20100527

ബസ്സേലിയോസ് തൊമസ്സ് പ്രഥമന്‍ സ്ഥാനമൊഴിയുവാന്‍ തയ്യാറെന്നു്

.

പുത്തന്‍‌കുരിശില്‍ ചേര്‍ന്ന യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് ബസേലിയോസ് തോമസ് പ്രഥമനു് സമ്പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.



പുത്തന്‍‌കുരിശു്, മെയ് 19:
‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ പ്രാദേശിക കാതോലിക്കാ ശ്രേഷ്ഠ ബസ്സേലിയോസ് തൊമസ്സ് പ്രഥമന്‍ പ്രായാധിക്യത്തിന്റെ പേരില്‍ സ്ഥാനമൊഴിയുവാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. മെയ് 19 നു് പുത്തന്‍‌കുരിശില്‍ ചേര്‍ന്ന വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസില്‍‍ വച്ചാണു് ഈ സ്ഥാനത്യാഗ നാടകം അരങ്ങേറിയതു്. എപ്പിസ്കോപ്പല്‍ സുന്നഹദോസ് ഒന്നടങ്കം ശ്രേഷ്ഠ തൊമസ്സ് പ്രഥമന്‍ ബാവായോട് തുടരണമെന്ന് അപേക്ഷിക്കുകയും തോമാസ് പ്രഥമന്‍ ബാവായുടെ നേതൃത്വത്തിന്‍ കീഴില്‍ സഭ ഒറ്റകെട്ടായി നിന്ന് പ്രതിസന്ധികളെ നേരിടുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

ഓര്‍ത്തഡോക്‌സ് സഭാംഗമായിരുന്ന മലങ്കര വര്‍ഗീസിന്റെ മരണവുമായി ബന്ധപ്പെട്ട്‌ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയെ അപകീര്‍ത്തിപ്പെടുത്താന്‍ ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വത്തിലെ ചിലര്‍ ദുഷ്‌പ്രചരണം നടത്തുന്നതില്‍ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനിസഭാ എപ്പിസ്കോപ്പല്‍ സുന്നഹദോസ് പ്രതിഷേധിച്ചു.

ധന്യനായ പൌലോസ് മോര്‍ അത്താനാസിയോസ് തിരുമേനിയുടെ മഹാ പൌരോഹിത്യ ശതാബ്‌ദി സമാപന സമ്മേളനം ജൂണ്‍ മാസം 13 നു ധന്യന്റെ മാതൃഇടവകയായ അകപറമ്പ് മാര്‍ ശബോര്‍ അഫ്രോത്ത് പള്ളിയില്‍വച്ച് സഭാടിസ്ഥാനത്തില്‍ ആഘോഷിക്കുവാനും, വിമത സുന്നഹദോസ് തീരുമാനിച്ചു.

ബസ്സേലിയോസ് തൊമസ്സ് പ്രഥമന്റെ അദ്ധ്യക്ഷതയില്‍ പുത്തന്‍‌കുരിശില്‍ ചേര്‍ന്ന എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസില്‍ വിമത സഭയിലെ എല്ലാ മെത്രാന്മാരും പങ്കെടുത്തു.

ഉറവിടം യാക്കോബൈറ്റ് ഓണ്‍ ലൈന്‍
.

20100522

വിമാന ദുരന്തം : പരിശുദ്ധ പിതാവു് അനുശോചിച്ചു

ദേവലോകം: മംഗലാപുരത്ത് 158 പേരുടെ മരണത്തിന് ഇടയാക്കിയ എയര്‍ ഇന്ത്യാ വിമാന അപകടത്തില്‍ ഓര്‍ത്തഡോക്സ് പൗരസ്ത്യ സഭാ പരമാദ്ധ്യക്ഷന്‍ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവാ അനുശോചിച്ചു. മരിച്ചവരുടെ ആത്മാവിനു വേണ്ടിയും അവരുടെ കുടുംബാംഗങ്ങള്‍ക്ക് ഈ പ്രതിസന്ധി അഭിമുഖീകരിക്കാനുള്ള കരുത്ത് ലഭിക്കുന്നതിനായും പള്ളികളില്‍ പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്ന് പരിശുദ്ധ പിതാവു് ആഹ്വാനം ചെയ്തു.

