20141221

മുളന്തുരുത്തി മാര്‍ത്തോമ്മൻ പള്ളിയില്‍ മലങ്കര – അന്ത്യോക്യന്‍ സഭകള്‍ തമ്മില്‍ വന്‍ സംഘര്‍ഷം; ഏതാനും പേര്‍ക്ക് പരിക്ക്‌

മുളന്തുരുത്തി, ഡിസംബര്‍ 20 – സഭാ തര്‍ക്കം നിലനില്‍ക്കുന്ന മുളന്തുരുത്തി മാര്‍ത്തോമ്മൻ പള്ളിയില്‍  വി.മാര്‍ത്തോമ്മാ ശ്ലീഹായുടെ ഓര്‍മപ്പെരുന്നാളുമായി ബന്ധപ്പെട്ട് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയും അന്ത്യോക്യന്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയും തമ്മില്‍ ഡിസംബര്‍ 20 ശനിയാഴ്ച രാത്രി വലിയ സംഘര്‍ഷമുണ്ടായി. പള്ളിക്കകത്ത് ഉന്തും തള്ളും, ചെറിയ തോതില്‍ അടിപിടിയും ഉണ്ടായി. രാത്രി വൈകിയും സംഘര്‍ഷാവസ്ഥയായിരുന്നു. വന്‍ പോലീസ് സന്നാഹവും സ്ഥലത്തുണ്ട്.

ക്രമം അനുസരിച്ചു് മാര്‍ത്തോമ്മൻ പള്ളിയിലെ ആരാധന ഡിസംബര്‍ 20 ശനിയാഴ്ച വൈകീട്ട് 6 മണി മുതൽ 21 ഞായറാഴ്ച വൈകീട്ട് 6 മണി വരെ ഓർത്തഡോക്സ് സഭയുടെ വീതത്തിലാണ്. ഓർത്തഡോക്സ് സഭയുടെ പ്രദക്ഷിണം (റാസ) ശനിയാഴ്ച രാത്രി പള്ളിയിൽ കയറുന്നതിനു് മുമ്പു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ വിഭാഗം പള്ളിക്കകത്ത് ഉണ്ടാക്കിയ സംഘര്‍ഷത്തില്‍ സ്‌പെഷല്‍ ബ്രാഞ്ച് എസ്.ഐ. ജോണ്‍ എ. ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. രാത്രി 7 മണിയോടെ എത്തിയ പ്രദക്ഷിണം (റാസ) പള്ളിയിൽ പ്രവേശിപ്പിയ്ക്കാതെ പള്ളിക്ക് മുൻപിൽ പോലീസ് തടഞ്ഞു. അവകാശപ്പെട്ട നീതി സംജാതമാവുന്ന വരെയെന്നു് പ്രഖ്യാപിച്ചു് ഓർത്തഡോക്സ് സഭക്കാര്‍ പള്ളിക്ക് മുൻപിൽ കുത്തിയിരിന്നു് പ്രതിഷേധിച്ചു. റോഡ് ഉപരോധിച്ചു. ഗതാഗതം താറുമാറായി.

യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ വിഭാഗത്തിന്റെ പെരുന്നാളിന്റെ ഭാഗമായ പ്രദക്ഷിണം വരും മുമ്പേ ഓർത്തഡോക്സ് സഭക്കാര്‍ പള്ളിക്ക് മുന്നില്‍ റോഡ് ഉപരോധിച്ചു് ഗതാഗതം താറുമാറാക്കിയതുകൊണ്ടു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ വിഭാഗത്തിന്റെ പ്രദക്ഷിണവും ചിതറി. അവസാനം പോലീസിന്റെ അനുമതിയോടെ ഓർത്തഡോക്സ് സഭയുടെ പെരുന്നാൾ റാസ കൊച്ചി ഭദ്രാസന അധിപന്‍ ഐറേനിയോസ് മെത്രാപ്പോലീത്ത ,അങ്കമാലി ഭദ്രാസന അധിപന്‍ പോളികാർപ്പോസ് മെത്രാപ്പോലീത്ത എന്നിവരുടെയും നൂറുകണക്കിന് വിശ്വാസികളുടെയും അകമ്പടിയോടെ മുളന്തുരുത്തി പള്ളിയിൽ പ്രവേശിച്ചു് പ്രാര്‍ത്ഥന നടത്തി. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ വിഭാഗത്തിന്റെ പ്രദക്ഷിണം മുളന്തുരുത്തി പള്ളിയുടെ അടുത്തുള്ള അവരുടെ ചാപ്പലിലും പ്രവേശിച്ചു.

പരിക്കേറ്റ സ്‌പെഷല്‍ ബ്രാഞ്ച് എസ്.ഐ. ജോണ്‍ എ. ജോര്‍ജിനെ ആരക്കുന്നം എ.പി. വര്‍ക്കി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മൂവാറ്റുപുഴ ഡി.വൈ.എസ്.പി. ആന്റണി തോമസിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘമാണ് സ്ഥലത്തുള്ളത്. മുളന്തുരുത്തി പോലീസ് കേസ്സെടുത്തിട്ടുണ്ട്.
ചിത്രം കാണുക 

20141220

സണ്‍ഡേസ്കൂള്‍ സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ കേന്ദ്രസമാപന സമ്മേളനം


കോട്ടയം, ഡിസംബര്‍ 19– പൗരസ്ത്യ ഓര്‍ത്തഡോക്സ് സിറിയന്‍ സണ്‍ഡേസ്കൂള്‍ അസോസിയേഷന്‍റെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ കേന്ദ്രസമാപന സമ്മേളനം ഡിസംബര്‍ 20-ാം തീയതി ശനിയാഴ്ച്ച നിരണം സെന്‍റ് മേരീസ് വലിയപള്ളിയില്‍ വച്ച് നടക്കും.

രാവിലെ 8.30-ക്ക് രജിസ്ട്രേഷന്‍ ആരംഭിക്കും. സമ്മേളനം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. ഒ.എസ്.എസ്.എ.ഇ പ്രസിഡന്‍റ് അഭി. ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്താ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിക്കും. ഗ്രീഗോറിയോസ് മാര്‍ സ്തേഫാനോസ് എപ്പിസ്ക്കോപ്പാ മുഖ്യപ്രഭാഷണം നടത്തും. അഭി. ഡോ.ജോസഫ് മാര്‍ ദിവന്നാസ്യോസ് മെത്രാപ്പോലീത്താ, ഫാ. ഡോ. ടി. ജെ. ജോഷ്വാ, ഫാ. ഒ. തോമസ്, ഡോ. ഐപ്പ് വര്‍ഗീസ്, ഫാ. സി.വി. ഉമ്മന്‍, രാജു പുളിന്പള്ളില്‍ എന്നിവര്‍ പ്രസംഗിക്കും.

20141213

പിറവം വലിയ പള്ളിക്ക് സ്പെഷ്യല്‍ ലീവ് പെറ്റിഷന്‍ അനുവദിച്ചു

ദേവലോകം, ഡിസംബര്‍ 12– പിറവം വലിയ പള്ളിയെ സംബന്ധിച്ച് കേരള ഹൈക്കോടതി ഉത്തരവിന് എതിരെ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ നല്‍കിയ പ്രത്യേക അനുമതി ഹര്‍ജി ബഹു സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചു. ബന്ധപ്പെട്ട കക്ഷികള്‍ക്ക് നേരിട്ട് നോട്ടീസ് നല്‍കാനും ഉത്തരവായി.

 ഈ പള്ളിക്ക് സെക്ഷന്‍ 92 അനുസരിച്ചു് കോടതിയില്‍ നിന്നും അനുമതി വാങ്ങാതെയാണ് കേസുകള്‍ ആരംഭിച്ചത് എന്നുള്ള കാരണത്താല്‍ ഓര്‍ത്തഡോക്‍സ്‌ സഭ നല്കിയ ഹര്‍ജി കേരള ഹൈക്കോടതി തള്ളിയിരുന്നു. എന്നാല്‍ ഈ പള്ളിയെ സംബന്ധിച്ചു് സെക്ഷന്‍ 92 നടപടിക്രമങ്ങള്‍ ആവശ്യമില്ല എന്നാണു് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ വാദിയ്ക്കുന്നതു്.

