ്റപത്രം സമര്‍പ്പിക്കുന്നതുവരെ സൂചനകളൊന്നും പറഞ്ഞിരുന്നില്ലെങ്കിലും തുടക്കം മുതലെ (ലോക്കല് പോലീസ് അന്വേഷണം ആരംഭിക്കുന്നതു മുതലെ) സംശയത്തിന്റെ നിഴലിലായിരുന്നുവെന്ന് കൊല്ലപ്പെട്ട വര്‍ഗീസിന്റെ ഭാര്യ സാറാമ്മയുടെ അഭിഭാഷകന്‍ സി പി ഉദയഭാനു ബോധിപ്പിച്ചു. പൊലീസ് ആദ്യം നടത്തിയ അന്വേഷണ സമയത്ത് അറസ്റ്റിലായ പ്രതികള്‍ ഗൂഡാലോചനയിലുള്‍പ്പെട്ട മുഴുവന്‍പേരെ കുറിച്ചും മൊഴി നല്‍കിയിരുന്നു. എന്നാല്‍, യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ സമ്മര്‍‍ദവും രാഷ്ട്രീയ ഇടപെടലും മൂലമാണു് പങ്ക് പുറത്തു വരാതിരുന്നതു്. ഉന്നത സ്വാധീനം മൂലം അറസ്റ്റ് ഒഴിവാക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് സി.ബി.ഐ അന്വേഷണത്തിനായി ഹൈ കോടതിയെ സമീപിച്ചത്.

സി.ബി.ഐ അന്വേഷണം ഫലപ്രദമല്ലെന്ന് കാണിച്ച് പിന്നീട് സമര്‍പ്പിച്ച ഹര്‍ജി ഇപ്പോഴും കോടതിയുടെ പരിഗണനയിലുണ്ട്. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയിലെ ഉന്നതരുടെ അറിവില്ലാതെ ഒന്നാം പ്രതി കൊലപാതകം ആസൂത്രണം ചെയ്യില്ല. ഈ പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്താല്‍ മാത്രമേ മുഴുവന്‍ വിവരങ്ങളും പുറത്തുകൊണ്ടുവരാനാകൂ. സിബിഐയുടെ ഒത്തുകളിയുടെ ഫലമാണു് കൊലപാതകത്തിനു് ഗൂഢാലോചന നടത്തിയ ഉന്നത വൈദീകരെ ഒഴിവാക്കി അന്വേഷണം അവസാനിപ്പിച്ചതെന്നും സി.പി.ഉദയഭാനു ബോധിപ്പിച്ചു.

വര്‍ഗീസിനെ കൊലപ്പെടുത്താന്‍ മുമ്പും ശ്രമം നടന്നിരുന്നു. ആ കേസില്‍ ഒന്നും രണ്ടും പ്രതികളായിരുന്നവര്‍ ഇപ്പോഴത്തെ കേസില്‍ മൂന്നും നാലും പ്രതികളാണ്. അക്കാലത്തുണ്ടായ ഗൂഢാലോചന പിന്നീടും തുടര്‍ന്നതാണ് കൊലപാതകത്തിന് വഴിവെച്ചതെന്നും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയിലെ ഉന്നതരുടെ അറിവോടെയാണിതെന്നും ഹരജിക്കാരുടെ അഭിഭാഷകന്‍ സി.പി.ഉദയഭാനു വാദിച്ചു.

സി.ബി.ഐ അറസ്റ്റ് ചെയ്ത രണ്ടാം പ്രതി സിമന്റ് ജോയിയ്ക്കെതിരെ ഉന്നയിച്ചിട്ടുള്ള സമാന കുറ്റാരോപണങ്ങള്‍‍തന്നെയാണു് ഫാ. തെക്കേക്കരക്കെതിരെയുള്ളതെന്നും അറസ്റ്റ് ഒഴിവാക്കിയതു് ന്യായീകരിക്കാനാവില്ലെന്നും സി.പി.ഉദയഭാനു ബോധിപ്പിച്ചു. അതിനാല്‍, എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (സി ജെ എം) കോടതിയില്‍ ഹാജരായി ഫാ. തെക്കേക്കര ജാമ്യം തേടുകയാണു വേണ്ടതെന്നും മുന്‍‍കൂര്‍‍ ജാമ്യം അനുവദിക്കേണ്ട പ്രത്യേക സാഹചര്യം നിലവിലില്ലെന്നും സി.പി.ഉദയഭാനു വാദിച്ചു.ഫാ.വര്‍ഗീസ് ഫാ. തെക്കേക്കര സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയും വരെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (സി ജെ എം) ഉത്തരവു് നടപ്പാക്കുന്നതാണു് ജസ്റ്റിസ് കെ.ഹേമ സ്റ്റേ ചെയ്തതു്.
.