മലങ്കര വര്‍ഗീസ്‌ വധം: യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ അങ്കമാലി ഭദ്രാസന മാനേജരച്ചനെതിരെ ജാമ്യമില്ലാ വാറന്റ്‌


കൊച്ചി: മലങ്കര വര്‍ഗീസ്‌ വധക്കേസിലെ ഒന്നാം പ്രതിയും സിബിഐ കുറ്റപത്രം സമര്‍പ്പിക്കുന്നതുവരെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ അങ്കമാലി ഭദ്രാസന മാനേജരുമായിരുന്ന ഫാ. വര്‍ഗീസ്‌ തെക്കേക്കരയ്‌ക്കെതിരെ കോടതി മെയ് 20നു് ജാമ്യമില്ലാ വാറണ്ട്‌ പുറപ്പെടുവിച്ചു. കേസിലെ മറ്റു 18 പ്രതികളും പലപ്പോഴായി കോടതിയില്‍ കീഴടങ്ങുകയും, അറസ്‌റ്റിലാവുകയും ചെയ്‌തിരുന്നു. ഒടുവില്‍ അറസ്‌റ്റിലായ രണ്ടാംപ്രതി ജോയ്‌ വര്‍ഗീസിനു് മെയ് 20നു് തന്നെ ഹൈക്കോടതി ജസ്‌റ്റിസ്‌ കെ. ഹേമ ജാമ്യം അനുവദിയ്ക്കുകയും ചെയ്തു.

എറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ എന്‍. ലീലാമണി കേസിലെ ഒന്നാംപ്രതിക്കെതിരെ ജാമ്യമില്ലാ വാറണ്ടു് പുറപ്പെടുവിച്ചതോടെ ഇനി കേസ്‌ പരിഗണിക്കുന്ന ജൂണ്‍ മൂന്നിനു മുന്‍പ്‌ ഫാ. വര്‍ഗീസ്‌ തെക്കേക്കരയെ സിബിഐ അറസ്‌റ്റുചെയ്യണം. മൂന്നു മുതല്‍ 19 വരെയുള്ള എല്ലാ പ്രതികള്‍ക്കും ജൂണ്‍ മൂന്നിനു് ഹാജരാവാന്‍ കോടതി മെയ് 20നു് സമന്‍സ്‌ അയച്ചു. കൊലക്കുറ്റം, ഗൂഢാലോചന, ആയുധനിരോധന നിയമം തുടങ്ങിയ ഗുരുതരമായ ഒന്‍പതു വകുപ്പുകളാണു് ഫാ. വര്‍ഗീസ്‌ തെക്കേക്കരയ്‌ക്കെതിരെ സിബിഐ ചുമത്തിയിട്ടുള്ളത്‌.


രണ്ടാംപ്രതി സിമന്റ് ജോയിക്ക്‌ ജാമ്യം

കൊച്ചി: മലങ്കര വര്‍ഗീസ്‌ വധക്കേസില്‍ രണ്ടാംപ്രതി ആലുവ മൂഴയില്‍ വീട്ടില്‍ ജോയ്‌ വര്‍ഗീസ്‌ (51)നു് ഹൈക്കോടതി മെയ് 20നു് ജാമ്യം അനുവദിച്ചു. 10,000 രൂപയുടെ സ്വന്തം ജാമ്യവും തുല്യതുകയ്‌ക്കുള്ള രണ്ടാള്‍ജാമ്യവും നല്‍കണമെന്നു തുടങ്ങി വ്യവസ്‌ഥകള്‍ ഏര്‍പ്പെടുത്തിക്കൊണ്ടാണു ജസ്‌റ്റിസ്‌ കെ. ഹേമയുടെ ഉത്തരവ്‌. പാസ്‌പോര്‍ട്ട്‌ ഉണ്ടെങ്കില്‍ ഒരാഴ്‌ചയ്‌ക്കുള്ളില്‍ സറണ്ടര്‍ ചെയ്യണം. ഇല്ലെങ്കില്‍ അക്കാര്യം വ്യക്‌തമാക്കി സത്യവാങ്‌മൂലം സമര്‍പ്പിക്കണമെന്നു് നിര്‍ദേശമുണ്ട്‌.

ചിത്രങ്ങള്‍: മലങ്കര വര്‍ഗീസ് വധം: ഇതു് നിങ്ങള്‍ക്കു് ഏതുമല്ലയോ? കടപ്പാട്:malankaraorthodox.tv
.