 സെക്ഷന്‍ 92 ഇല്ല എന്ന കാരണത്താല്‍ ഹൈക്കോടതി തള്ളിയ നെച്ചൂര്‍ പള്ളിയുടെ കേസ് ബഹു സുപ്രീം കോടതി അടുത്തു തന്നെ പരിഗണിക്കുന്നുണ്ടു്. അതോടൊപ്പം പിറവം പള്ളിയുടെ കേസും പരിഗണിച്ച് തീര്‍പ്പാക്കണം എന്നും കോടതി നിരീക്ഷിച്ചു.
കാതോലിക്കാസന വാര്‍ത്ത കാണുക

20140325

സഖാ പ്രഥമന്‍ ബാവായ്ക്കു വേണ്ടി മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ എല്ലാ ദേവാലയങ്ങളിലും കുര്‍ബാനമധ്യേ പ്രത്യേക പ്രാര്‍ത്ഥനയും ധൂപാര്‍പ്പണവും നടത്തി

ദേവലോകം,മാര്‍ച്ച് 23: കാലം ചെയ്ത അന്ത്യോക്യാ പാത്രിയര്‍ക്കീസ് പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ ബാവായ്ക്കു വേണ്ടി മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ എല്ലാ ദേവാലയങ്ങളിലും കുര്‍ബാനമധ്യേ പ്രത്യേക പ്രാര്‍ത്ഥനയും ധൂപാര്‍പ്പണവും നടത്തി.

മധ്യപ്രദേശിലെ ഇന്‍ഡോര്‍ സെന്‍റ് മേരിസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കി. കോട്ടയം പഴയ സെമിനാരിയില്‍ മുന്‍ പ്രിന്‍സിപ്പല്‍ ഫാ. ഡോ. കെ.എം. ജോര്‍ജ് കുര്‍ബാനമധ്യേ അനുസ്മരണ പ്രസംഗവും പ്രത്യേക പ്രാര്‍ഥനയും നടത്തി. ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലിലും ധൂപപ്രാര്‍ഥന നടന്നു.

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അനുശോചന സന്ദേശം പരിശുദ്ധ കാതോലിക്കാ ബാവാ അന്ത്യോക്യന്‍ സഭയുടെ സിനഡ് സെക്രട്ടറി ആര്‍ച്ചുബിഷപ്പ് മാര്‍ തെയോഫിലോസ് ജോര്‍ജ് സലീബായ്ക്ക് അയച്ചുകൊടുത്തു.

സഖാ പ്രഥമന്‍ ബാവായ്ക്കു വേണ്ടി മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ എല്ലാ ദേവാലയങ്ങളിലും കുര്‍ബാനമധ്യേ പ്രത്യേക പ്രാര്‍ത്ഥനയും ധൂപാര്‍പ്പണവും നടത്തി

20140321

പരിശുദ്ധ ഇഗ്നാത്തിയോസ് സക്കാ പ്രഥമന്‍ ബാവായുടെ ദേഹവിയോഗത്തില്‍ പൗരസ്ത്യ കാതോലിക്കോസ് അനുശോചിച്ചു

2012 നവം 18നു് കെയ്റോയില്‍ നടന്ന അലക്സാന്ത്രിയന്‍ മാര്‍പാപ്പയുടെ സ്ഥാനാരോഹണച്ചടങ്ങില്‍ ഇഗ്നാത്തിയോസ് സേവേറിയോസ് സക്കാ പ്രഥമന്‍ ബാവാ ആശംസാപ്രസംഗം നടത്തുന്നു. പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവായും അലക്സാന്ത്രിയായുടെ തെവാദ്രോസ് രണ്ടാമന്‍ മാര്‍പാപ്പയും സമീപം

കോട്ടയം: അന്ത്യോഖ്യാ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ തലവനും അന്ത്യോഖ്യാ പാത്രിയര്‍ക്കീസുമായ പരിശുദ്ധ ഇഗ്നാത്തിയോസ് സേവേറിയോസ് സക്കാ പ്രഥമന്‍ ബാവായുടെ ദേഹവിയോഗത്തില്‍ മലങ്കര സഭയുടെ പ്രധാന മേലദ്ധ്യക്ഷനായ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവാ അഗാധമായ ദുഃഖം രേഖപ്പെടുത്തി.
അന്ത്യോഖ്യന്‍ സിറിയന്‍ ഓര്‍ത്തഡോക്സ് സഭാ ആസ്ഥാനത്തേക്ക് കൈമാഖാമിന്റെ പേര്‍ക്ക് അയച്ചു കൊടുത്ത അനുശോചന സന്ദേശം ഇങ്ങനെ തുടരുന്നു: പൌരാണികമായ അന്ത്യോഖ്യന്‍ സഭയുടെ പ്രധാനമേലദ്ധ്യക്ഷന്‍ എന്ന നിലയില്‍ ക്രൈസ്തവലോകത്ത് സമുന്നതമായ ഒരു സ്ഥാനം അദ്ദേഹം വഹിച്ചിരുന്നു. സഭകളുടെ ലോക കൌണ്‍സിലിന്റെ മുന്‍ പ്രസിഡന്റുകൂടിയായ അദ്ദേഹത്തിന്റെ വേര്‍പാട് എക്യൂമിക്കല്‍ രംഗത്ത് കാര്യമായ നഷ്ടമുണ്ടാക്കിയിട്ടുണ്ട്. പരിശുദ്ധ ബാവായുമായി മലങ്കര സഭയ്ക്ക് വളരെയേറെ ബന്ധമുണ്ട്. അദ്ദേഹം മെത്രാപ്പോലീത്താ ആയിരിക്കുമ്പോള്‍ മാര്‍ തോമ്മാ ശ്ളീഹായുടെ തിരുശേഷിപ്പു കണ്ടെത്തിയതും അതിന്റെ ഒരു ഭാഗം മലങ്കര സഭയ്ക്ക് ലഭ്യാമാക്കിയതും അത് ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ സ്ഥാപിച്ചതും സ്മരിക്കുന്നു. 1964-ല്‍ പരിശുദ്ധ ഔഗേന്‍ ബാവായുടെ കാതോലിക്കാ സ്ഥാനാരോഹണ ശുശ്രൂഷയില്‍ അദ്ദേഹം സംബന്ധിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ 1970-നു് ശേഷം മലങ്കര സഭയില്‍ ഉടലെടുത്ത ഭിന്നിപ്പിന്റെ പശ്ചാത്തലത്തില്‍ പരസ്പരം ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ സഭയിലെ പല മേല്‍പട്ടക്കാരുമായും പ്രമുഖ വൈദീകരുമായും അദ്ദേഹത്തിന് വ്യക്തിബന്ധമുണ്ടായിരുന്നു. മലങ്കര സഭയുടെ ഐക്യം അദ്ദേഹം വ്യക്തിപരമായി ആഗ്രഹിച്ചിരുന്നു എന്നാണ് മസ്സിലാക്കാന്‍ കഴിയുന്നത്. കാലം ചെയ്ത പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായ്ക്കു് വേണ്ടിയും സിറിയയിലെ ആഭ്യന്തര കലാപത്തില്‍ ദുരിതമുഭവിക്കുന്ന സഹോദരങ്ങള്‍ക്കു് വേണ്ടിയും പ്രത്യേകം പ്രാര്‍ത്ഥിക്കുന്നു. പരിശുദ്ധ ബാവായുടെ ആത്മാവിനു് നിത്യശാന്തി നേരുന്നു.

സഭയുടെ എല്ലാ ദേവാലയങ്ങളിലും 23 ഞായറാഴ്ച്ച വി. കുര്‍ബ്ബാന മദ്ധ്യേ കാലംചെയത പാത്രിയര്‍ക്കീസ് ബാവായ്ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

2012 നവം 18നു് കെയ്റോയില്‍ നടന്ന അലക്സാന്ത്രിയന്‍ മാര്‍പാപ്പയുടെ സ്ഥാനാരോഹണച്ചടങ്ങില്‍ ഇഗ്നാത്തിയോസ് സേവേറിയോസ് സക്കാ പ്രഥമന്‍ ബാവായും പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവായും


അന്ത്യോക്യാ പാത്രിയര്‍ക്കീസ്‌ പരിശുദ്ധ ഇഗ്നാത്തിയോസ്‌ സഖാ പ്രഥമന്‍ ബാവ കാലം ചെയ്‌തു




കൊച്ചി, മാര്‍ച്ച് 21: അന്ത്യോക്യന്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്നാത്തിയോസ്‌ സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ്‌ ബാവ (81) കാലം ചെയ്‌തു. ജര്‍മനിയില്‍ ഹൃദയശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയനായി വിശ്രമിക്കുകയായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഇന്ത്യന്‍ സമയം ഇന്ന്‌ ഉച്ചയ്‌ക്ക്‌ മൂന്നുമണിയോടെയായിരുന്നു. 1980 സെപ്‌റ്റംബര്‍ 14നാണ്‌ സഭാ പരമാധ്യക്ഷസ്‌ഥാനം ഏറ്റെടുത്തത്‌.