20100601

മലങ്കര വര്‍ഗീസ്‌ വധം: ഫാ. തെക്കേക്കരയുടെ പങ്ക്‌ എന്തെന്നു കോടതി

കൊച്ചി: മലങ്കര വര്‍ഗീസ് വധക്കേസിലെ ഒന്നാംപ്രതിയായ ഫാ. വര്‍ഗീസ് തെക്കേക്കരയെ ഇതുവരെ അറസ്റ്റു ചെയ്യാതിരുന്നത് എന്തുകൊണ്ടെന്ന് ഹൈക്കോടതി മെയ് 31നു് ആരാഞ്ഞു. ഇതുസംബന്ധിച്ച കേസ് ഡയറി സി.ബി.ഐ. ജൂണ്‍ 2 ബുധനാഴ്ച ഹാജരാക്കാന്‍ ജസ്റ്റിസ് കെ. ഹേമ നിര്‍ദേശിച്ചു. രണ്ടാംപ്രതിയായ ജോയ് വര്‍ഗീസിനെ അറസ്റ്റ് ചെയ്യുകയും ജാമ്യാപേക്ഷയെ എതിര്‍ക്കുകയും ചെയ്ത സി.ബി.ഐ. ഒന്നാംപ്രതിയെ ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ലെന്നും ഇത് ഒത്തുകളിയാണെന്നും കാണിച്ച് മലങ്കര വര്‍ഗീസിന്റെ ഭാര്യ സാറാമ്മ വര്‍ഗീസ് നല്‍കിയ ഹര്‍ജി പരിഗണിച്ചാണിത്. ഫാ. വര്‍ഗീസ് തെക്കേക്കരയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയോടൊപ്പമാണ് ഹര്‍ജി പരിഗണിച്ചത്.


എട്ടുവര്‍ഷമായി അന്വേഷണം നടത്തുന്ന സിബിഐ അവസാന നിമിഷം തന്നെ ഒന്നാംപ്രതിയാക്കിയെന്ന്‌ ഫാ. തെക്കേക്കരയ്‌ക്കു വേണ്ടി അഭിഭാഷകന്‍ ബോധിപ്പിച്ചു. സമന്‍സ്‌ പുറപ്പെടുവിച്ചതിനു തൊട്ടുപിന്നാലെ കോടതി ജാമ്യമില്ലാവാറന്റ്‌ പുറപ്പെടുവിച്ചുവെന്നും ഹര്‍ജിഭാഗത്ത്‌ അഡ്വ. ബി. രാമന്‍പിള്ള ബോധിപ്പിച്ചു.

അന്വേഷണവുമായി പ്രതി പൂര്‍ണമായി സഹകരിച്ചുവെന്നും, കേസിന്റെ സെന്‍സേഷണല്‍ സ്വഭാവം പരിഗണിച്ചാണ്‌ അറസ്‌റ്റ്‌ ഒഴിവാക്കിയതെന്നും സിബിഐക്കു വേണ്ടി അഡ്വ. എം.വി.എസ്‌. നമ്പൂതിരി ബോധിപ്പിച്ചു.

സി.ബി.ഐ.യുടെ നിലപാട് തൃപ്തികരമല്ലെന്ന് കോടതി വ്യക്തമാക്കി. കേസന്വേഷണവുമായി സഹകരിക്കുന്നവരെയൊക്കെ അറസ്റ്റില്‍നിന്നൊഴിവാക്കുമോ എന്ന് കോടതി വാക്കാല്‍ ആരായുകയും ചെയ്തു. അറസ്‌റ്റിന്റെ കാര്യത്തില്‍ പ്രതികള്‍ക്കിടയില്‍ വിവേചനപരമായ നിലപാടാണു സ്വീകരിച്ചതെന്നു മലങ്കര വര്‍ഗീസിന്റെ ഭാര്യ സാറാമ്മയുടെ അഭിഭാഷകന്‍ ആരോപിച്ചു.

കുറ്റകൃത്യത്തിനുശേഷം കേസില്‍ മറ്റൊരു പ്രതിയും ഗുണ്ടാനേതാവുമായ വ്യക്തിക്ക് ഒന്നാംപ്രതി 55,000 രൂപ നല്‍കിയെന്നു കുറ്റപത്രത്തിലുണ്ടെന്ന്‌ സാറാമ്മയ്‌ക്കുവേണ്ടി അഡ്വ. സി.പി. ഉദയഭാനു ബോധിപ്പിച്ചു.

ഈ സാഹചര്യത്തിലാണ്‌, ഒന്നാംപ്രതിയുടെ കേസിലെ പങ്ക്‌ എന്താണെന്നു കോടതി വിശദീകരണം തേടിയത്‌. സിബിഐ ഹര്‍ജിക്കാരനെ സഹായിക്കുന്നുവെന്നാണ്‌ ആക്ഷേപം. അറസ്‌റ്റു ചെയ്‌തില്ല, കുറ്റപത്രം നല്‍കി വെറുതെയിരുന്നു, സമന്‍സ്‌ നല്‍കിയില്ല എന്നൊക്കെ പരാതികളുണ്ട്‌. ഒന്നാംപ്രതിയുടെ പങ്കാളിത്തം വ്യക്തമായിട്ടുണ്ടെങ്കിലും അറസ്റ്റ് നടക്കാതിരുന്നത് മറ്റേതെങ്കിലും പരിഗണനകൊണ്ടാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേസില്‍ വൈദികര്‍ അറസ്റ്റിലാവുന്നത് ഇത് ആദ്യമായല്ല- വാദം കേള്‍ക്കുമ്പോള്‍ കോടതി പറഞ്ഞു. കേസ്‌ ജൂണ്‍ 2 നു് വീണ്ടും പരിഗണിക്കാനായി മാറ്റി.

ഏതായാലും കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞതിനാല്‍ സാധാരണഗതിയില്‍ ഒന്നാംപ്രതിക്ക് മുന്‍കൂര്‍ ജാമ്യത്തിനര്‍ഹതയുണ്ട് എന്നും കോടതി നിരീക്ഷിച്ചു. കേസില്‍ 19 പ്രതികളുണ്ട്.
.