20100515

മലങ്കര വര്‍ഗീസ്‌ വധക്കേസ്: തോമസ് പ്രഥമന്റെ നേതൃത്വത്തിന്‍ കീഴില്‍ ഒറ്റക്കെട്ടായി നിന്നു് നേരിടുമെന്നു് വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ

കൊച്ചി: മലങ്കര വര്‍ഗീസിന്റെ മരണവുമായി ബന്ധപ്പെട്ട്‌ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയെ അപകീര്‍ത്തിപ്പെടുത്താന്‍ ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം ദുഷ്‌പ്രചരണം നടത്തുകയാണെന്നു് യാക്കോബായ സുറിയാനി ക്രിസ്ത്യാനിസഭാ നേതൃയോഗം ആരോപിച്ചു.

സി.ബി.ഐ. സമര്‍പ്പിച്ച കുറ്റപത്രം കോടതിയുടെ പരിഗണനയിലായതിനാല്‍ കൂടുതല്‍ അഭിപ്രായ പ്രകടനങ്ങള്‍ പാടില്ലെന്ന്‌ സഭ കരുതുന്നു. സഭയിലെ വൈദികരാരും ഇത്തരം ഹീനകൃത്യങ്ങള്‍ക്കു കൂട്ടുനില്‍ക്കുമെന്നു കരുതുന്നില്ല.

യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടേയും സഭാ പിതാക്കന്മാരുടേയും നേരേയുള്ള ഓര്‍ത്തഡോക്‌സ് സഭയുടെ ആരോപണങ്ങളും ദുഷ്‌പ്രചാരണങ്ങളും അവജ്‌ഞയോടെ തള്ളിക്കളയുന്നതായി യോഗം പ്രഖ്യാപിച്ചു.

യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ വളര്‍ച്ചയും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയ്‌ക്കു സമൂഹത്തില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന അംഗീകാരവും ഇല്ലാതാക്കാന്‍ നടത്തുന്ന ഏതു നീക്കങ്ങളേയും ശ്രേഷ്‌ഠ കാതോലിക്കാ ബാവയുടെ നേതൃത്വത്തിന്‍ കീഴില്‍ ഒറ്റക്കെട്ടായിനിന്നു് നേരിടുമെന്നു നേതൃയോഗം വ്യക്‌തമാക്കി.

സി.ബി.ഐയുടെ കണ്ടെത്തലുകളുടെ അടിസ്‌ഥാനത്തില്‍ ഞെളിയംപറമ്പില്‍ ബിനുവിന്റെ മരണം സംബന്ധിച്ചു കൂടുതല്‍ അന്വേഷണം വേണ്ടിവരുമെന്നു കരുതുന്നതായി യോഗം അഭിപ്രായപ്പെട്ടു.


പത്രക്കുറിപ്പ്



മറുപടി

20100513

നവാഭിഷിക്‌തര്‍ പരുമലയില്‍ പ്രാര്‍ഥന നടത്തി

പരുമല മെയ് 13: മെയ് 12-നു് അഭിഷിക്‌തരായ മെത്രാന്‍മാര്‍ പരിശുദ്ധ പരുമല തിരുമേനിയുടെ കബറിടത്തില്‍ ധൂപപ്രാര്‍ഥന നടത്തി.
സെമിനാരി മാനേജര്‍ എം. ഡി. യൂഹാനോന്‍ റമ്പാന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.

അനുമോദന സമ്മളനത്തില്‍ എം. ഡി. യൂഹാനോന്‍ റമ്പാന്‍, ഫാ. അലക്‌സാണ്ടര്‍ കൂടാരത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. സഖറിയാസ്‌ മാര്‍ അപ്രേം മറുപടി പ്രസംഗം നടത്തി.

20100512

മെത്രാന്‍, മെത്രാപ്പോലീത്താ സ്ഥാനങ്ങള്‍

.