അന്ത്യോക്യായില്‍ വിശുദ്ധ പത്രോസിന്റെ സിംഹാസനത്തിലെ 122ആം പാത്രിയര്‍ക്കീസാണ്‌ ഇഗ്നാത്തിയോസ്‌ സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ്‌ ബാവ. 1933 ഏപ്രില്‍ 21നു് ഇറാഖിലെ മൂസലിലെ ഐവാസ്‌ കുടുംബത്തില്‍ ബഷീര്‍ ഈവാസ്‌ഹസീബ എറ്റോ ദമ്പതികളുടെ ഏഴു മക്കളില്‍ നാലാമനായാണ്‌ ബാവ ജനിച്ചത്‌. സെന്‍ഹരീബ്‌ എന്നായിരുന്നു പേര്‌. സാഖാ എന്ന പേര്‌ സ്വീകരിച്ച അദ്ദേഹം 13ആം വയസില്‍ വൈദിക പഠനം ആരംഭിച്ച്‌ 21ആം വയസില്‍ റമ്പാനായി. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ 1962 ലും 1963 ലും നിരീക്ഷകനായി സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയെ പ്രതിനിധീകരിച്ചത്‌ സാഖാ റമ്പാനായിരുന്നു.ഇഗ്നാത്തിയോസ്‌ അഫ്രേം പ്രഥമന്‍, യാക്കൂബ്‌ തൃതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവാമാരുടെ ഒന്നാം സെക്രട്ടറിയായി സേവനമനുഷ്‌ഠിച്ചു. 1963 നവംബര്‍ 17ന്‌ യാക്കോബ്‌ തൃതീയന്‍ ബാവ അദ്ദേഹത്തെ മൂസലിലെ മെത്രാനായി മാര്‍ സേവേറിയോസ്‌ സാഖാ എന്നപേരില്‍ വാഴിച്ചു.

1969 ല്‍ അന്നത്തെ മെത്രാപ്പോലീത്തയായിരുന്ന മോര്‍ ബഹനാം കാലം ചെയ്‌തപ്പോള്‍ മാര്‍ സേവേറിയോസിനെ ബാഗ്‌ദാദിലെ (ഇറാഖ്‌) ആര്‍ച്ച്‌ ബിഷപ്പായി നിയമിച്ചു. 1975 ല്‍ നെയ്‌റോബിയില്‍വച്ച്‌ ഡബ്ല്യു.സി.സി. കേന്ദ്ര കമ്മിറ്റിയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. 1976 ലും 1978 ലും 1979 ലും കത്തോലിക്കാ സഭയുടെ കാനന്‍ നിയമം പുനര്‍ക്രമീകരിക്കുന്നതിനുള്ള പ്രാക്‌ടിക്കല്‍ കൗണ്‍സിലില്‍ കണ്‍സള്‍ട്ടന്റ്‌ ആയിരുന്നു.

ഇംഗ്ലിഷ്‌, അറബിക്‌, സിറിയന്‍ ഭാഷകളില്‍ അവഗാഹമുണ്ടായിരുന്ന അദ്ദേഹം ചരിത്രം, തത്വശാസ്‌ത്രം, സഭാ നിയമങ്ങള്‍ എന്നിവയില്‍ ഉന്നത ബിരുദങ്ങള്‍ നേടി. പത്രപ്രവര്‍ത്തനത്തിലും ഡിപ്ലോമ നേടിയിട്ടുണ്ട്‌. യാക്കൂബ്‌ തൃതീയന്‍ പാത്രിയര്‍ക്കീസ്‌ കാലംചെയ്‌തതിനെത്തുടര്‍ന്ന്‌ 1980 ജൂലൈ 11ന്‌ മൂവാറ്റുപുഴ അരമനയിലെ കാതോലിക്ക ശ്രേഷ്‌ഠ ബസേലിയോസ്‌ പൗലോസ്‌ ദ്വിതീയന്‍ ബാവായുടെ അധ്യക്ഷതയില്‍ കൂടിയ സുന്നഹദോസാണ്‌ പാത്രിയര്‍ക്കീസായി തിരഞ്ഞെടുത്തത്‌. 1982, 2002, 2004, 2008 വര്‍ഷങ്ങളില്‍ അദ്ദേഹം കേരളത്തില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്‌.


20140308

കുറിഞ്ഞി പള്ളി ചുമതല അഭിഭാഷക കമ്മിഷനു് കൈമാറണം: സുപ്രീം കോടതി


നവ ദെല്‍ഹി, മാര്‍ച്ച് 7: മലങ്കര ഓര്‍ത്തഡോക്സ്‌ സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലെ കുറിഞ്ഞി സെന്റ്‌ പീറ്റേഴ്‌സ്‌ ആന്റ് സെന്റ്‌ പോള്‍സ്‌ പള്ളിയുടെ (എറണാകുളം ജില്ല) ഭരണച്ചുമതല തല്‍ക്കാലത്തേക്ക്‌ അഭിഭാഷക കമ്മിഷനു് കൈമാറണമെന്നും രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ പുതിയ കമ്മിറ്റിചേര്‍ന്നു് സെക്രട്ടറിയെ തിരഞ്ഞെടുക്കണമെന്നും സുപ്രീം കോടതി ഇന്നു് നിര്‍ദേശിച്ചു. രണ്ടാഴ്‌ചയ്‌ക്കുശേഷം, തിരഞ്ഞെടുക്കപ്പെട്ട ട്രസ്‌റ്റിമാര്‍ക്കു് കമ്മിഷന്‍ ഭരണച്ചുമതല തിരികെ നല്‍കണം. ട്രസ്‌റ്റിമാരുടെ തെരഞ്ഞെടുപ്പു് കഴിഞ്ഞതിനാല്‍ അതില്‍ ഇടപെടുന്നില്ലെന്നു് സുപ്രീംകോടതി വ്യക്തമാക്കി.

തിരഞ്ഞെടുപ്പു് നടത്താന്‍ നിര്‍ദേശിച്ചു് ഹൈക്കോടതി നല്‍കിയ ഉത്തരവു് ചോദ്യംചെയ്‌തു് പള്ളി ഭരണസമിതി നല്‍കിയ പ്രത്യേക അനുമതി ഹര്‍ജിയിലാണു് ജഡ്‌ജിമാരായ രഞ്‌ജന പി. ദേശായി, മദന്‍ ബി. ലൊക്കൂര്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ ഉത്തരവുണ്ടായതു്. ഓര്‍ത്തഡോക്സ് സഭക്ക് വേണ്ടി അഡ്വക്കേറ്റ് സദ്‌രുള്‍ അനാം ,അഡ്വക്കേറ്റ് എസ് ശ്രീകുമാര്‍ എന്നിവര്‍ ഇന്ന് ഹാജരായി.

ട്രസ്‌റ്റിമാര്‍ പാലാല്‍ കുടുംബക്കാരായിരിയ്ക്കണമെന്ന വ്യവസ്ഥയോടെ 1934-ലെ സഭാഭരണഘടന ബാധകമായിരിയ്ക്കുന്നപള്ളിയാണിതു്. പാലാല്‍ കുടുംബക്കാര്‍ മലങ്കര ഓര്‍ത്തഡോക്സ്‌ സഭയുടെ ഭാഗത്തു് ഉറച്ചുനില്‍ക്കുന്നു. എന്നാല്‍ പള്ളിയില്‍ കൂടിവരുന്നവരില്‍ ഭൂരിഭാഗവും നിലവിലുള്ള പള്ളി ഭരണസമിതിയും വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയോടു് അനുഭാവം കാണിയ്ക്കുന്നവരാണെന്നതാണു് ഇവിടെ പ്രതിസന്ധിയുണ്ടാക്കിയതു്.

20140224

കായംകുളം കാദീശാ കത്തീഡ്രലില്‍ സംഘര്‍ഷം : വൈദീകനെയും വിശ്വാസികളെയും പോലീസ് ക്രൂരമായി മര്‍ദ്ദിച്ചു


കായംകുളം,ഫെബ്രു 24 : ഹൈക്കോടതി വിധിപ്രകാരം കായംകുളം കാദീശാ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ഇടവകയുടെ പൂര്‍ണ്ണ നിയന്ത്രണത്തിലുള്ള സെമിത്തേരിയില്‍ പാത്രിയര്‍ക്കീസ് വിഭാഗത്തിലെ വൈദീകനും ഒരു കൂട്ടം ആളുകളും അനതികൃതമായി കയറാന്‍ ശ്രമിക്കുകയും, തടയാന്‍ ശ്രമിച്ച ഓര്‍ത്തഡോക്സ് വിശ്വാസികളെയും വൈദീകരെയും പോലീസ് യാതൊരു കാരണവും കൂടാതെ മര്‍ദ്ദിക്കുകയും ചെയ്തു.