എപ്പിസ്കോപ്പാ

‘എപ്പിസ്കോപ്പാ’ (മെത്രാന്‍) എന്ന വാക്കിന്റെ അര്‍ത്ഥം ‘മേല്‍നോട്ടക്കാരന്‍’(Overseer) എന്നാണ്. ഭൂമിയിലെ ആദ്ധ്യാത്മിക കാര്യങ്ങളുടെ മേല്‍നോട്ടക്കാരനും, ദൈവിക രഹസ്യങ്ങളുടെ ഗൃഹവിചാരകനുമാണ് എപ്പിസ്കോപ്പാ. യേശു ക്രിസ്തുവിന്റെ കൌദാശിക സാന്നിദ്ധ്യമാണ് എപ്പിസ്കോപ്പാ എന്ന് ഓര്‍ത്തഡോക്സ് പാരമ്പര്യം പഠിപ്പിക്കുന്നു. The sacramental presence of Jesus Christ indwelled in Episcopa. അതുകൊണ്ടാണ് ജനം എപ്പിസ്കോപ്പാമാരുടെ കൈകള്‍ മുത്തുന്നത്. അപ്പോസ്തോലിക കൈവയ്പ്പിന്റെ പിന്‍തുടര്‍ച്ചക്കാരാണ് എപ്പിസ്കോപ്പാമാര്‍.

മെത്രാപ്പോലീത്ത

‘Metro’, ‘Polis’ രണ്ട് ഗ്രീക്ക് പദങ്ങളില്‍ നിന്നാണ് ‘മെത്രാപ്പോലീത്ത’ എന്ന പദം ഉണ്ടായിരിക്കുന്നത്. ‘Polis’എന്നാല്‍ പട്ടണം എന്നാണ് ‘Metro’ എന്നാല്‍ വലിയ. ആദിമകാലത്ത് സുവിശേഷം പ്രചരിച്ചിരുന്ന റോമാ സാമ്രാജ്യത്തിലെ പ്രധാനപ്പെട്ട പട്ടണങ്ങളെല്ലാം മെത്രാപ്പോലീത്തന്‍ സിറ്റികളായിരുന്നു. അവിടുത്തെ എപ്പിസ്കോപ്പാമാര്‍ മെത്രാപ്പോലീത്ത എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. ആത്മീയ അധികാരത്തോടൊപ്പം ഭൌതിക അധികാരവും അവര്‍ക്കുണ്ടായിരുന്നു. മെത്രാപ്പോലീത്തന്‍മാര്‍ക്ക് ആത്മീയ അധികാരത്തോടു കൂടി സഭയുടെ ഭൌതികമായ കാര്യങ്ങളുടെ മേല്‍നോട്ടവും ചേര്‍ന്നു വരുന്നു.
വലിയ മെത്രാപ്പോലീത്തായായ മലങ്കര മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ സ്വതന്ത്ര ചുമതലയോടെ ഭരിക്കുവാനായി സ്ഥാനാരോഹണം ചെയ്യപ്പെട്ട എപ്പിസ്കോപ്പായാണ് മെത്രാപ്പോലീത്ത. സ്വതന്ത്ര ചുമതലയില്ലാത്ത എപ്പിസ്കോപ്പ (മെത്രാന്‍) ഏതെങ്കിലും മെത്രാപ്പോലീത്തായുടെ അസിസ്റ്റന്റായിരിക്കും.



1934 - ലെ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ ഭരണഘടന 113 - ാം വകുപ്പനുസരിച്ച് നടത്തുന്നതാണ് മെത്രാന്‍ തെരഞ്ഞെടുപ്പ്. മെത്രാനായി ആയി പട്ടം കൊടുക്കണമെങ്കില്‍ ആ വ്യക്തിയെ പള്ളി പ്രതിപുരുഷന്മാര്‍ (4000) അംഗങ്ങളായുള്ള മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷന്‍ തെരഞ്ഞെടുക്കുകയും, ആ തെരഞ്ഞെടുപ്പ് എപ്പിസ്ക്കോപ്പല്‍ സിനഡ് (Bishops Council) അംഗീകരിക്കുകയും വേണം. ഡെമോക്രസിയുടെയും എപ്പിസ്ക്കോപ്പസിയുടെയും സമജ്ഞസ സമ്മേളനമാണ് ഈ തെരഞ്ഞെടുപ്പ് സമ്പ്രദായം.