പോലീസ് മര്‍ദ്ദനമേറ്റ ഇടവക ട്രസ്റ്റി കോശി മാത്യു ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും അസിസ്റ്റന്‍റ് വികാരി ഫാ. ഗീവര്‍ഗീസ് കോശി, ബിജു റ്റി വര്‍ഗീസ്, കെ. വി. തോമസ്, ജോസ്കുട്ടി, എല്‍ഡോ ജോര്‍ജ്ജ് എന്നിവര്‍ കായംകുളം ഗവ. ആശുപത്രിയിലും ചികിത്സയിലാണ്. യാതൊരു കാരണവും കൂടാതെ പോലീസ് അഴിച്ചുവിട്ട മര്‍ദ്ദനത്തില്‍ ഭദ്രാസന സെക്രട്ടറി ഫാ. ജേക്കബ് ജോണ്‍, സഭാ മാനേജിംഗ് കമ്മറ്റി അംഗങ്ങളായ ഫാ. ജോണ്‍സ് ഈപ്പന്‍, റോണി വര്‍ഗ്ഗീസ് എന്നിവര്‍ക്കും മര്‍ദ്ദനമേറ്റു. ഫാ. ജേക്കബ് ജോണിന്‍റെ ളോഹ പോലീസ് വലിച്ചുകീറി.

ലാത്തി ചാര്‍ജ്ജിനു നേതൃത്വം കൊടുത്ത ചെങ്ങന്നൂര്‍ ആര്‍. ടി. ഒ, കായംകുളം സി. ഐ, എ.എസ്.ഐ, ഹരിപ്പാട് സി.ഐ എന്നിവരെ സസ്പെന്‍റ് ചെയ്യണമെന്ന് കാദീശാ കത്തീഡ്രലില്‍ കൂടിയ യോഗം ആവശ്യപ്പെട്ടു. സമാധാനപരമായും സമചിത്തതയോടും വിശ്വാസികള്‍ പെരുമാറണമെന്നും മാവേലിക്കര സഹായ മെത്രാപ്പോലീത്താ അഭി. ജോഷ്വാ മാര്‍ നിക്കോദിമോസും കൊട്ടാരക്കര പുനലൂര്‍ ഭദ്രാസനാധിപന്‍ അഭി. യുഹാനോന്‍ മാര്‍ തേവോദോറോസും ആവശ്യപ്പെട്ടതില്‍ വെച്ച് അനിഷ്ഠ സംഭവങ്ങള്‍ ഒഴിവായി. മാവേലിക്കര ഭദ്രാസന കൌണ്‍സില്‍ അംഗങ്ങളായ ഫാ. കോശി മാത്യു, ഫാ. ജോസഫ് സാമുവേല്‍, അഡ്വ. സജി തന്പാന്‍, കെ. സി. ദാനിയേല്‍, ജിമ്മി ചാക്കോ ജോര്‍ജ്ജ്, ഫാ. എബി ഫിലിപ്പ്, ഫാ. പി. വി. സ്കറിയാ, സഭാ മാനേജിംഗ് കമ്മറ്റി അംഗങ്ങളായ വി. മാത്തുണ്ണി, തങ്കച്ചന്‍ കൊല്ലമല, കാദീശാ ഇടവക സെക്രട്ടറി കുഞ്ഞുമോന്‍ എന്നിവര്‍ പ്രസംഗിച്ചു. കത്തീഡ്രലില്‍ ചര്‍ച്ചയ്ക്കെത്തിയ കളക്ടര്‍ എന്‍. പത്മകുമാറിനോട് അന്യായമായി പ്രവര്‍ത്തിച്ച ആര്‍.ടി.ഒയിക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടി സ്വീകരിക്കണമെന്ന് അഭി. ജോഷ്വാ മാര്‍ നിക്കോദിമോസ് തിരുമേനി ആവശ്യപ്പെട്ടു.

സഭയുടെ ആവശ്യം സംബന്ധിച്ച് മേല്‍ അധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും വിവരം തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് മുന്പ് സഭാ നേതൃത്വത്തെ അറിയിക്കാമെന്നും കളക്ടര്‍ ഉറപ്പു നല്‍കി. ഇതേ തുടര്‍ന്ന് ഹര്‍ത്താല്‍ ഉള്‍പ്പടെയുള്ള സമര പരിപാടികള്‍ നിര്‍ത്തി വെച്ചതായി അഭി. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്താ അറിയിച്ചു.
കാതോലിക്കാസന വാര്‍ത്ത

20131129

മണ്ണത്തൂര്‍ പള്ളിയുടെ കെട്ടിടമുറി ലേലം എറണാകുളം ജില്ലാക്കോടതി വിലക്കി


കൂത്താട്ടുകുളം, 2013 നവംബര്‍ 29: മണ്ണത്തൂര്‍ സെന്റ്‌ ജോര്‍ജ്‌ പള്ളിയുടെ ആത്താനിയ്‌ക്കല്‍ കവലയിലുള്ള കെട്ടിടത്തിലെ 16 മുറികള്‍ ലേലം ചെയ്‌തു്‌ വാടകയ്‌ക്കു്‌ നല്‍കുന്നതു്‌ എറണാകുളം ജില്ലാക്കോടതി താല്‌ക്കാലികമായി തടഞ്ഞു. ഒ എസ്‌ 41/2002 കേസില്‍ ഒരു ഉത്തരവുണ്ടാകുന്നതുവരെയാണു്‌ വിലക്കു്‌.

20131016

തെറ്റിദ്ധാരണ പരത്തരുത്‌ ; കോലഞ്ചേരിയില്‍ നടത്തുന്നത്‌ ഉപവാസമല്ല; കോടതിവിധി നടപ്പിലാക്കണം - ഓര്‍ത്തഡോക്‌സ്‌ സഭ


കോട്ടയം: കോലഞ്ചേരിപള്ളിപ്പടിക്കല്‍ യാക്കോബായ ശ്രഷ്‌ഠ കാതോലിക്കാ നടത്തുന്നത്‌ ഉപവാസമല്ലെന്ന്‌ ഓര്‍ത്തഡോക്‌സ്‌ സഭാ സെക്രട്ടറി ഡോ. ജോര്‍ജ്ജ്‌ ജോസഫ്‌. പ്രാര്‍ത്ഥനായജ്ഞം എന്ന പേരിലാണ്‌ അവിടെ സമരം നടക്കുന്നതെങ്കിലും ഉപവാസമെന്നാണ്‌ വാര്‍ത്തകള്‍ നല്‍കുന്നത്‌. ജില്ലാക്കോടതിയുടെയും ഹൈക്കോടതിയുടെയും വിധികള്‍ അവഗണിച്ച്‌ സംഘര്‍ഷം സൃഷ്‌ടിച്ച്‌ പള്ളി പൂട്ടിക്കാനുള്ള ശ്രമം അപലപനീയമാണ്‌. കോടതിവിധി നടപ്പിലാക്കി പള്ളിയില്‍ സമാധാനപരമായി ആരാധന നടത്താനുള്ള സാഹചര്യം സൃഷ്‌ടിക്കുകയാണ്‌ സര്‍ക്കാര്‍ ചെയ്യേണ്ടത്‌. ആരുടെയും ആരാധനാസ്വാതന്ത്യ്രം തടയുകയില്ലെന്ന്‌ ഓര്‍ത്തഡോക്‌സ്‌ സഭാ നേതൃത്വം ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്‌. പള്ളിയില്‍ കര്‍മ്മങ്ങള്‍ അഌഷ്‌ഠിക്കുന്നതിന്‌ ഭരണഘടനപ്രകാരം നിയമിതരായവര്‍ക്ക്‌ മാത്രമേ അവകാശമുള്ളു.

20131014

കോലഞ്ചേരി പള്ളി: ഓര്‍ത്തഡോക്സ് സഭ തടസ്സ ഹര്‍ജി നല്‍കി


നവ ദെല്‍ഹി: കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആന്റ് പോള്‍സ് പള്ളിയുടെ ഭരണം ഓര്‍ത്തഡോക്‌സ് ഇടവകയ്ക്കു് വിട്ട് നല്‍കിയതിനെതിരായി വിമത അന്ത്യോക്യന്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗം നല്കിയ അപ്പീല്‍ പരിഗണിക്കുമ്പോള്‍ തങ്ങളുടെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടു് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ സുപ്രീംകോടതിയില്‍ തടസ്സഹര്‍ജി നല്‍കി.