ഈ തെരഞ്ഞെടുപ്പിന് മറ്റൊരു പ്രത്യേകതയുണ്ട്. അസ്സോസിയേഷനില്‍ ഹാജരുള്ള വൈദീകരുടെയും അത്മായരുടെയും പ്രത്യേകം പ്രത്യേകം ഭൂരിപക്ഷം നേടിയെങ്കില്‍ മാത്രമെ ഒരാള്‍ മെത്രാന്‍സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുകയുള്ളു. തെരഞ്ഞെടുപ്പ് നടപടി ചട്ടങ്ങളനുസരിച്ച് അര്‍ഹരായ സ്ഥാനാര്‍ത്ഥികളെ സിനഡ് പ്രതിനിധികളും സഭാ സ്ഥാനികളും മാനേജിംഗ് കമ്മറ്റിയുടെ പ്രതിനിധികളടങ്ങുന്ന സ്ക്രീനിംഗ് കമ്മറ്റി വിലയിരുത്തിക്കഴിഞ്ഞ് ലിസ്റ് സഭാ മാനേജിംഗ് കമ്മറ്റിക്ക് സമര്‍പ്പിച്ചു. സഭാ മാനേജിംഗ് കമ്മറ്റി പരിഗണിച്ച് അംഗീകരിച്ച സ്ഥാനാര്‍ത്ഥി പട്ടിക മലങ്കര അസ്സോസിയേഷന് സമര്‍പ്പിച്ചു. ആ പട്ടികയില്‍ നിന്ന് വോട്ടെടുപ്പിലൂടെ അസ്സോസിയേഷന്‍ തെരഞ്ഞെടുത്തതാണ് 2010 മെയ് 12നു് അഭിഷേകം ചെയ്യപ്പെട്ട 7 വൈദിക ശ്രേഷ്ഠര്‍. 7 പേര്‍ക്കൂടി വാഴിക്കപ്പെട്ടതോടെ ഓര്‍ത്തഡോക്സ് സഭയ്ക്ക് പരിശുദ്ധ ബാവായടക്കം 33 മെത്രാന്‍മാരായി. 7 പേരൊഴിച്ചുള്ളവരെല്ലാം മെത്രാപ്പോലീത്തമാരാണിപ്പോള്‍.

.

മലങ്കര സഭയുടെ ഔദ്യോഗിക ഓണ്‍ലൈന്‍ ന്യുസ് സൈറ്റ് കാതോലിക്കേറ്റ് ന്യൂസ് ഉദ്ഘാടനം ചെയ്തു





കോട്ടയം, മെയ് 12: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ഔദ്യോഗിക ഓണ്‍ലൈന്‍ ന്യുസ് സൈറ്റായ കാതോലിക്കേറ്റ് ന്യൂസ്‌ (http://www.orthodoxchurch.in/) കോട്ടയം മാര്‍ എലിയാ കത്തീഡ്രെലില്‍ വച്ച് പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ ബാവാ ഉദ്ഘാടനം ചെയ്തു.

മെത്രാന്‍ സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് ശേഷം നടന്ന ചടങ്ങില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ശ്രേഷ്ഠ നിയുക്ത കാതോലിക്ക അഭി. പൌലോസ് മാര്‍ മിലിത്തിയോസ്, പരുമല സെമിനാരി മാനേജര്‍ റവ. എം.ഡി. യൂഹാനോന്‍ റമ്പാന്‍, സഭയുടെ മാനവ വിഭവശേഷി വിഭാഗം ഡയറക്ടര്‍ ഫാ. പി.എ. ഫിലിപ്പ്,ദേവലോകം അരമന ചാപ്ലൈന്‍ ഫാ. യൂഹാനോന്‍ ജോണ്‍ നവാഭിഷിക്ത മെത്രാന്മാര്‍ എന്നിവരും പങ്കെടുത്തു.

2009 ഓഗസ്റ്റ്‌ 1 മുതല്‍ പരുമല സെമിനാരിയില്‍ നിന്നും പ്രവര്‍ത്തിച്ചു വന്ന "ഗ്രിഗോറിയന്‍ ന്യൂസ്" ആണ് ഇപ്പോള്‍ മലങ്കര സഭയുടെ ഔദ്യോഗിക ഓണ്‍ലൈന്‍ ന്യുസ് സൈറ്റായി പരിശുദ്ധ കാതോലിക്ക ബാവ പ്രഖ്യാപിച്ചത്. ഇതോടൊപ്പം തന്നെ ഗ്രിഗോറിയന്‍ ടി.വി., ഗ്രിഗോറിയന്‍ റേഡിയോ എന്നിവയും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഔദ്യോഗിക ഇന്റര്‍നെറ്റ്‌ സര്‍വീസായി പരിശുദ്ധ ബാവപ്രഖ്യാപിച്ചു.

.