പള്ളിയുടെ ഭരണം ഓര്‍ത്തഡോക്‌സ് ഇടവകയ്ക്കു് വിട്ട് നല്‍കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് വിമത അന്ത്യോക്യന്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗം കഴിഞ്ഞ ആഴ്ച സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു.

സഭാ ക്കേസില്‍ 1995-ല്‍ സുപ്രീംകോടതിയുടെ വിധി പുറപ്പെടുവിച്ച മൂന്നംഗ ബെഞ്ചിലെ ജസ്റ്റീസ് സഹായിയുടെ ന്യൂനപക്ഷ ഉത്തരവ് മാത്രമെ കേരളഹൈക്കോടതി പരിഗണിച്ചുള്ളു എന്നും ജസ്റ്റീസുമാരായ ജീവന്‍ റെഡ്ഡിയുടെയും, എസ്.എന്‍. സിന്‍ഹയുടെയും അഭിപ്രായം പരിഗണിച്ചില്ലെന്നും ആണു് 2002-ല്‍ സ്ഥാപിതമായ വിമത അന്ത്യോക്യന്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗത്തിന്റെ ഹര്‍ജിയിലെ വാദം. ഇടവകപ്പള്ളികള്‍ക്കു് സ്വന്തം ഭരണഘടനയുണ്ടെന്നാണു് ജസ്റ്റീസുമാരായ ജീവന്‍ റെഡ്ഡിയുടെയും എസ്.എന്‍. സിന്‍ഹയുടെയും അഭിപ്രായം. 1913-ലെ ഉടമ്പടി പ്രകാരം കോലഞ്ചേരി പള്ളിയുടെ അധികാര തര്‍ക്കം പരിഹരിക്കണമെന്നും അതുപ്രകാരം ഭരണ സമിതിയിലേക്ക് അംഗങ്ങളെ നിര്‍ദ്ദേശിക്കണമെന്നും ഉള്ള തങ്ങളുടെനിര്‍ദേശം തള്ളിയാണ് 1934-ലെ മലങ്കര സഭാ ഭരണഘടന പള്ളിയ്ക്കു് ബാധകമാണെന്നു് തീരുമാനിച്ചുകൊണ്ടു് കേരള ഹൈക്കോടതി പള്ളിയുടെ നിയന്ത്രണം ഓര്‍ത്തഡോക്സ് സഭയ്ക്ക് നല്‍കിയതു് എന്ന് അന്ത്യോക്യന്‍ യാക്കോബായ സഭാവിഭാഗം വാദിക്കുന്നു.

എന്നാല്‍ വിധിക്കെതിരായ എതിര്‍ യാക്കോബായ സഭാവിഭാഗത്തിന്റെ പ്രത്യേക അനുമതിഹര്‍ജി അനുവദിച്ചു് ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുന്‍പ് തങ്ങളുടെ വാദം കേള്‍ക്കണമെന്നാണ് തടസ്സ ഹര്‍ജിയിലൂടെ മലങ്കര ഓര്‍ത്തഡോക്‌സ് സഭ ആവശ്യപ്പെടുന്നതു്. ജസ്റ്റീസുമാരായ ജീവന്‍ റെഡ്ഡിയുടെയും എസ്.എന്‍. സിന്‍ഹയുടെയും (സുപ്രീംകോടതിയുടെ 1995-ലെ) വിധിപ്രകാരം ഇടവകപ്പള്ളികളെയും 1934-ലെ മലങ്കര സഭാ ഭരണഘടന ഭരിയ്ക്കുന്നതാണെന്നു് മലങ്കര ഓര്‍ത്തഡോക്‌സ് സഭ ചൂണ്ടിക്കാണിയ്ക്കുന്നു.

20131011

മാന്ദമംഗലം പള്ളി: വിധി സ്വാഗതാര്‍ഹം

മാന്ദമംഗലം പള്ളി (തൃശ്ശൂര്‍ ഭദ്രാസനം) കേരള ഹൈ കോടതി വിധി വന്നു. 1934 ലെ ഭരണഘടനാ പ്രകാരം ഭരിക്കപ്പെടനം എന്ന ബഹു ജില്ലാക്കോടതി വിധി ശരി വച്ചു
കോട്ടയം: ത്യശൂര്‍ ഭദ്രാസനത്തിലെ മാന്ദമംഗലം സെന്റ്‌ മേരീസ്‌ പള്ളിയും, കണ്ടനാട്‌ ഈസ്റ്റ്‌ ഭദ്രാസനത്തിലെ കുറിഞ്ഞി സെന്റ്‌ പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ പള്ളിയും 1934-ലെ സഭാ ഭരണഘടന അനുസരിച്ച്‌ ഭരിക്കപ്പെടണമെന്ന്‌ ഇന്നുണ്ടായ(11-10-2013) ഹൈക്കോടതി വിധികളെ സ്വാഗതം ചെയ്യുന്നുവെന്നും ഫാ. ഡോ ജോണ്‍സ്‌ ഏബ്രഹാം കോനാട്ട്‌ പറഞ്ഞു


ഫാ ഏലിയാസ്‌ മണ്ണാത്തിക്കുളമാണു്‌ മണ്ണത്തൂര്‍ പള്ളിവികാരിയെന്നു്‌ ജില്ലാക്കോടതിയുത്തരവു്‌

മണ്ണത്തൂര്‍ സെന്റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്‌സ്‌ സുറിയാനി പള്ളി
ചിത്രത്തിനു് ഔദ്യോഗിക ഫെയിസ് ബുക്ക് താളിനോടു് കടപ്പാടു്

കൂത്താട്ടുകുളം: എറണാകുളം ഒന്നാം അഡീഷണല്‍ ജില്ലാക്കോടതിഫയലിലുള്ള ഒ എസ്‌ നമ്പര്‍ 41/03 സ്യൂട്ടില്‍ തീരുമാനം വരുന്നതു വരെ ഫാ ഏലിയാസ്‌ മണ്ണാത്തിക്കുളമാണു്‌ മണ്ണത്തൂര്‍ സെന്റ്‌ ജോര്‍ജ്‌ സുറിയാനി പള്ളിയുടെ വികാരിയെന്നു്‌ എറണാകുളം ഒന്നാം അഡീഷണല്‍ ജില്ലാക്കോടതി വ്യക്തമാക്കി. 1934-ലെ സഭാ ഭരണഘടന പ്രകാരം ചുമതല വഹിയ്‌ക്കുന്ന ഫാ ഏലിയാസ്‌ ജോണ്‍ മണ്ണാത്തിക്കുളത്തിനെ ബലമായി തടഞ്ഞുകൊണ്ടു്‌ യാക്കോബായ സുറിയാനി ക്രിസ്‌ത്യാനി സഭയുടെ ഫാ.പൗലോസ്‌ ഞാറ്റുകാലാ വികാരിയായി കയറാന്‍ ശ്രമിച്ചതിനെതിരെ മൂവാറ്റുപുഴ സബ്‌കോടതിയില്‍ ഫയല്‍ ചെയ്‌ത ഒ എസ്‌ 15/12ന്റെ 171/12-ാം നമ്പര്‍ ഇടക്കാലഹര്‍ജിയിലുണ്ടായ ഉത്തരവിനെതിരെ സമര്‍പ്പിയ്‌ക്കപ്പെട്ട സി എം എ നമ്പര്‍ 6/13, സി എം എ നമ്പര്‍ 9/13 അപ്പീലുകളില്‍ എറണാകുളം ഒന്നാം അഡീഷണല്‍ ജില്ലാജഡ്‌ജി വി ജി അനില്‍ കുമാറാണു്‌ ഈ ഉത്തരവു്‌ നല്‌കിയതു്‌. ഫാ.പൗലോസ്‌ ഞാറ്റുകാലാ പള്ളിയില്‍ പ്രവേശിയ്‌ക്കുന്നതു്‌ വിലക്കുന്നതായിരുന്നു സബ്‌കോടതി ഉത്തരവു്‌

പള്ളി 1934-ലെ സഭാ ഭരണഘടന പ്രകാരമാണോ 1890-ലെ ഉടമ്പടിപ്രകാരമാണോ ഭരിയ്‌ക്കപ്പെടേണ്ടതെന്നും വികാരിയാരാണെന്നും തീരുമാനിയ്‌ക്കേണ്ടതു്‌ ഒ എസ്‌ നമ്പര്‍ 41/03 സ്യൂട്ടിലാണെന്നു്‌ കോടതി ചൂണ്ടിക്കാട്ടി. മൂവാറ്റുപുഴ സബ്‌കോടതിയില്‍ മറ്റൊരു സ്യൂട്ട്‌ നല്‌കിയ പരാതിക്കാരുടെ നടപടി ക്രമപ്രകാരമല്ലാത്തതാണു്‌. മൂവാറ്റുപുഴ സബ്‌കോടതിയിലെ ഒ എസ്‌ 15/12 സ്യൂട്ട്‌ അര്‍ത്ഥരഹിതമായിത്തീര്‍ന്നതുകൊണ്ടു്‌ അതിന്റെ 171/12-ാം നമ്പര്‍ ഇടക്കാലഹര്‍ജിയില്‍ സബ്‌കോടതി നല്‍കിയ (ഫാ.പൗലോസ്‌ ഞാറ്റുകാലാ പള്ളിയില്‍ പ്രവേശിയ്‌ക്കുന്നതു്‌ വിലക്കിക്കൊണ്ടുള്ള) ഉത്തരവു്‌ ജില്ലാക്കോടതി റദ്ദാക്കി. പക്ഷേ, എറണാകുളം ഒന്നാം അഡീഷണല്‍ ജില്ലാക്കോടതിഫയലിലുള്ള 2003-ലെ 41-ാം നമ്പര്‍ ഒറിജിനല്‍ സ്യൂട്ടില്‍ ( എസ്‌ നമ്പര്‍ 41/03) തീരുമാനമെടുക്കുന്നതു വരെ പള്ളിയുടെ വികാരിയായി ഫാ ഏലിയാസ്‌ മണ്ണാത്തിക്കുളത്തിനു്‌ ചുമതല തുടരാമെന്നു്‌ വ്യക്തമാക്കുന്നുവെന്നു്‌ കോടതി പറഞ്ഞു.

അപ്പീലുകളില്‍ വാദികള്‍ക്കുവേണ്ടി അഭിഭാഷകരായ ജോണ്‍ ജോസഫ്‌,റോയി ഐസക്‌,കെ സി എല്‍ദോ,മല്ലെനാഥന്‍ എം, ജിജോ തോമസ്‌, രതി ക എ എന്നിവരും എതിര്‍ കക്ഷികള്‍ക്കുവേണ്ടി അഭിഭാഷകരായ പി മാര്‍ട്ടിന്‍ ജോസ്‌, എല്‍ദോ ചെറിയാന്‍, ഹണി പി നായര്‍ എന്നിവരും ഹാജരായി.

വികാരിയാരാണെന്ന തര്‍ക്കം മൂലം ആര്‍ ഡി ഒ ഏറ്റെടുത്തതിതിനെത്തുടര്‍ന്നു്‌ 2012 ജനുവരി 7 മുതല്‍ മണ്ണത്തൂര്‍ സെന്റ്‌ ജോര്‍ജ്‌ സുറിയാനി പള്ളി പൂട്ടിക്കിടക്കുകയാണു്‌.

20120315

ജീവിതത്തിനു് അര്‍ത്ഥം നല്കുന്നതു് അടിസ്ഥാനമൂല്യങ്ങള്‍ക്കുവേണ്ടിയുള്ള ജീവിതം - ഡോ. തോമസ് മാര്‍ അത്താനാസിയോസ്


62-ആമത്‌ കൂത്താട്ടുകുളം കണ്‍വന്‍ഷന്‍ കണ്ടനാട്‌
ഈസ്റ്റ്‌ ഭദ്രാസനാധിപന്‍ ഡോ. തോമസ്‌ മാര്‍ അത്താനാസി
യോസ്‌ ഉദ്‌ഘാടനം ചെയ്യുന്നു. ജോണ്‍ തളിയച്ചിറയില്‍
കോറെപ്പിസ്കോപ്പ, റവ. ഫാ ഫിലിപ്പ് തരകന്‍ തേവലക്കര,
ഫാ. വിജു ഏലിയാസ് ,ഫാ. മാത്യൂസ്‌ചെമ്മനാപ്പാടം, ഫാ.
ജോയി കടുകുമാക്കില്‍ എന്നിവര്‍ സമീപം.

കൂത്താട്ടുകുളം, മാര്‍ച്ച് 14 : പ്രതിസന്ധിയുടെയും പ്രശ്നങ്ങളുടെയും നടുവില്‍ നിവര്‍ന്നുനിന്നു് ജീവിയ്ക്കുവാനുള്ള സ്വാതന്ത്ര്യവും ആനന്ദവും ലഭിയ്ക്കുന്നതു് നിത്യതയുടേതായ വരുംലോകത്തേപ്പറ്റിയുള്ള പ്രതീക്ഷയാണെന്നു് കണ്ടനാട് ഈസ്റ്റ് മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്താനാസിയോസ് പ്രസ്താവിച്ചു. കൂത്താട്ടുകുളം ബൈബിള്‍ക്ലാസ്സിന്റെ ആഭിമുഖ്യത്തില്‍ കെ. റ്റി. ജേക്കബ് മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ ആരംഭിച്ച അറുപത്തിരണ്ടാമത് കൂത്താട്ടുകുളം സുവിശേഷ മഹായോഗം ) ഓര്‍ത്തഡോക്സ് സിറിയന്‍ ക്രിസ്ത്യന്‍ കണ്‍വന്‍ഷന്‍) ഉദ്ഘാടനം ചെയ്തു് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

സുഖലോലുപതയോടുള്ള ഹരം ആഗോളവല്‍ക്കരണത്തിന്റെ കൂടി ഫലമായി അടുത്തകാലത്തു് വര്‍ദ്ധിച്ചിരിയ്ക്കുന്നു. സുഖസൗകര്യങ്ങള്‍ നേടുകയെന്നതു് ജീവിതത്തിന്റെ കേന്ദ്രലക്ഷ്യവും ഉള്ളടക്കവുമായി മാറിയിരിയ്ക്കുന്നു. സുഖാനുഭവങ്ങള്‍‍ക്കു് വേണ്ടിയാണു് ജീവിക്കുന്നതെങ്കില്‍ ദൈവം നല്കുന്ന ആത്മീയ ആനന്ദവും സുഖവും ലഭിയ്ക്കുകയില്ല. ഭൗതീകമായ സുഖാനുഭവങ്ങള്‍‍ക്കു് സമയത്തിന്റെ പരിധിയുണ്ടു്. കാലാതീതമായ വേദപുസ്തക സന്ദേശങ്ങളെ കാലാനുസൃതമായി അവതരിപ്പിയ്ക്കുകയാണു് സുവിശേഷ പ്രഘോഷണത്തിലൂടെ സഭ ഐറ്റെടുക്കുന്നതെന്നു് അദ്ദേഹം വ്യക്തമാക്കി.

ഫാ ഫിലിപ്പ് തരകന്‍
തലമുറകളുടെ ആര്‍ത്തികളും ആസക്തികളും നിയന്ത്രിയ്ക്കാന്‍ വിളിയ്ക്കപ്പെട്ടവരാണു് മാതാപിതാക്കളെന്നു് തുടര്‍ന്നു് വചന ശുശ്രൂഷ നിര്‍വ്വഹിച്ച റവ. ഫാ ഫിലിപ്പ് തരകന്‍ തേവലക്കര പറഞ്ഞു.മക്കളുടെ തെറ്റുകളെ ന്യായീകരിയ്ക്കുകയും ശരിവയ്ക്കുകയും ചെയ്യരുതു്.ആഗ്രഹങ്ങളെ ആത്മാവുകൊണ്ടു് നിയന്ത്രിയ്ക്കുവാനും ജീവിതത്തെ അനശ്വരതയിലേയ്ക്കു് നയിയ്ക്കുവാനുമുള്ള മാര്‍ഗമായി നോമ്പിനെ കാണണം.

വ്യാഴാഴ്ച ഫാ.വറുഗീസ് വറുഗീസ് വചനശുശ്രൂഷ നടത്തും. വെള്ളിയാഴ്ച ഫാ. സജി അമയിലും ശനിയാഴ്ച ബിജു വി പന്തപ്ലാവും ഞായറാഴ്ച ഫാ മോഹന്‍ ജോസഫും വചനശുശ്രൂഷ നിര്‍വഹിയ്ക്കും.1948-ല്‍ ബൈബിള്‍‍ ക്ലാസ്സിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച കൂത്താട്ടുകുളം ഓര്‍‍ത്തഡോക്സ് സിറിയന്‍ ബൈബിള്‍ കണ്‍‍വൻഷന്റെ അറുപത്തിരണ്ടാമതു് വര്‍ഷത്തെ സമ്മേളനമാണു് ഇത്തവണത്തേതു്.

ഫാ.മാത്യുസ് ചെമ്മനാപ്പാടം, ഫാ. ജോണ്‍ വി.ജോണ്‍, ഫാ. മാത്യൂസ് എബ്രാഹം, ഫാ. ജോയി കടുകുംമാക്കില്‍, ഫാ. ഷിബുകുര്യന്‍, ഫാ. സൈമണ്‍ വറുഗീസ്, ജോസഫ് ജോര്‍ജ് കളത്തില്‍, ബിജു പാറത്തോട്ടയില്‍ എന്നിവരാണു് കണ്‍വന്‍ഷനു് നേതൃത്വം നല്‍‍കുന്നതു്‍. എം എസ് ജോണിന്റെ നേതൃത്വത്തിലുള്ള ഗായകസംഘമാണു് ഗാനങ്ങള്‍ ആലപിയ്ക്കുന്നതു്.

20120314

പഴന്തോട്ടം പള്ളിയും പൂട്ടി


കോലഞ്ചേരി: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ അങ്കമാലി ഭദ്രാസനത്തില്‍പ്പെട്ട പഴന്തോട്ടം സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളി മലങ്കര സഭയുടെ 1934-ലെ ഭരണഘടനപ്രകാരം ഭരിക്കപ്പെടണമെന്നാവശ്യപ്പെട്ട്‌ ഓര്‍ത്തഡോക്‌സ് വിഭാഗം നല്‍കിയ കേസ്‌ സെക്ഷന്‍ 92 പ്രകാരമുള്ള പ്രാതിനിധ്യ സ്വഭാവമില്ലെന്നു് ചൂണ്ടിക്കാട്ടി ഹൈക്കോടതി തള്ളി. ഓര്‍ത്തഡോക്‌സ് വിഭാഗം സമര്‍പ്പിച്ച ഹര്‍ജി സാങ്കേതികമായി നിലനില്‍ക്കുന്നതല്ലെന്ന്‌ കോടതി നിരീക്ഷിച്ചു. പള്ളിക്കോടതി വിധിക്കെതിരേ യാക്കോബായ വിഭാഗത്തിന്റെ അപ്പീല്‍ സ്വീകരിച്ചാണ്‌ ഒറിജിനല്‍ ഹര്‍ജി തള്ളിക്കൊണ്ടുള്ള ജസ്‌റ്റിസ്‌ പി. ഭവദാസന്റെ ഉത്തരവ്‌.

ഇതോടെ 1996-ലെ അഡീഷണല്‍ ജില്ലാ കോടതി (പള്ളിക്കോടതി) വിധി അപ്രസക്‌തമായി. തല്‍സ്‌ഥിതി തുടരണമെന്നാവശ്യപ്പെട്ട്‌ ഓര്‍ത്തഡോക്‌സ് വിഭാഗം ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും ആവശ്യം നിരാകരിച്ചു. മാര്‍ച്ച് 9-നാണീ വാര്‍ത്തയുണ്ടായതു്.

വിമത യാക്കോബായ കയ്യേറ്റം

ഹൈക്കോടതി ഉത്തരവോടെ പള്ളി സംബന്ധിച്ച്‌ ഒരു വിധി കോടതി ഉത്തരവും നിലവിലില്ലെന്നു് പറഞ്ഞു് പിറ്റേന്നു് മാര്‍ച്ച് 10നു് പഴന്തോട്ടം സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളിയില്‍ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി വിഭാഗസഭയിലെ കുര്യാക്കോസ്‌ മാര്‍ യൗസേബിയോസ്‌ മെത്രാന്റെ നേതൃത്വത്തില്‍ കുര്‍ബാന നടത്തി. വിമത മെത്രാന്മാരായ കുര്യാക്കോസ്‌ മാര്‍ തെയോഫിലോസ്‌, മാത്യൂസ്‌ മോര്‍ അഫ്രേം, ഏലിയാസ്‌ മോര്‍ അത്താനാസിയോസ്‌, സഖറിയാ മാര്‍ പോളി കാര്‍പ്പോസ്‌, മാത്യൂസ്‌ മോര്‍ അന്തിമോസ്‌ എന്നിവരും അനേകം വൈദികരും ആളുകളും കുര്‍ബാനയില്‍ സംബന്ധിച്ചു.

പള്ളിയിലെ തര്‍ക്കം പരിഹരിക്കാന്‍ കളക്ടര്‍ ഇരു വിഭാഗത്തെയും മാര്‍ച്ച് 10നു് 3.30 ന് ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. ചര്‍ച്ചയില്‍ തീരുമാനം ഉണ്ടായില്ല. പള്ളി ഏഴു ദിവസത്തേക്ക് പൂട്ടി.

അറുപത്തിരണ്ടാമതു് കൂത്താട്ടുകുളം ബൈബിള്‍ കണ്‍‍വൻഷന്‍ മാര്‍‍ച്ച് 14 മുതല്‍ 18 വരെ


കൂത്താട്ടുകുളം : കൂത്താട്ടുകുളം ഓര്‍‍ത്തഡോക്സ് സിറിയന്‍ ബൈബിള്‍ കണ്‍‍വൻഷന്‍ 2012 മാര്‍‍ച്ച് 14 ബുധനാഴ്ച മുതല്‍18 ഞായറാഴ്ച വരെ കൂത്താട്ടുകുളം കെ റ്റി ജേക്കബ് ടൗണ്‍ ഹാളില്‍ വച്ചു് നടത്തും. ദിവസവും സന്ധ്യയ്ക്കു് 6.30 മുതല്‍ 8.55 വരെ നടക്കുന്ന കണ്‍വന്‍ഷന്‍ മാര്‍‍ച്ച് 14 ബുധനാഴ്ച കണ്ടനാട്‌ ഈസ്റ്റ്‌ ഭദ്രാസനാധിപന്‍ ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്ത ഉദ്‌ഘാടനം ചെയ്യും.

ആദ്യദിവസമായ 14നു് ഫാ ഫിലിപ്പ് തരകന്‍ തേവലക്കരയും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഫാ.വറുഗീസ് വറുഗീസ്, ഫാ. സജി അമയില്‍, ബിജു വി പന്തപ്ലാവ്, ഫാ മോഹന്‍ ജോസഫ്തുടങ്ങിയവരും വചനശുശ്രൂഷ നിര്‍വഹിയ്ക്കും.1948-ല്‍ ബൈബിള്‍‍ ക്ലാസ്സിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച കൂത്താട്ടുകുളം ഓര്‍‍ത്തഡോക്സ് സിറിയന്‍ ബൈബിള്‍ കണ്‍‍വൻഷന്റെ അറുപത്തിരണ്ടാമതു് വര്‍ഷത്തെ സമ്മേളനമാണു് ഇത്തവണത്തേതെന്നു് പ്രസിഡന്റ് ഫാ.മാത്യൂസ് ചെമ്മനാപ്പാടം, ഫാ.ജോണ്‍ വി ജോണ്‍ ജോസഫ് ജോര്‍‍ജ് എന്നിവര്‍ അറിയിച്ചു.







20120311

മണ്ണത്തൂര്‍ മാര്‍ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് സ്റ്റഡി സെന്റര്‍ കൂദാശ ചെയ്തു



കൂത്താട്ടുകുളം- കണ്ടനാടു് ഈസ്റ്റ് ഭദ്രാസനത്തിന്റെ കീഴിലുള്ള മണ്ണത്തൂര്‍ മാര്‍ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് സ്റ്റഡി സെന്ററിന്റെ ഒന്നാം ഘട്ട കൂദാശയും സമര്‍പ്പണവും മാര്‍ച്ച് 8 വ്യാഴാഴ്ച കണ്ടനാടു് വെസ്റ്റ് ഭദ്രാസനത്തിന്റെ ഡോ മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെയും അമേരിക്കയുടെ സക്കറിയാസ് മാര്‍ നിക്കോലാവോസ് മെത്രാപ്പോലീത്തയുടെയും അങ്കമാലിയുടെ യുഹാനോന്‍ മാര്‍ പോളികാര്‍പ്പസ് മെത്രാപ്പോലീത്തയുടെയും കണ്ടനാടു് ഈസ്റ്റ് ഭദ്രാസനത്തിന്റെ ഡോ.തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെയും പ്രധാന കാര്‍മികത്വത്തിലും അനവധി കോറെപ്പിസ്കോപ്പമാരുടെയും കശീശമാരുടെയും സഹകാര്‍മികത്വത്തിലുമായി നടന്നു. തുടര്‍ന്നു് കണ്ടനാടു് ഈസ്റ്റ് ഭദ്രാസനത്തിന്റെ ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ അ‍ദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനം ഡോ മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. യുഹാനോന്‍ മാര്‍ പോളികാര്‍പ്പസ് മെത്രാപ്പോലീത്ത താക്കോല്‍ ദാനം നിര്‍വഹിച്ചു.
മണ്ണത്തൂര്‍-വാളിയപ്പാടം റോഡിലാണു് പരുമല കൊച്ചു തിരുമേനിയുടെ നാമധേയത്തിലുള്ള പഠനകേന്ദ്രം.

20120307

ഫാ. ഡോ. ജോണ്‍സ്‌ എബ്രഹാം കോനാട്ട്‌ വൈദിക ട്രസ്‌റ്റി


പത്തനംതിട്ട, മാര്‍ച്ച് 7: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ വൈദിക ട്രസ്‌റ്റിയായി ഫാ. ഡോ. ജോണ്‍സ്‌ എബ്രഹാം കോനാട്ടിനെയും അല്‍മായ ട്രസ്‌റ്റിയായി എം. ജി. ജോര്‍ജ്‌ മുത്തൂറ്റിനെയും വീണ്ടും തിരഞ്ഞെടുത്തു.

പത്തനംതിട്ടയില്‍ നടന്ന മലങ്കര സുറിയാനി ക്രിസ്‌ത്യാനി അസോസിയേഷന്‍ പ്രതിനിധികളുടെ യോഗം വോട്ടെടുപ്പിലൂടെയാണ്‌ ഇവരെ തിരഞ്ഞെടുത്തത്‌.

20120306

പിറവം ഉപതിരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്നു് സഭാംഗങ്ങള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കില്ല

മൂവാറ്റുപുഴ, മാര്‍ച്ച് 6: പിറവം നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നത്‌ സംബന്ധിച്ച്‌ സഭാംഗങ്ങള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കില്ലെന്ന്‌ ഓര്‍ത്തഡോക്‌സ് സഭ കണ്ടനാട്‌ ഭദ്രാസനാധിപന്‍ ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌. ഒരു പാര്‍ട്ടിക്കും വോട്ട്‌ ചെയ്യാന്‍ സഭ ആവശ്യപ്പെടില്ല. പൗരന്മാരുടെ അവകാശത്തില്‍ സഭ ഇടപെടില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ അത്താനാസിയോസ് പറഞ്ഞു.

വോട്ടവകാശം പൌരാവകാശമാണ്, പൌരധര്‍മ്മവുമാണ്. അതു വിനയോഗിക്കുന്നതില്‍ സഭ ഇടപെടാറില്ല. പിറവം ഉപതിരഞ്ഞെടുപ്പില്‍ ദേശീയ സംസ്ഥാന പ്രശ്‌നങ്ങളല്ല ചര്‍ച്ച ചെയ്യുന്നത്. മറിച്ച് പിറവത്തെ പ്രാദേശിക വിഷയങ്ങള്‍ക്കാണ് പ്രാധാന്യം. ആരാണ് അതിന് ഉത്തമമെന്ന് ആളുകള്‍ക്ക് നിര്‍ണയിക്കാന്‍ കഴിയും. സഭാപ്രശ്നം സംബന്ധിച്ച് ആര് എന്ത് ചെയ്തു, ചെയ്യാതിരുന്നു, നീതി കിട്ടുന്നതു സംബന്ധിച്ച് എന്നീ കാര്യങ്ങളൊക്കെ വിശ്വാസികള്‍ക്ക് അറിയാം. കോലഞ്ചേരി പള്ളി പ്രശ്നം തീര്‍ക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഉപസമിതിയുടെ പ്രവര്‍ത്തനം വിഫലമായിരുന്നുവെന്നും അഭിവന്ദ്യ മെത്രാപ്പോലീത്ത പറഞ്ഞു.മനസ്സാക്ഷിക്കനുസരിച്ച് വോട്ടുചെയ്യാന്‍ സഭാ വിശ്വാസികള്‍ക്ക് അവകാശമുണ്ടെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എം.എ. ബേബി ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിന് മെത്രാപ്പോലീത്തയെ സന്ദര്‍ശിച്ച് മടങ്ങിയ ശേഷം മൂവാറ്റുപുഴയില്‍ ഭദ്രാസന അസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.എം.എ. ബേബിക്കൊപ്പം ബാബു എം. പാലിശ്ശേരി എംഎല്‍എയും ഉണ്ടായിരുന്നു. അര മണിക്കൂറിലേറെ മെത്രാപ്പോലീത്തയുമായി സംഭാഷണം നടത്തി.

രാഷ്ട്രീയ ചര്‍ച്ചയ്ക്ക് വന്നതല്ലെന്നും വെറും സൗഹൃദ സന്ദര്‍ശനം മാത്രമായിരുന്നുവെന്നും എം.എ. ബേബി പറഞ്ഞു.
ചിരകാല പരിചയം പുതുക്കലിന്റെ മധുരനിമിഷങ്ങളായി ആ കൂടിക്കാഴ്ച. ഉച്ചയ്ക്ക് എം.എ. ബേബി കണ്ടനാട് ഈസ്റ് ഭദ്രാസന ആസ്ഥാനത്ത് എത്തി. അരമനയിലെ ഹാളിലിരുന്ന് അവര്‍ സംസാരിക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ചുറ്റുമുണ്ടായിരുന്നു. 'ഞങ്ങള്‍ പഴയ പരിചയക്കാരാണ്. പരിചയം പുതുക്കാനാണ് അദ്ദേഹം വന്നത്. ഇവിടെയുള്ളപ്പോള്‍ വരാനും സംസാരിക്കാനും അവസരമാകകും-കൂടിക്കാഴ്ചയ്ക്കു ശേഷം മെത്രാപ്പോലീത്ത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സഭാപ്രവര്‍ത്തനങ്ങലെ കുറിച്ചാണ് സംസാരം തുടങ്ങിയത്. ഇടയ്ക്ക് സഭാതര്‍ക്കവും കടന്നുവന്നു. മെത്രാപ്പോലീത്ത തന്നെയാണ് വിഷയം എടുത്തിട്ടതും. "ഇത്തരം പ്രശ്നങ്ങള്‍ കൊണ്ടുതന്നെ പൊതുസമൂഹത്തിനു വേണ്ടിയുള്ളപ്രവര്‍ത്തനങ്ങളില്‍ വേണ്ടവിധം ശ്രദ്ധിക്കാന്‍ കഴിയുന്നില്ല. കോടതിവിധി ഉണ്ടായിട്ടും ഒന്നും നടക്കുന്നില്ല. ഭരണകൂടം ഒന്നും ചെയ്യുന്നില്ല. ഒന്നും ചെയ്യാന്‍ ആരും ഇല്ലാത്ത അവസ്ഥ''-അദ്ദേഹത്തിന്റെ വാക്കുകളില്‍ ദുഃഖം കലര്‍ന്നു. സഭയുടെ അനുബന്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മെത്രാപ്പോലീത്ത വിവരിച്ചു. ഡോ. തോമസ് ഐസക്കിനെക്കുറിച്ചും അദ്ദേഹം എം.എ. ബേബിയോട് അന്വേഷിച്ചു

.

20120303

സ്വവര്‍ഗ്ഗരതി നിയമവിധേയമാക്കരുത്: പരിശുദ്ധ പിതാവു്


കോട്ടയം,മാര്‍ച്ച് 3: പൌരസ്ത്യ സംസ്കാരത്തിന്റെ ശക്തമായ അടിത്തറയായി വര്‍ത്തിക്കുന്ന കുടുംബബന്ധങ്ങളെ അപ്രസക്തമാക്കുവാന്‍ ഇടയുള്ള ഒരു നടപടി എന്ന നിലയില്‍ സ്വവര്‍ഗ്ഗരതിയെ പ്രോത്സാഹിപ്പിക്കാന്‍ ആവില്ലെന്നും അത് നിയമവിധേയമാക്കുവാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്നും ഓര്‍ത്തഡോക്സ് പൗരസ്ത്യ സഭയുടെ പരമാദ്ധ്യക്ഷനായ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവാ ആവശ്യപ്പെട്ടു.